national news
യു.പിയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികന് ക്രൂര മര്‍ദ്ദനം; താടി മുറിക്കുന്ന ദൃശ്യങ്ങളും പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 14, 03:47 pm
Monday, 14th June 2021, 9:17 pm

ന്യൂദല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

ജൂണ്‍ അഞ്ചിന് നടന്നെന്ന് പറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തിങ്കളാഴ്ചയാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നതിന്റെയും താടി കത്രിക കൊണ്ട് മുറിച്ചു കളയുന്നതിന്റെയും ജയ് ശ്രീറാം വിളിക്കാനായി നിര്‍ബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്.

സമദ് എന്ന വൃദ്ധനെയാണ് മര്‍ദ്ദിക്കുന്നത്. ഇയാള്‍ പാകിസ്ഥാന്‍ ചാരനാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു.

‘ഞാന്‍ നടന്നുവരികയായിരുന്നു. അപ്പോള്‍ എനിക്ക് ചിലര്‍ ലിഫ്റ്റ് തന്നു. രണ്ടു പേര്‍ കൂടി എന്നെ കയറ്റിയ ഓട്ടോറിക്ഷയിലേക്ക് കയറി. എന്നിട്ടവരെന്നെ ഒരു മുറിയില്‍ കൊണ്ടു വന്ന് പൂട്ടിയിട്ടു. അവരെന്നെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അവരെന്റെ മൊബൈല്‍ എടുത്തുകൊണ്ടു പോയി. എന്നിട്ട് അവര്‍ ഒരു കത്രികയെടുത്ത് എന്റെ താടി മുറിച്ചു,’ സമദ് പറഞ്ഞു.

മറ്റു മുസ്‌ലിങ്ങളെ ഒക്കെ ആക്രമിക്കുന്ന ചിത്രവും അവര്‍ തനിക്ക് കാണിച്ചു തന്നെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പര്‍വേഷ് ഗുജ്ജര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

അതേസമയം ഇന്ന് രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ അചല്‍പൂരില്‍ നിന്നുള്ള ബാബു ലാല്‍ ഭില്‍ എന്നയാളാണ് ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബാബു ലാലും മറ്റൊരാളും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വലിയൊരു ആള്‍ക്കൂട്ടം ഇവരുടെ വാഹനം തടയുകയും ഇയാളെ ബൈക്കില്‍ നിന്ന് വലിച്ച് പുറത്തിടുകയുമായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Old Muslim man  beaten for not calling Jai Sreeraam in UP