അന്നത്തെ ദിവസം ഞങ്ങളെ പിഴിയാന്‍ തന്നെ പൊലീസ് തീരുമാനിച്ചു: 'റിയല്‍' മഞ്ഞുമ്മല്‍ ബോയ്‌സ്
Entertainment
അന്നത്തെ ദിവസം ഞങ്ങളെ പിഴിയാന്‍ തന്നെ പൊലീസ് തീരുമാനിച്ചു: 'റിയല്‍' മഞ്ഞുമ്മല്‍ ബോയ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 3:59 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും കൂട്ടത്തില്‍ ഒരാള്‍ അപകടത്തില്‍ പെടുന്നതുമാണ് ചിത്രത്തിന്റെ കഥ. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ കഥയെക്കുറിച്ചുള്ള സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. പോസ്റ്ററിലെ സൂചനകളില്‍ നിന്ന് കഥയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചവര്‍ അതിന് പിന്നിലുള്ള യഥാര്‍ത്ഥ കഥ അന്വേഷിച്ച് പോവുകയും പഴയ മാസികയിലുള്ള യാഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുകയും ചെയ്തു. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്.

ഗുണാ കേവ് കാണാന്‍ പോയ സംഘത്തില്‍ ഒരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങിപ്പോവുകയും പൊലീസും ഫയര്‍ഫോഴ്‌സും നിസ്സഹായരായി പോയിടത്ത് സുഹൃത്തിനെ രക്ഷിക്കാന്‍ കൂട്ടത്തിലൊരാള്‍ കുഴിയില്‍ ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. സംഭവം നടന്ന് കുറച്ചുകാലം കഴിഞ്ഞാണ് അപകടത്തെപ്പറ്റി വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. അതിനെപ്പറ്റി പണ്ട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി വിശദമാക്കിയത്. സുഹൃത്തിനെ മരണത്തിന് വിട്ടുകൊടുത്തിട്ട് തിരിച്ച് നാട്ടിലേക്ക് പോരാന്‍ തോന്നാത്തതുകൊണ്ടാണ് മറ്റൊന്നും നോക്കാതെ കുഴിയിലേക്കിറങ്ങി സുഹൃത്തിനെ രക്ഷിച്ചതെന്ന് സിനു പറഞ്ഞു. എന്നാല്‍ രക്ഷപ്പെട്ട ശേഷം പൊലീസ് തങ്ങളെ വെറുതേ വിട്ടില്ലെന്നും കൂട്ടത്തിലുള്ള പ്രദീപ് പറഞ്ഞു.

‘പുലിമടയില്‍ നിന്ന് പുലിയുടെ മുന്നില്‍ പെട്ടതുപോലെയായിരുന്നു ഞങ്ങള്‍ക്ക് തോന്നിയത്. നല്ല തണുപ്പും മഴയുള്ള ദിവസം തങ്ങള്‍ക്ക് പണിക്കോള് തന്ന മലയാളിപ്പയ്യന്മാരെ വെറുതെ വിടാന്‍ അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നു. ഞങ്ങളെ പിഴിയാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ടോര്‍ച്ചും കയറുമെല്ലാം വാങ്ങിയ വകയില്‍ ഞങ്ങളുടെ കൈയില്‍ നിന്ന് ഒരുപാട് ചെലവായിരുന്നു. പൊലീസുകാര്‍ അത് ഗൗനിച്ചതേയില്ല അവര്‍ക്ക് പൈസ കിട്ടിയേ തീരൂ എന്ന് പറഞ്ഞു. നിരോധിത മേഖലയില്‍ കയറിയതിനുള്ള പിഴയാണെന്നാണ് അവര്‍ പറഞ്ഞത്.

കൂട്ടിയും കിഴിച്ചും പൊലീസുകാര്‍ ആവശ്യപ്പെട്ട രണ്ടായിരത്തിയഞ്ഞൂറ് രൂപ അവര്‍ക്ക് കൊടുത്തു. രസീത് നാട്ടിലേക്ക് അയച്ചുതരാമെന്ന് അവര്‍ പറഞ്ഞു. അവിടത്തെ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നിരുന്നു. പക്ഷേ അതൊന്നും കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വണ്ടിയില്‍ ആരും ഒന്നും സംസാരിച്ചില്ലായിരുന്നു. നാട്ടില്‍ എത്തിയിട്ടും ആരോടും ഒന്നും പറയാതെയിരുന്നു. പറഞ്ഞിരുന്നെങ്കില്‍ എല്ലാവരുടെയും സ്വാതന്ത്ര്യം അതോടെ അവസാനിച്ചേനെ;’ പ്രദീപ് പറഞ്ഞു.

Content Highlight: Old intertview of real Manjummel Boys going viral