| Friday, 3rd April 2020, 5:10 pm

ആശ്വസിക്കാം, കോട്ടയത്ത്‌ കൊവിഡ് ബാധിച്ച ദമ്പതികള്‍ രോഗമില്ലാതെ വീട്ടിലേക്ക്; രാജ്യത്ത് രോഗം ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കൊവിഡ് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. റാന്നി സ്വദേശികളായ 95 വയസുള്ള തോമസും 88 വയസുള്ള മറിയാമ്മയുമാണ് ഡിസിചാര്‍ജായത്. കോട്ടയം മെഡിക്കല്‍ കോളെജിലാണ് ഇവരെ ചികിത്സിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികളായിരുന്നു ഇവര്‍.

ഇറ്റലിയില്‍നിന്നെത്തിയ കുടുംബത്തിന്റെ മാതാപിതാക്കളാണ് ഇവര്‍. ലോകത്തൊട്ടാകെ ആറുപത് വയസിന് മുകളില്‍ കൊവിഡ് ബാധിച്ചവരെ രക്ഷപെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഈ ദമ്പതികള്‍ക്ക് രോഗം ഭേദമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായിരിക്കുകയാണ്.

കൊവിഡിന് പുറമെ പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അഭിനന്ദനം അറിയിച്ചു.

ഇവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.

മാര്‍ച്ച് എട്ടിനാണ് ദമ്പതികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് കെ.കെ ഷൈലജയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും മൂത്രസംബന്ധമായ അണുബാധയും ഉണ്ടായിരുന്നു.അതിനുള്ള ചികിത്സയും പ്രത്യേകം നടത്തുന്നുണ്ടായിരുന്നു.

ഓക്സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും റിസള്‍ട്ട് നെഗറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മികച്ച ചികിത്സ നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ദമ്പതികള്‍ നന്ദിയറിയിച്ചു.

We use cookies to give you the best possible experience. Learn more