|

ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ല; കോട്ടയം കളക്ട്രേറ്റില്‍ വൃദ്ധന്റെ ആത്മഹത്യാശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടയം കളക്ട്രേറ്റില്‍ 71 വയസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആര്‍പ്പൂക്കര സ്വദേശി ഏറത്ത് വീട്ടില്‍ ഇ. പി വര്‍ഗീസാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു പുറമെ ക്ഷേമനിധി പെന്‍ഷന്‍കൂടി മുടങ്ങിയതോടെയാണ് വര്‍ഗീസ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്ന് വര്‍ഗീസ് പറയുന്നു. പെന്‍ഷന്‍ തുകയായി 60,000 രൂപയോളം കിട്ടാനുണ്ടെന്നും ഇതു ലഭിക്കാനായി ദിവസങ്ങളോളം പഞ്ചായത്ത് ഓഫീസിലും, കളക്ട്രേറ്റിലും നടക്കുകയായിരുന്നു എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ഇന്നു രാവിലെ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി കളക്ട്രേറ്റില്‍ എത്തിയ വര്‍ഗീസ് സന്ദര്‍ശക മുറിയില്‍ വച്ചു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.