കൊച്ചി: കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്. റിലീസിംഗ് സൂണ്‍ എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നു.
ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഇതിന് പിന്നാലെ പോസ്റ്ററിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഏറെ ഹിറ്റായ ബ്രേക്കിംഗ് ബാഡ് എന്ന വെബ് സീരിസിന്റെ സമാനമായ ഒരു പോസ്റ്റര്‍ ഓണ്‍ലൈനില്‍ വൈറലാവുകയും പോസ്റ്റര്‍ മോഷ്ടിച്ചതാണെന്ന ആരോപണം ഉയരുകയും ചെയ്തു.
ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ ഫാന്‍ മേഡ് പോസ്റ്റര്‍ ആയിരുന്നു ഇതെങ്കിലും ചിലര്‍ സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു.
ഇപ്പോഴിതാ പോസ്റ്റര്‍ വിവാദത്തില്‍ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഡിസൈനര്‍ കമ്പനിയായ ഓള്‍ഡ്‌മോങ്ക്‌സ്. പോസ്റ്റര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ലൊക്കേഷന്‍ ചിത്രം ഓള്‍ഡ് മോങ്ക്‌സ് പുറത്തുവിട്ടു.
‘ആദ്യത്തേത് ലൊക്കേഷന്‍ സ്റ്റില്‍. രണ്ടാമത്തേത് ഓള്‍ഡ്‌മോങ്ക്‌സ് പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഞങ്ങളെക്കാള്‍ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റര്‍, കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരന്മാര്‍ക്ക് പ്രണാമം’ എന്നാണ് ഓള്‍ഡ്‌മോങ്ക്‌സിന്റെ പ്രതികരണം.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Oldmonks Design’ responds to allegations that Mammootty movie priest poster is a copy of ‘Breaking Bad’ series