[] ഗൃഹാതുരതയെ പ്രേമിക്കുന്നവര്‍ക്ക് സന്തോഷിക്കാം. മുന്‍നിര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഏറ്റവും പഴയ മോഡലുകളെ വിപണിയില്‍ തിരിച്ചെത്തിക്കുവാനൊരുങ്ങുകയാണ്.
നോകിയ, എറിക്‌സണ്‍, മോട്ടറോള തുടങ്ങിയ കമ്പനികളാണ് പഴയ മോഡലുകളെ തിരികെ കൊണ്ടുവരാനൊരുങ്ങുന്നത്. മൊബൈല്‍ ഫോണുകളെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച നോകിയ 3310, മോട്ടറോള സ്റ്റാര്‍ടെക് 130 തുടങ്ങിയ ഇനം തന്നെയായിരിക്കും ഇവര്‍ വീണ്ടും വിപണിയിലെത്തിക്കുന്നത്.
പഴയ മോഡലുകളുടെ സെക്കന്റ് ഹാന്റ് ഫോണുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയതോടെയാണ് കമ്പനികള്‍ പഴയ മോഡലുകളിലേക്ക് തിരിയുന്നത്.
സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്ന വാട്‌സാപ്പും ഫേസ്ബുക്കും ഇന്റര്‍നെറ്റ് ബാങ്കിങുമൊന്നും നടക്കില്ലെങ്കിലും മര്യാദക്ക് ഫോണ്‍ വിളിക്കുവാനും എസ്.എം.എസ് അയക്കുവാനും കഴിഞ്ഞാല്‍ തന്നെ ധാരാളം എന്നാണ് പലര്‍ക്കും.
പഴയ ഫോണുകള്‍ തിരഞ്ഞു നടക്കുന്ന പലര്‍ക്കും ന്യൂജനറേഷന്‍ സ്മാര്‍ട്ട് ഫോണുകളെ കുറ്റം പറയാനേ നേരമുള്ളൂ. നിലത്തു വീണാല്‍ പണി കഴിഞ്ഞു, വെറുതെ കംപ്ലയിന്റ് ആകുക, ബാറ്ററി പെട്ടന്ന് തീര്‍ന്നു പോകുക..
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ രണ്ടാമത്തെ ഒരു ഫോണിനായി കടയിലെത്തുമ്പോള്‍ അന്വേഷിക്കുന്നത് ബേസിക് മോഡലുകളാണ്. മുമ്പ് ബേസിക് മോഡലുകള്‍ ഉപയോഗിച്ചിരുന്നവര്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ തേടിയും മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്.