| Monday, 22nd February 2016, 5:08 pm

ലോകത്തെ ഏറ്റവും പഴക്കമുള്ള വസ്ത്രം ഈജിപ്തിലെ ശവകുടീരത്തില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തെ ഏറ്റവും പഴക്കമുള്ള വസ്ത്രം കണ്ടെത്തി. ഈജിപ്തിലെ ശവകുടീരത്തിലാണ് ഏറ്റവും പഴക്കമേറിയ വസ്ത്രം കണ്ടെത്തിയത്. ശവകുടീരത്തിലുണ്ടായിരുന്ന മമ്മിയെ ധരിപ്പിച്ചിരുന്ന വി നെക് ഷര്‍ട്ട് അയ്യായിരം വര്‍ഷം മുമ്പുള്ളതാണെന്നു പറയുന്നു.

റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് സങ്കേതത്തിലൂടെയാണ് വസ്ത്രത്തിന്റെ പഴക്കം നിര്‍ണയിച്ചത്. അയ്യായിരം മുതല്‍ അയ്യായിരത്തഞ്ഞൂറു വര്‍ഷം വരെ ഈ വസ്ത്രത്തിന് പഴക്കമുണ്ടാകുമെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഇന്നോളം കണ്ടെത്തിയവയില്‍ “ഏറ്റവും പഴക്കമേറിയ വസ്ത്രം” എന്ന ഖ്യാതി ലിനന്‍ വിഭാഗത്തില്‍ പെടുന്ന ഈ വി നെക് ഷര്‍ട്ടിനു തന്നെയെന്നും അനുമാനിക്കുന്നു.

തലസ്ഥാന നഗരമായ കെയ്‌റോവില്‍നിന്ന് മുപ്പത്തൊന്നു മൈല്‍ തെക്കുള്ള ശവകുടീരത്തില്‍നിന്നാണ് ഇതു കണ്ടെത്തിയത്. 1977ലാണ് കണ്ടെത്തിയെങ്കിലും ഈ ലിനന്‍ ഷര്‍ട്ടാണ് ഏറ്റവും പ്രായമേറിയതെന്ന് ആരും അറിഞ്ഞില്ല. കാരണമെന്തെന്നോ? ഇക്കാലമത്രയും ഷര്‍ട്ടിന്റെ പ്രായം കണ്ടെത്താനുള്ള പരിശോധന നടക്കുകയായിരുന്നു.

നഖാദ മൂന്നാം രാജവംശത്തിന്റെ കാലത്തുള്ളതാണ് ഈ ഉടുപ്പ് എന്ന് കരുതുന്നു. അന്നത്തെ കാലത്തെ സമ്പന്നരും ഉയര്‍ന്ന തട്ടിലുള്ളവരും  ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളിലൊന്ന് ഈ ലിനന്‍ ഷര്‍ട്ട് ആയിരിക്കാം എന്നാണ് ചരിത്രവിദഗ്ദര്‍ വിലയിരുത്തുന്നത്. വസ്ത്രത്തിന്റെ നീളം കാല്‍പാദത്തോളം ഉണ്ടായിരിക്കുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.

We use cookies to give you the best possible experience. Learn more