| Saturday, 7th September 2024, 7:56 am

ചരിത്രത്തിലെ ആദ്യ താരം; ഏഴ് രാജ്യങ്ങളെയും അടിച്ചുതകര്‍ത്ത ഇംഗ്ലണ്ട് ക്യാപ്റ്റന് ലോകറെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക-ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ ഒന്നാം ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചത്. 103 പന്തില്‍ 103 റണ്‍സാണ് പോപ്പ് നേടിയത്. 13 ഫോറുകളും രണ്ട് സിക്‌സുമാണ് ഇംഗ്ലീഷ് നായകന്‍ നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പോപ്പ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏഴ് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ആദ്യ ഏഴ് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോപ്പ് സ്വന്തമാക്കിയത്.

2020ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് പോപ്പ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. ഗകെബെർഹ നടന്ന മത്സരത്തില്‍ പുറത്താവാതെ 135 റണ്‍സായിരുന്നു പോപ്പ് നേടിയത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ന്യൂസിലാന്‍ഡിനെതിരെയും പോപ്പ് സെഞ്ച്വറി നേടി.

നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ 145 റണ്‍സാണ് താരം നേടിയത്. അതേവര്‍ഷം തന്നെ റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ പോപ്പ് മൂന്നാം സെഞ്ച്വറി യും നേടി. 108 റണ്‍സാണ് താരം നേടിയത്.

2023ല്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ പോപ്പ് തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടി. 205 റണ്‍സാണ് ഇംഗ്ലണ്ട് താരം അയര്‍ലാന്‍ഡിനെതിരെ നേടിയത്.

ഈ വര്‍ഷമാദ്യം ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു പോപ്പിന്റെ അഞ്ചാം സെഞ്ച്വറി പിറന്നത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 195 റണ്‍സാണ് താരം നേടിയത്.

പിന്നീട് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 121 റണ്‍സും നേടി. ഇപ്പോള്‍ ശ്രീലങ്കക്കെതിരെയും താരം നൂറ് കടന്നത്തോടെയാണ് പോപ്പ് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

മത്സരത്തില്‍ ഒല്ലി പോപ്പിന് പുറമെ ഓപ്പണര്‍ ബെന്‍ ഡക്ക്‌ലെറ്റ് 79 പന്തില്‍ 86 റണ്‍സും നേടി നിര്‍ണായകമായി. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുമാണ് താരം നേടിയത്. ശ്രീലങ്കയുടെ ബൗളിങ്ങില്‍ ലഹിരു കുമാര രണ്ട് വിക്കറ്റും മിലന്‍ രത്നായകെ ഒരു വിക്കറ്റും നേടി.

അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരവും വിജയിച്ചുകൊണ്ട് സ്വന്തം തട്ടകത്തില്‍ സമ്പൂര്‍ണ ആധിപത്യത്തോടെ പരമ്പര അവസാനിപ്പിക്കാനാവും ഒല്ലി പോപ്പും സംഘവും ഇറങ്ങുന്നത്. മറുഭാഗത്ത് അവസാന മത്സരം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും ശ്രീലങ്ക ലക്ഷ്യം വെക്കുക.

Content Highlight: Ollie Pope Create a Historical Achievement in Test

We use cookies to give you the best possible experience. Learn more