”നമുക്കില്ലാത്ത ചിറകുകള്‍ കുതിരകള്‍ നമുക്ക് നല്‍കുന്നു” ഒലി അമന്‍ ജോധ എന്ന പതിനാലുകാരിയുടെ ചിറകു മാത്രമല്ല സ്വപ്‌നവും ശക്തിയും ജീവിതവുമൊക്കെ കുതിരകളാണ്. ഇന്ത്യയിലെ ആദ്യത്തെ ലേഡി ഫാരിയറാണ് വയനാട് അമ്പലവയലുകാരിയായ ഒലി അമന്‍ ജോധ എന്ന ഈ മിടുക്കി.
മൂന്നര വയസ്സിലാണ് അമന്‍ ചാന്ദ് എന്ന കുതിര ഒലിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അമ്മ അമിയതാജ് സമ്മാനിച്ച ‘അമന്‍’ പിന്നീട് ഒലിയുടെ ജീവിതത്തിന് പുതിയ ദിശ നല്‍കി.
നാലാം വയസ്സില്‍ത്തന്നെ കുതിര സവാരി തുടങ്ങിയ അമന്‍ ഒന്‍പതാം വയസ്സിലാണ് ലാടം അടിച്ചു തുടങ്ങിയത്.
തന്റെ കുതിരക്ക് ലാടനടിക്കാനായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആള്‍ ലാടനടിക്കുന്നതിടെ കുതിരയ്ക്ക് മുറിവുണ്ടാവുകയും അത് മാറാന്‍ ഏറെ നാളുകളെടുക്കുകയും ചെയ്തു. ഈ ഒരു കാര്യം ഒലിയെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് എന്തുകൊണ്ട് തനിക്ക് ലാടം നിര്‍മ്മിച്ചൂടാ എന്ന ചിന്തയില്‍ എത്തിയത്. ലാടം അടിക്കുക എന്നത് ആണ്‍കുട്ടികളെക്കൊണ്ടു മാത്രമേ ചെയ്യാന്‍ പറ്റൂ എന്ന ധാരണ പൊതുവെ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ലാടം അടിക്കാന്‍ പഠിക്കാന്‍ കുറച്ചേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡൂള്‍ ന്യൂസുമായി നടത്തിയ സംഭാഷണത്തില്‍ ഒലി പറഞ്ഞു.
കുടുംബ സുഹൃത്തും ഊട്ടി കല്ലാറിലെ ഫോറസ്റ്റ് ഗാര്‍ഡുമായ സുകുമാരനില്‍ നിന്നുമാണ് ലാടം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആദ്യ പാഠങ്ങള്‍ ഒലി പഠിക്കുന്നത്. ഇദ്ദേഹമാണ് ഒലിയെ സവാരി പഠിപ്പിച്ചതും. പിന്നീട് നേപ്പാളിലെ കൊഹല്‍ പൂരില്‍ നിന്ന് താജ്ഖാനില്‍ നിന്നുമാണ് ലാടം ഉണ്ടാക്കാനും കുതിരകളെ അണിയിക്കാനും കൂടുതലായി പഠിക്കുന്നത്. കുതിരകളെ ലാടം അണിയിക്കുമ്പോള്‍ ഒട്ടും പരിഭ്രമം തോന്നിയിരുന്നില്ലെന്നും സ്‌നേഹത്തോടെയും കരുതലോടെയും ചെയ്താല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ഒലി പറയുന്നു.
കുതിരകളോട് ഉള്ള തന്റെ താല്പര്യം തിരിച്ചറിഞ്ഞ ഒലി പിന്നീട് തിരിഞ്ഞു നോക്കിയില്ല. കുതിര വേഗത്തില്‍ കുതിരകള്‍ക്കൊപ്പമുള്ള ജീവിതം ഓടിത്തുടങ്ങി.
കുതിരകള്‍ക്ക് ലാടം അടിക്കുന്നതിനു മുന്നെ അവയെ സ്‌നേഹത്തോടെ മെരുക്കിയെടുക്കണം. അവയെ ഇണക്കിയെടുത്താല്‍ ഒരു പ്രശനവും ഇല്ലെന്ന് ഒലി പറയുന്നു. കാളകളെയൊക്കെ കിടത്തി ലാടം അടിക്കുമ്പോള്‍ കുതിരകളെ നിര്‍ത്തിയാണ് ലാടം അടിക്കുക. അതിന്റെ ഭാരംനമ്മള്‍ താങ്ങേണ്ടി വരും. കിടത്തി ലാടംഅടിക്കുമ്പോള്‍ കുതിരകള്‍ക്ക് രക്ത സമ്മര്‍ദ്ദം കൂടി ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ട്.
ഈ ചെറിയ വയസ്സിനുള്ളില്‍ ഏതാണ്ട് നൂറിലധികം കുതിരകള്‍ക്ക് ലാടം അടിച്ചു കൊടുത്തിട്ടുണ്ട് ഒലി, ഒരു തുള്ളി ചോരപോലും കിനിയാതെ. അത്രമാത്രം കരുതലോടെയാണ് ഓരോ കുതിരക്കും ഒലി ലാടം അടിച്ചു കൊടുക്കുന്നത്. ഒലിക്ക് കുതിരകള്‍ അത്രമാത്രം പ്രിയപ്പെട്ടതാണ്. ഒരുവട്ടം തന്റെ അടുത്ത് ലാടം അടിക്കാനെത്തുന്ന കുതിരകള്‍ വീണ്ടും തന്റെ അടുത്തു തന്നെ വരാറുണ്ടെന്ന് ഒലി പറയുന്നു.
