| Saturday, 31st December 2022, 8:48 am

വണ്ടി എപ്പോഴും പതുക്കെ ഓടിക്കണം; പന്തിന്റെ അപകടത്തിന് പിന്നാലെ വൈറലായി 2019ലെ ശിഖര്‍ ധവാന്റെ ഉപദേശം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് ലോകത്തെ നടുക്കിക്കൊണ്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് അപകടത്തില്‍പ്പെട്ടത്. താരം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയും കത്തി നശിക്കുകയുമായിരുന്നു.

താരത്തിന്റെ തലയിലും കാലിലും പരിക്കുണ്ട്. പുറം ഭാഗത്ത് പൊള്ളലേറ്റിട്ടുമുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ പന്തിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

താരത്തിന്റെ തിരിച്ചുവരവിനായി ക്രിക്കറ്റ് ലോകമൊന്നാകെ പ്രാര്‍ത്ഥിക്കുന്നതിനിടെ പന്തിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2019 ഐ.പി.എല്ലിനിടയിലെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ശിഖര്‍ ധവാനും റിഷബ് പന്തും സംസാരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ ഇരുവരും ഒരുമിച്ച് കളിക്കുമ്പോഴുള്ള വീഡിയോ ആണിത്.

എനിക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദേശം തരാനുണ്ടോ എന്ന് പന്ത് ധവാനോട് ചോദിക്കുമ്പോള്‍ ഗാഡി ആരാം സേ ചലായാ കര്‍ (വണ്ടി എപ്പോഴും പതുക്കെ ഓടിക്കണം) എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് ധവാന്‍ പറയുന്നത്. ധവാന്റെ വാക്കുകള്‍ കേട്ട് ഉത്തരം മുട്ടി നില്‍ക്കുന്ന പന്തിനെയും വീഡിയോയില്‍ കാണാം.

2022 സീസണ് മുന്നോടിയായി ശിഖര്‍ ധവാന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിടുകയും പഞ്ചാബ് കിങ്‌സിനൊപ്പം ചേരുകയും ചെയ്തിരുന്നു.

ദല്‍ഹി ഡെറാഡൂണ്‍ അതിവേഗ പാതയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ന് ആയിരുന്നു അപകടം. ജന്മസ്ഥലമായ റൂര്‍ക്കിയില്‍ അമ്മയെ കണ്ടശേഷം മടങ്ങുമ്പോള്‍ ഹരിദ്വാര്‍ ജില്ലയിലെ മാംഗല്ലൂര്‍ പ്രദേശത്താണ് അപകടമുണ്ടായത്.

ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് പന്ത് മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

അപകടത്തിനുശേഷം 300 മീറ്ററോളം കാര്‍ മുന്നോട്ടു പോയി. സംഭവം കണ്ട ഹരിയാന സര്‍ക്കാര്‍ ബസിലെ ജീവനക്കാരാണ് പന്തിനെ ആശുപത്രിയിലെത്തിച്ചത്.

അദ്ദേഹത്തിന്റെ നെറ്റിയില്‍ 2 മുറിവും വലതു കൈ മുട്ടിലും കൈപ്പത്തിയിലും പൊട്ടലുമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനുവരി മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കുള്ള ടീമില്‍ പന്ത് ഇടം നേടിയിട്ടില്ല. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനു ചേരാനിരിക്കെയാണ് അപകടം.

Content Highlight: Old video of Rishabh Pant and Shikhar Dhawan goes Viral

We use cookies to give you the best possible experience. Learn more