ടി-20 പുരുഷ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. പ്രാദേശിക ടീമിനോട് ആദ്യ കളിയില്‍ ജയിച്ചും രണ്ടാം കളിയില്‍ പരാജയപ്പെട്ടും ഇന്ത്യ അല്ലറചില്ലറ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒക്ടോബര്‍ 16നാണ് ലോകകപ്പിലെ ആദ്യ മാച്ച്. മുന്‍ ലോകകപ്പുകളും ഓരോ മാച്ചിലെയും മറക്കാനാകാത്ത നിമിഷങ്ങളുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ക്രിക്കറ്റ് ആരാധകരിപ്പോള്‍.
2007ലെ ആദ്യ ടി-20 ലോകകപ്പിലെ കിരീടനേട്ടം മുതല്‍ ഇതുവരെയുള്ള ഇന്ത്യയുടെ പെര്‍ഫോമന്‍സുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലുണ്ട്. അതിനൊപ്പം അക്കാലത്തെ വിവാദങ്ങളും വെളിപ്പെടുത്തലുകളും ഓര്‍മകള്‍ അയവിറക്കുന്നവര്‍ കുത്തിപ്പൊക്കുന്നുണ്ട്.
അക്കൂട്ടത്തില്‍ അധികം ആരും അറിയാതെ പോയ ചില കാര്യങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നുണ്ട്. അതിലൊന്നാണ് ആദ്യ ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരങ്ങളായ സച്ചിനും ഗാംഗുലിയും വിട്ടുനിന്നതിന്റെ കാരണം.
ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡാണ് അന്ന് സഹതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടും സൗരവ് ഗാംഗുലിയോടും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് മുന്‍ കോച്ചായ ലാല്‍ചന്ദ് രജ്പുത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. യുവതാരങ്ങളടങ്ങിയ സ്‌ക്വാഡുമായിട്ടായിരുന്നു അന്ന് ഇന്ത്യ കപ്പടിച്ചത്.
‘രാഹുല്‍ ദ്രാവിഡാണ് സച്ചിനെയും ഗാംഗുലിയെയും 2007ലെ ടി-20 ലോകകപ്പ് കളിക്കുന്നതില്‍ നിന്നും തടഞ്ഞത് എന്നത് ശരിയാണ്. അന്ന് ഇംഗ്ലണ്ട് പരമ്പരയെ നയിച്ചിരുന്നത് രാഹുലായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും പലരും നേരിട്ടായിരുന്നു ലോകകപ്പ് വേദിയായിരുന്ന ജൊഹന്നാസ്‌ബെര്‍ഗിലെത്തിയത്. ഈ സാഹചര്യത്തില്‍ യുവതലമുറക്ക് അവസരം കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു,’ എന്നായിരുന്നു ലാല്‍ചന്ദ് രജ്പുതിന്റെ വാക്കുകള്‍.
അടുത്തതായി ചര്‍ച്ചയാകുന്നത് റിട്ടയര്‍മെന്റിന് ശേഷം 2021ല്‍ മെന്ററായി എത്തിയ ധോണിയെ കുറിച്ചുള്ളതാണ്. മെന്ററാകാന്‍ ധോണി എത്ര രൂപ പ്രതിഫലം പറ്റിയെന്ന് അന്ന് ചോദ്യമുയര്‍ന്നിരുന്നു.
ഒരിക്കല്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ക്യാപ്റ്റന്‍ കൂള്‍ ഇന്ത്യന്‍ ടീമിനെ മെന്റര്‍ ചെയ്തതെന്നായിരുന്നു ഗാംഗുലി അന്ന് വ്യക്തമാക്കിയത്.
2012ലെ ഒരു ജേഴ്‌സിയും സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടപ്പുമുണ്ട്. ആ വര്‍ഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ബി.സി.സി.ഐ പുതിയ ജേഴ്‌സി അവതരിപ്പിച്ചു. വമ്പന്‍ പരിപാടിയില്‍ വെച്ചായിരുന്നു ജേഴ്‌സി ലോഞ്ച് ചെയ്തത്.
പക്ഷെ പിന്നീട് 2011ലെ ജേഴ്‌സി തന്നെ മതിയെന്ന് തീരുമാനിച്ച ബി.സി.സി.ഐ പുതിയ ജേഴ്‌സി പിന്‍വലിച്ചു. ലോഞ്ചിങ് പരിപാടിയിലല്ലാതെ മറ്റെവിടെയും പിന്നീട് ഈ ജേഴ്‌സിയെ ആരും കണ്ടില്ല. ഇതേ കുറിച്ച് വലിയ ചോദ്യമോ ഉത്തരമോ ഉണ്ടാവുകയും ചെയ്തില്ല.
ഇങ്ങനെ നിരവധി സംഭവങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.
Content Highlight: Old stories surfaces before T20 World Cup 2022