| Friday, 28th May 2021, 5:20 pm

ന്യായാധിപ സമൂഹം ഒന്നടങ്കം അപഹാസത്തിലേക്ക് തരംതാഴ്ത്തപ്പെട്ടു; നാരദ അഴിമതി കേസില്‍ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നാരദ അഴിമതി കേസ് പരിഗണിക്കുന്ന കാര്യത്തില്‍ സഹപ്രവര്‍ത്തകരായ ജഡ്ജിമാരുടെ നടപടിയെ വിമര്‍ശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ്. വിഷയത്തില്‍ ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് ഉചിതമല്ലാത്ത പെരുമാറ്റം ഉണ്ടായതായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അരിന്ദം സിന്‍ഹ പറഞ്ഞു.

മുതിര്‍ന്ന ജഡ്ജിമാര്‍ക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ദാലുള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്കാണ് സിന്‍ഹ കത്തെഴുതിയത്.

‘നാരദ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തെറ്റായി റിട്ട് ഹരജി പട്ടികയില്‍ പെടുത്തിയതിനാലാണ് സിംഗിള്‍ ജഡ്ജ് ബെഞ്ചില്‍ നിന്നും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലേക്ക് കേസ് മാറിയത്. കേസില്‍ ജഡ്ജിമാരുടെ പെരുമാറ്റം ഹൈക്കോടതി അനുശാസിക്കുന്ന രീതികള്‍ക്ക് പൊരുത്തപ്പെടാനാകാത്തതാണ്. ന്യായാധിപ സമൂഹം ഒന്നടങ്കം അപഹാസത്തിലേക്ക് തരംതാഴ്ത്തപ്പെട്ടു,’ ജസ്റ്റിസ് സിന്‍ഹ കത്തില്‍ പറഞ്ഞു.

അതേസമയം, നാരദ കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. പശ്ചിമ ബംഗളിലെ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.

ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എം.പി.മാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എം.എല്‍.എക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS:  Calcatta High Court  judge against co-judges in Narada corruption case

We use cookies to give you the best possible experience. Learn more