| Sunday, 17th July 2022, 6:42 pm

ലെവ പോയത് നന്നായി, ഞങ്ങള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്; താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിച്ചതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ഒലിവര്‍ ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഫുട്‌ബോളിലെ ഏറ്റവും മികച്ച ട്രാന്‍ഫറുകളിലൊന്നായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ കൂടുമാറ്റം നടന്നത്. ബുണ്ടസ് ലീഗ ടീമായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സയിലേക്കാണ് താരം കൂടുമാറിയത്.

താരത്തിന്റെ കൂടുമാറ്റത്തെ ചൊല്ലി ഒരുപാട് വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. ബയേണില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ താരം അറിയിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളതിനാല്‍ അദ്ദേഹത്തെ വിട്ട് നല്‍കാന്‍ ടീമിന് താല്‍പര്യമില്ലായിരുന്നു.

ബാഴ്‌സക്ക് വേണ്ടി കളിക്കാനാണ് താല്‍പര്യമെന്നായിരുന്നു ലെവ പറഞ്ഞത്. ഒടുവില്‍ അദ്ദേഹത്തെ ബാഴ്‌സ തന്നെ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ ടീമിന്റെ സ്റ്റാര്‍ സ്ട്രൈക്കറെ ബാഴ്സലോണക്ക് വിട്ടുകൊടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക് സി.ഇ.ഒയും മുന്‍ താരവുമായിരുന്ന ഒലിവര്‍ ഖാന്‍. പോളണ്ട് താരത്തെ വിട്ടുകൊടുക്കാന്‍ താല്പര്യമില്ലെന്നാണ് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളുടെ തുടക്കത്തില്‍ ബയേണ്‍ പറഞ്ഞത്.

തുടക്കത്തില്‍ ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ട്രാന്‍സ്ഫര്‍ ഫീസ് സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് 45 മില്യണ്‍ തുടക്കത്തിലും അഞ്ച് മില്യണ്‍ ആഡ് ഓണുകളും ചേര്‍ത്തുള്ള കരാറിലാണ് ലെവന്‍ഡോസ്‌കി ബാഴ്സയില്‍ എത്തിയത്.

ബാഴ്‌സലോണ ഓഫര്‍ ചെയ്ത തുകയ്ക്ക് ലെവയെ കൊടുക്കുന്നത് ഉചിതമായ കാര്യമായി തോന്നിയെന്നും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നല്ല ഇടപെടലുകള്‍ നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘അവസാനം ബാഴ്സലോണ ഓഫര്‍ ചെയ്ത തുകക്ക് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ വില്‍ക്കുന്നത് ഞങ്ങള്‍ക്ക് ഉചിതമായ കാര്യമായി തോന്നി. അതിനു പുറമെ ഞങ്ങള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിജയകരമായ ഇടപെടല്‍ നടത്തുകയും ലോകോത്തര താരമായ സാദിയോ മാനെയെ സ്വന്തമാക്കുകയും ചെയ്തു,’ ഖാന്‍ പറഞ്ഞു.

ക്ലബ്ബിന് വേണ്ടി ഏറ്റവും മികച്ചത് നേടിയെടുക്കുകയാണ് ഏറ്റവും വലിയ കാര്യം. ലെവയെ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു.

‘ബയേണിനു വേണ്ടി ഏറ്റവും മികച്ചത് നേടിയെടുക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. ഞങ്ങള്‍ കരുത്തോടു കൂടി ഡ്രൈവിങ് സീറ്റില്‍ തന്നെ ഉണ്ടായിരുന്നു. അവസാനം ലെന്‍ഡോസ്‌കിക്ക് ക്ലബ് വിടാനുള്ള അനുവാദം നല്‍കുകയാണ് നല്ലതെന്നു തോന്നി,’ ബില്‍ഡിനോട് ഒലിവര്‍ ഖാന്‍ പറഞ്ഞു.

ലെവന്‍ഡോസ്‌കിക്ക് പകരക്കാരനെ കണ്ടെത്താന്‍ ബയേണ്‍ മ്യൂണിക്ക് ശ്രമിക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കി. നിലവിലെ സ്‌ക്വാഡ് വളരെ മികച്ചതാണെങ്കിലും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ബയേണ്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ടീമിനെ കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Oliver Khan says why he agreed to Lewandoski to leave Bayern Munich

We use cookies to give you the best possible experience. Learn more