ചാവക്കാട് നൗഷാദിന്റെ കൊലപാതകം; മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
Kerala News
ചാവക്കാട് നൗഷാദിന്റെ കൊലപാതകം; മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 11:29 pm

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്ന കേസിലെ മുഖ്യ പ്രതിയും എസ്.ഡി.പി.ഐ നേതാവുമായ ജമാല്‍ പിടിയിലായി. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് അറസ്റ്റിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍.

സംഭവത്തിന് ശേഷം ഒളിവില്‍പോയ ജമാല്‍ പൊള്ളാച്ചി, മധുര,കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കേസില്‍ ആകെ 20 പ്രതികളാണുളളത്. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീര്‍, മറ്റ് പ്രതികളായ ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പകയാണ് കൊലയ്ക്കുള്ള കാരണമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചാവക്കാട്ടെ എസ്.ഡി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്നും പ്രതികളില്‍ ഒരാളായ മുബീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. മുന്‍പും നൗഷാദിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നെന്നും മുബീന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂലൈ 30-നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്നതിനെച്ചൊല്ലി ഏറെ വിവാദം ഉണ്ടായിരുന്നു. പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും എസ്.ഡി.പി.ഐയുടെ പേര് പറഞ്ഞെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യഘട്ടത്തില്‍ അതു പറഞ്ഞില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികരിച്ചതെന്നും പിന്നീടാണു ജില്ലാ നേതൃത്വത്തില്‍ നിന്നും പൊലീസില്‍ നിന്നും പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ചോര മണക്കുന്ന കഠാരയും വര്‍ഗീയവിഷവുമായി നില്‍ക്കുന്ന എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ എസ്.ഡി.പി.ഐയെ പേരെടുത്തുപറഞ്ഞ് ആക്രമിച്ചിരുന്നു.

കൊന്നത് എസ്.ഡി.പി.ഐയാണെന്ന് ഉറക്കെ പറയണമെന്നും നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആരോപിച്ചിരുന്നു.

DoolNews Video