ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയുടെ 73ാം എഡിഷനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് വിജയിച്ചിരുന്നു. രണ്ട് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം.
പല മികച്ച മുഹൂര്‍ത്തങ്ങള്‍ക്കും ആദ്യ ടെസ്റ്റ് സാക്ഷ്യം വഹിച്ചിരുന്നു. പരമ്പരയുടെ ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ടിന്റെ ധീരമായ തീരുമാനവും ഉസ്മാന്‍ ഖവാജയുടെയുടെയും ജോ റൂട്ടിന്റെയും മികച്ച ഇന്നിങ്‌സുകളും ഓസീസിനെ വിജയിപ്പിച്ച ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ചെറുത്തുനില്‍പും എല്ലാം ഇതില്‍ ഉള്‍പ്പെടും.
ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ തന്ത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്‍വേര്‍ട്ടഡ് അംബ്രല്ല ഫീല്‍ഡിങ്ങൊരുക്കിയാണ് സ്റ്റോക്‌സ് ഖവാജയെ മടക്കിയത്. ഒലി റോബിന്‍സണ്‍ നേടിയ വിക്കറ്റും അതിന് ശേഷമുള്ള സെലിബ്രേഷനും ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഇതിനെല്ലാം പുറമെ പുതിയ വാദവുമായി എത്തിയിരിക്കുകയാണ് റോബിന്‍സണ്‍. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ അല്ല, തങ്ങളാണ് വിജയിച്ചത് എന്നതായിരുന്നു റോബിന്‍സണിന്റെ വാദം. വിഡ്‌സണിലെഴുതിയ അദ്ദേഹത്തിന്റെ ആര്‍ട്ടിക്കിളിനെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഓസ്‌ട്രേലിയ ഒരിക്കല്‍പ്പോലും കളിയിലേ ഉണ്ടായിരുന്നില്ല. അവര്‍ പ്രതിരോധത്തിലായിരുന്നു. ഞങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ മുട്ടാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
തുടക്കത്തില്‍ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിരുന്നു. പക്ഷേ കൂടുതല്‍ മൂവ്‌മെന്റുള്ള ഒരു പിച്ചാണ് ലഭിച്ചതെങ്കില്‍ കാര്യങ്ങള്‍ ഞങ്ങളുടെ വരുതിയില്‍ വരുമായിരുന്നു.
ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കിയതും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്തതും നമ്മളാണെന്നും അതുകൊണ്ട് യഥാര്‍ത്ഥ വിജയികള്‍ ഇംഗ്ലണ്ടാണെന്നും ബ്രണ്ടന്‍ മക്കെല്ലം പറഞ്ഞിരുന്നു,’ ആര്‍ട്ടിക്കിളില്‍ റോബിന്‍സണ്‍ എഴുതി.
എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് കയ്യലിരിക്കെ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ‘ക്യാപ്റ്റന്‍സ് ഇന്നിങ്‌സ്’ പുറത്തെടുത്തതോടെയാണ് വിജയം ഓസീസിനൊപ്പം നിന്നത്.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഓസീസ് 1-0ന് മുമ്പിലാണ്. ജൂണ്‍ 28നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ലോര്‍ഡ്‌സാണ് വേദി.
Content Highlight: Olie Robison wit a bizarre claim about England vs Australia 1st test