| Saturday, 27th January 2024, 1:48 pm

ആ ലിജോ ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു; വാലിബന് പിന്നാലെ ചര്‍ച്ചയായി പൃഥ്വിരാജിന്റെ വാക്കുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ മോഹൻലാലും പുതിയകാലത്തെ മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ലിജോയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. കഥ പറച്ചിലിലും മേക്കിങ്ങിലും മറ്റൊരു രീതി ഉപയോഗിച്ചപ്പോൾ ഭൂരിഭാഗം വരുന്ന പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമ പരാജയപ്പെട്ടു എന്നാണ് പൊതു അഭിപ്രായം.

എന്നാൽ വാലിബന്റെ പ്രേക്ഷക അഭിപ്രായം കാണുമ്പോൾ തീർച്ചയായും ഓർക്കേണ്ട മറ്റൊരു സിനിമ കൂടിയുണ്ട്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങി ബോക്സ്‌ ഓഫീസിൽ വമ്പൻ പരാജയമായി മാറിയ ഡബിൾ ബാരൽ എന്ന ചിത്രം.

അന്നുവരെ മലയാളികൾ കാണാത്ത തരത്തിലുള്ള ഒരു സിനിമാനുഭവമായിരുന്നു ഡബിൾ ബാരൽ. ഒരു കോമിക്ക് പുസ്തകം പോലെ ഒരുക്കി വെച്ച ചിത്രം അന്ന് വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായി ഡബിൾ ബാരൽ മാറി. ലിജോയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഇന്ന് ഡബിൾ ബാരൽ വാഴ്ത്തപ്പെടുന്നത്.

വാലിബൻ വ്യത്യസ്ത അഭിപ്രായങ്ങൾ നേടുമ്പോൾ വീണ്ടും ചർച്ചയാവുന്നത് നടൻ പൃഥ്വിരാജിന്റെ ഒരു പഴയ അഭിമുഖമാണ്. അന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത് ലിജോയെ കുറിച്ചും ഡബിൾ ബാരലിനെ കുറിച്ചുമാണ്. കഥ കേട്ടപ്പോൾ വിജയിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ പടം ചെയ്തത് വ്യത്യസ്ത സിനിമകൾ ചെയ്യാൻ ആഗ്രഹമുള്ളത് കൊണ്ടാണെന്നും പൃഥ്വി പറയുന്നുണ്ട്.

കാലങ്ങൾക്കിപ്പുറം വാലിബന്റെ റിലീസിന് ശേഷം മോഹൻലാൽ ആരാധകരടക്കം ഈ വീഡിയോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ മോശം പറഞ്ഞാലും ഭാവിയിൽ കയ്യടി നേടുമെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

‘ലിജോ വന്ന് ഇങ്ങനെ ഒരു ചിന്ത പറഞ്ഞപ്പോൾ തന്നെ, ഇതൊരു വലിയ പരീക്ഷണം ആയിരിക്കുമെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇത്തരം പരീക്ഷണങ്ങളോട് ചെറിയ വീക്നെസ്സ് ഉള്ള ഒരു നടനാണ് ഞാൻ. ലിജോ ഇതിന്റെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു കൊമേഴ്ഷ്യലി സിനിമ വിജയിക്കാൻ സാധ്യത കുറവാണെന്ന്. അതുകൊണ്ടാണ് മറ്റൊരാളുടെ തലയിലും അടിച്ചേൽപ്പിക്കാതെ സിനിമ ഞാൻ തന്നെ നിർമിച്ചതും. എനിക്കതിൽ യാതൊരു വിഷമവുമില്ല.

ഡബിൾ ബാരൽ ചെയ്തപോൾ, എന്റെ മനസിൽ ആരും ചെയ്യാത്ത ഒരു സബ്ജെക്ട് ആണെന്നും, ആരും ട്രൈ ചെയ്യാത്ത ഒരു കഥയാണെന്നും അറിയാമായിരുന്നു. ആളുകൾ അത് അംഗീകരിച്ചില്ല. ഞാൻ അതിനെ ന്യായികരിക്കുകയല്ല കാരണം അതൊരു പരാജയപെട്ട പരീക്ഷണം തന്നെയാണ്.

എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോടൊപ്പം ഇങ്ങനെയൊരു സിനിമ ചെയ്യാൻ കൂട്ടുനിന്നു എന്ന കാര്യത്തിൽ എനിക്ക് അഭിമാനമേയുള്ളൂ,’ എന്നായിരുന്നു പൃഥ്വിരാജ് അന്ന് പറഞ്ഞത്.

Content Highlight: Old Interview Of Prithviraj Now Viral After Malaikotte Vakiban Release

We use cookies to give you the best possible experience. Learn more