ഇന്ത്യയെ വെള്ളം കുടിപ്പിച്ചവൻ; ഏഷ്യൻ മണ്ണിൽ ചരിത്രംകുറിച്ച് ഇംഗ്ലണ്ടിന്റെ ഒറ്റയാൾ പോരാളി
Cricket
ഇന്ത്യയെ വെള്ളം കുടിപ്പിച്ചവൻ; ഏഷ്യൻ മണ്ണിൽ ചരിത്രംകുറിച്ച് ഇംഗ്ലണ്ടിന്റെ ഒറ്റയാൾ പോരാളി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 12:05 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ മികച്ച ലീഡിലേക്കാണ് ഇംഗ്ലണ്ട് നീങ്ങികൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

278 പന്തില്‍ 196 റണ്‍സാണ് താരം നേടിയത്. 21 ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു പോപ്പിന്റെ തകര്‍പ്പന്‍ പ്രകടനം. ഡബിള്‍ സെഞ്ച്വറിക്ക് നാല് റണ്‍സകലെ ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗഡായാണ് താരം പുറത്തായത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ നിരവധി റെക്കോഡുകളാണ് ഒല്ലി പോപ്പ് സ്വന്തമാക്കിയത്. ഏഷ്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ സെക്കന്‍ഡ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരം എന്ന നേട്ടമാണ് ഒല്ലി പോപ്പ് സ്വന്തമാക്കിയത്. 2012ല്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന മത്സരത്തില്‍ അലിസ്റ്റര്‍ കുക്ക് നേടിയ 173 റണ്‍സാണ് പോപ്പ് മറികടന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 150+ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരവും പോപ്പ് ആണ്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും പോപ്പ് സ്വന്തമാക്കി. 2018 മുതല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പോപ്പ് സ്വന്തം പേരിലാക്കി മാറ്റിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ശ്രീലങ്കന്‍ താരം ദിമുത് കരുണരാത്‌നെ ആയിരുന്നു. ബെംഗളൂരുവില്‍ വെച്ച് നടന്ന മത്സരത്തില്‍ 107 റണ്‍സ് ആണ് ലങ്കന്‍ താരം നേടിയത്.

മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 436 റണ്‍സിനു മുകളില്‍ 126 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് കണ്ടെത്തിയത്. നാലാം ദിവസം കളി പുനരാരംഭിക്കുമ്പോള്‍ 148 റണ്‍സായിരുന്നു പോപ്പ് നേടിയിരുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മുന്നോട്ടു നയിക്കുകയായിരുന്നു പോപ്പ്.

Content Highlight: Ollie Pope create a new record.