ലാടം അടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍. നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ച പോലും കുതിരകളുടെ മരണത്തിനു വരെ കാരണമായേക്കാം. ഒരു മാസംകൊണ്ട് ലാടം മാറ്റണം കൂടുതല്‍ ജോലി ചെയ്യുന്ന കുതിരകളാണെങ്കില്‍ 15 ദിവസത്തിനുള്ളില്‍ മാറ്റണം- ഒലി പറയുന്നു.
കുതിര പ്രണയത്തോടൊപ്പം തേനിച്ചകളെയും ഏറെ ഇഷ്ടമാണ് ഒലിക്ക്. 2017 ല്‍ തേനീച്ച വളര്‍ത്തലില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘ കുതിരയും തേനീച്ചകളുമാണ് എന്റെ ജീവിതം. കുതിരകളോടും തേനിച്ചകളോടും എന്തോ വല്ലാത്ത ഇഷ്ടമാണ്’ ഒലി പറയുന്നു.
വീട്ടില്‍ കളരിയുണ്ടായിരുന്നു. ഔഷധ കളരിയിലേക്ക് തേന്‍ വേണമായിരുന്നു. അതിനു വേണ്ടി തേനീച്ച വളര്‍ത്തല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ചെറുപ്പം തൊട്ടുതന്നെ തേനീച്ച വളര്‍ത്തലിനോട് താല്പര്യമായിരുന്നു. ഒരു ദിവസം തേനീച്ചക്കൂട്ടിന്റെ അടുത്ത് ചെന്നുനിന്നപ്പോള്‍ തേനീച്ചയുടെ കുത്ത് കിട്ടി. ആദ്യത്തെ കുത്തിന്റെ മധുരത്തില്‍ നിന്നാണ് പിന്നെ തുടങ്ങിയത്’-ഒലി പറഞ്ഞു.
ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്തീരാജില്‍ എപ്പിക്കള്‍ച്ചറില്‍ റിസോഴ്‌സ് പേഴ്‌സണായി ജോലി ചെയ്യുകയാണ് ഒലി ഇപ്പോള്‍. സ്വാമിനാഥന്‍ റിസേഴ്‌സ്ച്ച് ഫൗണ്ടേഷനില്‍ എപ്പിക്കള്‍ച്ചറില്‍ ഗവേഷണവും നടത്തുന്നുണ്ട്.
ഒന്നാം ക്ലാസ്സില്‍ വച്ച് ഔപചാരികമായ വിദ്യാഭ്യാസം അവസാനിപ്പിച്ച ഒലി വിദൂര വിദ്യാഭ്യാസം വഴിയാണ് പിന്നീട് പഠിച്ചത്. ‘ നാല് മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഉള്ള വിദ്യാഭ്യാസത്തോട് എനിക്ക് താല്പര്യമില്ല. എല്ലാം അറിഞ്ഞു പഠിക്കണം ഒന്നും അറിയാത്ത രീതിയിലുള്ള വിദ്യാഭ്യാസംകൊണ്ട് കാര്യമില്ല” -ഒലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”കുതിരകളോട് നമ്മള്‍ കൂടുതല്‍ കരുതലും സ്‌നേഹവും കാണിക്കണം. എന്തിനാണ് അവയെ ഉപദ്രവിക്കുന്നത്. കുതിര പ്രാന്തന്മാര്‍ എന്നു പറഞ്ഞ് നടക്കുന്ന പലരും കുതിരകള്‍ക്ക് പ്രശ്‌നം വന്നാല്‍ തിരിഞ്ഞു നോക്കാത്ത സാഹചര്യം കണ്ടു വരുന്നുണ്ട്. പിന്നെ വെറുതെ എന്തിനാണ് കുതിര പ്രാന്തന്മാരാണ് എന്നു പറഞ്ഞു നടക്കുന്നത്.
കേരളത്തില്‍ പലയിടങ്ങളിലും കുതിരകളെ ഉപദ്രവിക്കുന്നത് കണ്ടുവരുന്നുണ്ട്. ഇതൊക്കെ അവസാനിപ്പിക്കണം” ഒലി ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു ഹോഴ്‌സ് ജോക്കി ആവുക എന്നതാണ് ഒലിയുടെ സ്വപ്‌നം. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ഒലി. പക്ഷേ, ഒരുപാട് ചെലവ് വരുന്ന ഈ കോഴ്‌സ് ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൂടിയെ പറ്റൂ. ഹോഴ്‌സ് ജോക്കി ആവുക എന്നതിനൊപ്പം തന്നെ ഇകൈവന്‍ കോഴ്‌സ് ചെയ്ത് കുതിരകള്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നതും ഒലിയുടെ ആഗ്രഹമാണ്.
സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാനായ ഡോക്ടര്‍ ബി ബാലകൃഷ്ണന്‍, ഹോഴ്‌സ് ട്രൈനര്‍ ഫെന്നിഫിലിപ്പ്, സാക്കിര്‍ അലി തുടങ്ങി നിരവധി പേര്‍ തനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് ഒലി പറഞ്ഞു. യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ നിന്നുള്ള ഒലി അമന്‍ ജോധയ്ക്ക് ഉമ്മയുടേയും അമ്മാവന്റേയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