| Sunday, 26th February 2023, 9:08 am

എന്തൊക്കെയോ വായിക്കുന്നു പഠിക്കുന്നു അതെല്ലാം ഉത്തരക്കടലാസില്‍ ഛര്‍ദ്ദിക്കുന്നു; പഴയ വിദ്യാഭ്യാസ നയം വന്‍ പരാജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് നിലനിന്നിരുന്ന പഴയ വിദ്യാഭ്യാസം നയം വന്‍ പരാജയമായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍. രാജ്ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പഴയ രീതി പ്രകാരം വിദ്യാര്‍ത്ഥികള്‍ എഴുതുകയും വായിക്കുകയും അത് ഛര്‍ദ്ദിക്കുകയുമാണ് ചെയ്തിരുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തിയായിരുന്നു ഇത്.

രാജ്യത്ത് മുന്‍പ് നിലനിന്നിരുന്ന മക്കൗലെ വിദ്യാഭ്യാസ രീതി/സിസ്റ്റം വന്‍ പരാജയമായിരുന്നു. അതില്‍ വിദ്യാര്‍ത്ഥികള്‍ എന്തൊക്കെയോ വായിച്ചും എഴുതിയും പഠിക്കും. എന്നിട്ട് അതെല്ലാം ഉത്തരക്കടലാസില്‍ ഛര്‍ദ്ദിക്കും. അത് ശരിയല്ല.

ഇന്ന് ലോകം പഴയ വിദ്യാഭ്യാസ രീതികളില്‍ നിന്നും മാറി ചിന്തിക്കുകയാണ്. വിദ്യാഭ്യാസം സമൂഹത്തിന് ഗുണപ്രദമാകുന്ന രീതിയിലേക്ക് പല രാജ്യങ്ങളും മാറിക്കഴിഞ്ഞു,’ മന്ത്രി പറഞ്ഞു.

1800കളില്‍ വിദ്യാഭ്യാസത്തിനുള്ള മാധ്യമമായി ഇംഗ്ലീഷിനെ മാറ്റാന്‍ ബ്രിട്ടീഷുകാരനായ തോമസ് ബാബിംഗ്ടണ്‍ മക്കൗലെ പ്രധാന പങ്ക് വഹിച്ചിരുന്നു.

‘ഇന്ന് രാജ്യത്തിന് സമഗ്രമായ വിദ്യാഭ്യാസം കൂടുയേ തീരൂ. ഒസയന്‍സ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് താത്പര്യമെങ്കില്‍ ചരിത്രവും സമ്പത്തിക ശാസ്ത്രവും പഠിക്കാന്‍ അവസരമൊരുക്കേണ്ടതുണ്ട്. ആര്‍ട്‌സ് വിദ്യാര്‍ത്ഥിക്ക് ഫിസിക്‌സും കെമിസ്ട്രിയും പഠിക്കാന്‍ സാധിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയെ കാവിവത്ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന ആരോപണങ്ങള്‍ സജീവമായിരുന്നു. ഇതിനോട് താന്‍ പ്രതികരിക്കുന്നില്ലെന്നും സുഭാസ് സര്‍ക്കാര്‍ വ്യക്തമാക്കി.

‘എന്താണ് കാവിവത്ക്കരണം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? കാവിവത്ക്കരണത്തിന്റെ ഒരു ഉദാഹരണം കാണിക്കൂ. ഇന്ത്യ ലോകത്തിന് ‘പൂജ്യത്തെ(Zero)’ സമ്മാനിച്ചു എന്ന് ഞാന്‍ പറഞ്ഞാല്‍ അത് കാവിവത്ക്കരണമാണോ? അല്ലെങ്കില്‍ പൈ (Pi) കണ്ടുപിടിച്ചത് സന്യാസിമാരാണെന്ന് പറഞ്ഞാല്‍ അതാണോ കാവിവത്ക്കരണം?.’ മന്ത്രി ചോദിച്ചു.

പശ്ചിമ ബംഗാളില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്നാണ് അവിടുത്തെ സര്‍ക്കാരിന്റെ തൂരുമാനം. രാജ്യത്തെ ഒരു സംസ്ഥാനം നയം നയപ്പിലാക്കിയില്ലെങ്കില്‍ അതിന്റെ ദോഷം വിദ്യാര്‍ത്ഥികള്‍ക്കാണ്. കാരണം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകീകൃത എന്‍ട്രന്‍സ് ടെസ്റ്റുകളായിരിക്കും നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രാജ്ഭവനില്‍ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിരുന്നു. ഗവര്‍ണര്‍ സി.വി ആനന്ദ് ബോസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കാന്‍ കുട്ടികള്‍ ആറു വയസ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ദേശം നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കര്‍ നിര്‍േേദശം നല്‍കിയിരിക്കുന്നത്.

38 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ വിദ്യാഭ്യാസ നയത്തില്‍ അഴിച്ചുപണികള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018ലാണ് കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പുതിയ പരിഷ്‌കരണങ്ങളുടെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2020 ജൂണിലായിരുന്നു മന്ത്രിസഭ പരിഷ്‌കരണങ്ങള്‍ക്ക് അനുമതി നല്‍കിയത്.

Content Highlight: Old education policy was rouge says union minister of states education subhas sarkar

We use cookies to give you the best possible experience. Learn more