ബീഡി നിര്‍മാണത്തിന്റെ പേരില്‍ ഹാന്‍സ് ഫാക്ടറി; വേങ്ങരയില്‍ നാല് പേര്‍ പിടിയില്‍
Kerala News
ബീഡി നിര്‍മാണത്തിന്റെ പേരില്‍ ഹാന്‍സ് ഫാക്ടറി; വേങ്ങരയില്‍ നാല് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 5:46 pm

മലപ്പുറം: നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി നടത്തിയ നാല് പേര്‍ പൊലീസ് പിടിയില്‍. മലപ്പുറം വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തില്‍ ഫാക്ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പൊലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര വലിയോറ സ്വദേശി അഫ്‌സല്‍(30), തിരൂരങ്ങാടി എ.ആര്‍. നഗര്‍ സ്വദേശി മുഹമ്മദ് സുഹൈല്‍(25), ദല്‍ഹി സ്വദേശി അസ്‌ലം(23) എന്നിവരാണ് ജില്ല ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് പിടികൂടിയത്.

ബീഡി നിര്‍മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസയുടെ പേരില്‍ പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്.

ഹാന്‍സ് നിര്‍മാണ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്നാണെന്നാണ് പൊലീസിന്റെ നിഗമനം. മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Police have arrested four people for running Hans’ fake factory