സ്‌നോഡന്റെ ജീവിതം സിനിമയാക്കുന്നു
Daily News
സ്‌നോഡന്റെ ജീവിതം സിനിമയാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th June 2014, 12:50 pm

[] ലണ്ടന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നെന്ന വെളിപ്പെടുത്തിയ മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്റെ ജീവിതം സിനിമയാക്കുന്നു. ഓസ്‌കര്‍ ജേതാവ് ഒലിവര്‍ സ്‌റ്റോണ്‍ ആണ് സ്‌നോഡന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

സ്‌നോഡന്‍ ഫയല്‍സ്: ദി ഇന്‍സൈഡ് സ്‌റ്റോറി ഓഫ് ദി വേള്‍ഡ്‌സ് മോസ്റ്റ് വാണ്ടഡ് മാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പത്രപ്രവര്‍ത്തകന്‍ ലൂക് ഹാര്‍ഡിങ് ആണ് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രചന നിര്‍വഹിക്കുന്നത്.

ഈ കാലഘട്ടത്തിലെ ഏററവും മഹത്തായ കഥകളിലൊന്നാണ് ഇത്. ശരിക്കും വെല്ലുവിളി നിറഞ്ഞത്. ഗാര്‍ഡിയന്‍ ഒപ്പം കൂടിയതില്‍ ഏറെ സന്തോഷവുമുണ്ട്-സ്‌റ്റോണ്‍ പറഞ്ഞു. സ്‌റ്റോണും അദ്ദേഹത്തിന്റെ നിര്‍മാണ പങ്കാളി മോര്‍ടിസ് ബോര്‍മാനും ചേര്‍ന്ന് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി.

2013 ജൂണിലാണ് എന്‍.എസ്.എയില്‍ കോണ്‍ട്രാക്ടറായിരിക്കെ അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍് സ്‌നോഡന്‍ നടത്തിയത്. മുപ്പത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്‌നോഡനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. റഷ്യയില്‍ താല്‍ക്കാലികമായി അഭയാര്‍ഥിയായി കഴിയുന്ന അദ്ദേഹം മാതൃരാജ്യമായ അമേരിക്കയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.