| Monday, 10th April 2023, 11:59 am

സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിസ്‌കാരം നടത്തിയെന്ന് പരാതി; യു.പിയില്‍ 28 മുസ്‌ലിങ്ങള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖിംപൂര്‍ ഖേരി: നിസ്‌കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിച്ച 28 മുസ്‌ലിങ്ങള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. കലാപ ശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ലഖിംപൂര്‍ ഖേരിയിലെ കാശിറാം മേഖലയിലെ സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ചു കയറി ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തിയെന്ന് ആരോപിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് രാംഗോപാല്‍ പാണ്ഡെ എന്നയാള്‍ സര്‍ദാര്‍ കോട്‌വാലി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിസ്‌കാരത്തിനായി സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നും ഇത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് രാംഗോപാല്‍ പാണ്ഡെ പറയുന്നത്.

‘കാശിറാം കോളനിയില്‍ ഗവണ്‍മെന്റ് പണിത കുട്ടികള്‍ക്കായുള്ള ഒരു സ്‌കൂള്‍ ഉണ്ട്. ചില പ്രത്യേക വിശ്വാസത്തില്‍ പെട്ട ആളുകള്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്കായി അവിടെ അതിക്രമിച്ചു കയറി. അവര്‍ ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം,’ പാണ്ഡെ പറഞ്ഞു.

മുഹമ്മദ് ആദില്‍, ജുമ്മാന്‍ ഖാന്‍, നിഷ ഖാന്‍ എന്നിവര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത 25 പേര്‍ക്കുമെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 447, 147, 298 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചതായും കേസില്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സര്‍ദാര്‍ സന്ദീപ് സിങ് പറഞ്ഞു. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Content Highlights: Police registered a case against 28 Muslims who entered a government place to pray

We use cookies to give you the best possible experience. Learn more