| Saturday, 12th April 2025, 4:40 pm

26 വര്‍ഷം മുമ്പ് മമ്മൂട്ടിയുടെ പടത്തില്‍ വന്ന പാട്ട്, ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'സുല്‍ത്താനാ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഇഷ്ടനടനെ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ സ്‌ക്രീനില്‍ ആദിക് അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി.

തമിഴില്‍ ഇപ്പോള്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന പഴയ പാട്ടുകളുടെ ഉപയോഗം ഗുഡ് ബാഡ് അഗ്ലിയിലും കാണാന്‍ സാധിക്കും. അധികം ഫേമസല്ലാത്ത പാട്ടുകള്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ കൈയടി കിട്ടുന്ന തരത്തില്‍ ചേര്‍ക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ച പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറുകയാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസും മലയാളി താരം പ്രിയ വാര്യറും ചേര്‍ന്ന് ചുവടുവെച്ച പാട്ടാണ് ‘തൊട്ട് തൊട്ട് പേസും സുല്‍ത്താനാ’. ഒറിജിനല്‍ വേര്‍ഷന്‍ അതേപടി പുതിയ രീതിയില്‍ പ്രസന്റ് ചെയ്ത പാട്ടിന് മികച്ച റെസ്‌പോണ്‍സാണ് തിയേറ്ററില്‍ ലഭിച്ചത്. ഈയൊരു പാട്ടിന് പിന്നാലെ പ്രിയ വാര്യറെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

1999ല്‍ പുറത്തിറങ്ങിയ എതിരും പുതിരും എന്ന തമിഴ് ചിത്രത്തിലെ പാട്ടാണ് ഇത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകനായി വേഷമിട്ടത്. ഈ പാട്ടിന് ചുവട് വെച്ചതാകട്ടെ രാജു സുന്ദരവും സിമ്രാനുമായിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന് ശേഷം ഈ പാട്ടിന്റെ വീഡിയോക്ക് താഴെ ഒരുപാട് പേര്‍ കമന്റുമായി വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വിന്റേജ് ഗാനം കൂടി ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ഇത് മാത്രമല്ല, വേറെയും നാല് പഴയ ഗാനങ്ങള്‍ ഗുഡ് ബാഡ് അഗ്ലിയില്‍ സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. നാട്ടു പുറപ്പാട് എന്ന ചിത്രത്തിലെ ‘ഒത്ത രൂപ താരേന്‍’, സകലകലാ വല്ലവനിലെ ‘ഇളമൈ ഇതോ ഇതോ’, മലേഷ്യന്‍ റാപ്പര്‍ ഡാര്‍ക്കിയുടെ ‘പുലി പുലി’ എന്നീ പാട്ടുകള്‍ ആരാധകര്‍ക്ക് കൈയടിക്കാന്‍ പാകത്തിനാണ് ആദിക് ഗുഡ് ബാഡ് അഗ്ലിയില്‍ ഉള്‍പ്പെടുത്തിയത്.

ലോകേഷ് കനകരാജാണ് തമിഴ് സിനിമയില്‍ ഇത്തരത്തില്‍ റെട്രോ പാട്ടുകളുടെ ട്രെന്‍ഡ് തുടങ്ങിവെച്ചത്. കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകളില്‍ അധികം ശ്രദ്ധ നേടാത്ത പഴയകാല ഗാനങ്ങള്‍ ഫൈറ്റ് സീക്വന്‍സില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിന്നീട് മറ്റ് പല സംവിധായകരും ഇതേ ട്രെന്‍ഡിന് പിന്നാലെ പോവുകയായിരുന്നു.

Content Highlight: Old song in Mammooty’s Ethirum Pathirum movie re used in Good Bad Ugly movie

We use cookies to give you the best possible experience. Learn more