Advertisement
Football
ലേറ്റായാലും ലേറ്റസ്റ്റാണ്; ഒറ്റ ഗോളിൽ പിറന്നത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 22, 09:21 am
Monday, 22nd January 2024, 2:51 pm

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡ്-വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടികൊണ്ട് ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു.

മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനായി സമനില ഗോള്‍ നേടിയത് ഒലി മക്ബര്‍ണിയായിരുന്നു. മത്സരത്തിന്റെ നിശ്ചിതസമയവും കഴിഞ്ഞ് ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു മക്ബര്‍ണി ഷെഫീല്‍ഡ് യുണൈറ്റഡിനായി സമനില ഗോള്‍ നേടിയത്.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മക്ബര്‍ണിയെ തേടിയെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും അവസാനത്തെ മിനിട്ടില്‍ നേടുന്ന ഗോള്‍ എന്ന റെക്കോഡിലേക്കാണ് മക്ബര്‍ണിയും ഷെഫീല്‍ഡ് യുണൈറ്റഡും നടന്നുകയറിയത്.

ഇതിന് മുമ്പ് 2011-12 സീസണില്‍ ആഴ്സണിലിനെതിരെ ലിവര്‍പൂളിന്റെ ഡച്ച് താരം ഡിര്‍ക്ക് കുയ്റ്റ് നേടിയ ഗോളായിരുന്നു ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലെ ലേറ്റ് ഗോളായി രേഖപ്പെടുത്തിയിരുന്നത്. മത്സരത്തില്‍ 90+11 മിനിട്ടില്‍ ആയിരുന്നു ഡച്ച് താരത്തിന്റെ ഗോള്‍ പിറന്നത്. നീണ്ട 13 വര്‍ഷത്തെ റെക്കോഡാണ് മക്ബര്‍ണി തകര്‍ത്തത്.

ഷെഫീല്‍ഡ് യൂണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ബ്രമാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28ാം മിനിട്ടില്‍ മാക്സ്‌വെല്‍ കോര്‍നെറ്റിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 44ാം മിനിട്ടില്‍ ബെന്‍ ബ്രെറെടോണ്‍ ഡയസിലൂടെ ആതിഥേയര്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജെയിംസ് വാര്‍ഡ് പ്രൗസ് സന്ദര്‍ശകരെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മക്ബര്‍ണിയിലൂടെ ആതിഥേയര്‍ സമനില പിടിക്കുകയായിരുന്നു.

സമനിലയോടെ 21 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി ആറാം സ്ഥാനത്താണ് വെസ്റ്റ് ഹാം അതേസമയം 21 മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുമായി അവസാനസ്ഥാനത്താണ് ഷെഫീല്‍ഡ് യുണൈറ്റഡ്.

Content Highlight: Oli McBurnie create a new record in English Premiere League.