| Tuesday, 27th October 2020, 4:37 pm

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ നൗഫല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

സെപ്തംബര്‍ അഞ്ചിന് അര്‍ധരാത്രിയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് 47 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ 94 സാക്ഷികളാണ് നിലവിലുള്ളത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. യുവതിയെ പീഡനത്തിനിരയാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷമാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

തുടര്‍ന്ന് പ്രതിയായ നൗഫലിനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമണിന്റെ നേതൃത്വത്തില്‍ അടൂര്‍ ഡി.വൈ.എസ്.പി ആര്‍. ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Police submitted charge sheet in court in the case where ambulance driver sexually attacked covid patient

We use cookies to give you the best possible experience. Learn more