ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നാണ് മെസി vs റൊണാള്‍ഡോ. ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. മെസിയും റോണോയും നേര്‍ക്കുനേര്‍ വന്ന ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.
ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.
ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍. ബ്രസീലിയന്‍ ഇതിഹാ താരം റൊണാള്‍ഡോ നസാരിയോ ആണ് മെസിയേക്കാളും റൊണാള്‍ഡോയെക്കാളും മികച്ച താരമെന്നാണ് ഖാന്‍ അഭിപ്രായപ്പെടുന്നത്.
എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഒലിവര്‍ ഖാന്‍ ആര്‍9ന്റെ പേര് തെരഞ്ഞെടുത്തത്. മുന്‍ ബയേണ്‍ ഷോട്ട് സ്‌റ്റോപ്പറുടെ വാക്കുകളെ ഉദ്ധരിച്ച് ടി.എന്‍.ടി സ്‌പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘എന്നെ സംബന്ധിച്ച് അവന്‍ (റൊണാള്‍ഡോ നസാരിയോ) മെസിയെക്കാളും റൊണാള്‍ഡോയെക്കാളും മികച്ച താരമാണ്,’ ഒലിവര്‍ ഖാന്‍ പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കുന്ന പേരാണ് റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ ഇടിമിന്നലായി ഗോള്‍വല കുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്നമായിരുന്നു.
ക്ലബ്ബ് തലത്തില്‍ സ്‌പെയ്‌നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്‌പെയ്‌നില്‍ ബാഴ്‌സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഫുട്ബോള്‍ ചരിത്രത്തിലെ പ്രധാന ടീമുകള്‍ക്കും അവരുടെ ചിരവൈരികള്‍ക്കുമായി പന്തു തട്ടിയ റൊണാള്‍ഡോയെ ഈ നാല് ക്ലബ്ബിന്റെയും ആരാധകര്‍ ഒരു പോലെ ഇഷ്ടപ്പെടുന്നു എന്നതാണ് അദ്ദേഹത്തെ കൂടുതല്‍ മികച്ചതാക്കുന്നത്.
ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിനായി 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീലിയന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ത്തു. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.
Content highlight: Oliver Khan picks Ronaldo Nazario as the greatest player of all time