| Monday, 21st August 2023, 1:38 pm

'വെളിച്ചം കൂടെയുണ്ടായിരുന്നു'; കിരീട നേട്ടത്തിന് പിന്നാലെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയയിലെ സിഡ്നിയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്പെയിന്‍ ഫിഫ ലോക കിരീടം നേടിയിരുന്നു. 29ാം മിനിട്ടില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഏക ഗോളിലാണ് സ്‌പെയിന്‍ ഫിഫ ലോകകിരീട നേട്ടം.

എന്നാല്‍ മത്സരത്തിന് ശേഷം ഓള്‍ഗയെ തേടിയെത്തിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയാണ്. ദീര്‍ഘ നാളായി അസുഖബാധിതനായിരുന്ന ഓള്‍ഗയുടെ പിതാവ് ജോസ് വെര്‍ഡാസ്‌കോ വെള്ളിയാഴ്ചയാണ് മരിച്ചത്. ഓള്‍ഗ വേള്‍ഡ് കപ്പ് ഫൈനല്‍ തയ്യാറെടുപ്പിലായിരുന്നതിനാല്‍ താരത്തെ വിവരം അറിയിച്ചിരുന്നില്ല. സ്‌പെയ്‌നിന്റെ കിരീട നേട്ടത്തിന് പിന്നാലെ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് ഓള്‍ഗയെ വിവരമറിയിച്ചത്.

‘കളി തുടങ്ങും മുമ്പ് എന്റെ വെളിച്ചം കൂടെയുണ്ടായിരുന്നു. എനിക്ക് ജയിക്കാനുള്ള ശക്തി നല്‍കിയത് നിങ്ങളാണ്. ഈ രാത്രി നിങ്ങളെന്നെ കാണുന്നുണ്ടാകും, എന്നെക്കുറിച്ച് അഭിമാനിക്കും. സമാധാനത്തില്‍ വിശ്രമിക്കൂ,’ മത്സരശേഷം ഓര്‍ഗ കാര്‍മോണ കുറിച്ചു.

അതേസമയം, ലോകകപ്പിലെ സ്‌പെയ്‌നിന്റെ രണ്ടാം കിരീടവും വനിതാ ലോകകപ്പിലെ രാജ്യത്തിന്റെ കന്നി കിരീടവുമാണിത്. ഇതോടെ വനിതകളുടെയും പുരുഷന്മാരുടെയും ലോകകപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമാകാന്‍ സ്‌പെയ്നിനായി. ജര്‍മനിയാണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ടീം.

ആവേശകരമായ ഫൈനലില്‍ 58 ശതമാനവും പന്ത് കയ്യടക്കിവെച്ചത് സ്‌പെയ്‌നായിരുന്നു. സ്‌പെയ്ന്‍ 13 ഷോട്ടുകള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തപ്പോള്‍ ഇംഗ്ലണ്ട് എട്ട് ഷോട്ടുകളെടുത്തു. സ്‌പെയ്‌നിന്റേതായി അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റേതായി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് വന്നു.

സ്പെയ്നിന്റെ ഐറ്റാന ബോണ്‍മതി മികച്ച കളിക്കാരിക്കുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരം നേടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ മേരി ഇയര്‍പ്സിനാണ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌ക്കാരവും സ്വന്തമാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ജപ്പാന്റെ ഹിനത മിയാസാവക്കാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

Content Highlights: Olga Carmona’s father has unfortunately died just hours after the World Cup final

We use cookies to give you the best possible experience. Learn more