സ്‌റ്റോക്‌സിന്റെ ചിറകറ്റു, ബാസ്‌ബോളിന്റെ രാജകുമാരന്‍ പുറത്ത്; തോല്‍വിയില്‍ തളര്‍ന്ന ഇംഗ്ലണ്ടിന് അടുത്ത തിരിച്ചടി
THE ASHES
സ്‌റ്റോക്‌സിന്റെ ചിറകറ്റു, ബാസ്‌ബോളിന്റെ രാജകുമാരന്‍ പുറത്ത്; തോല്‍വിയില്‍ തളര്‍ന്ന ഇംഗ്ലണ്ടിന് അടുത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th July 2023, 1:31 pm

ഇംഗ്ലണ്ട് സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ ഒലി പോപ്പിന് ആഷസിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തോളെല്ലിനേറ്റ പരിക്കാണ് താരത്തെ പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്നും പിന്നോട്ട് വലിച്ചിരിക്കുന്നത്.

തോളെല്ലിന് സാരമായി പരിക്കേറ്റ പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ തോളെല്ല് സ്ഥാനം തെറ്റി നില്‍ക്കുകയാണെന്നും പൂര്‍വ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. താരം ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനായേക്കും.

 

 

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഓസീസിന്റെ ആദ്യ ഇന്നിങ്‌സിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കും വെച്ചുകൊണ്ട് താരം രണ്ട് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സ് നേടിയ പോപ്പ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സാണ് നേടിയത്.

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒലി പോപ്പ് ഫീല്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഫീല്‍ഡ് ചെയ്യാനിറങ്ങാത്ത പക്ഷം ഏഴാം നമ്പറിന് മുകളില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കില്ല എന്ന ഒഫീഷ്യല്‍സിന്റെ പിടിവാശി കാരണമാണ് താരം ഫീല്‍ഡിങ്ങിനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് താരത്തിന്റെ പരിക്ക് കൂടുതല്‍ വഷളാക്കുകയായിരുന്നു.

 

 

 

 

ജൂലൈ ആറിനാണ് ആഷസ് പരമ്പരയിലെ മൂന്നാം മത്സരം. ഹെഡിങ്‌ലി ഓവലാണ് വേദി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസീസ് 2-0ന് മുമ്പിലാണ്. എഡ്ജ്ബാസ്റ്റണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ഓസീസ് ലോര്‍ഡ്‌സില്‍ 43 റണ്‍സിനാണ് വിജയം പിടിച്ചടക്കിയത്.

പരമ്പരയില്‍ ഇനിയുള്ള മൂന്ന് മത്സരത്തില്‍ ഒന്നില്‍ വിജയിച്ചാലോ, ശേഷിക്കുന്ന മൂന്ന് മത്സരവും സമനിലയില്‍ കലാശിച്ചാലോ ഓസ്‌ട്രേലിയക്ക് ആഷസ് സ്വന്തമാക്കാം. എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ പൂര്‍ണമായും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ആഷസ് സ്വന്തമാക്കാന്‍ സാധിക്കൂ.

 

Content highlight: Olli Pope ruled out from Ashes