തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി വിട്ട് സി.പി.ഐ.എം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റി. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തു വിട്ടത്.
ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ദമ്പതികള്‍ അസുഖ ബാധിതരായതോടെ തുക തിരിച്ചടക്കുന്നത് മുടങ്ങുകയായിരുന്നു. ഇപ്പോള്‍ പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. അതിന് കഴിയാതെ വന്നതോടെയാണ് ബാങ്കിന്റെ നടപടി.
ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് സൊസൈറ്റി ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയതെന്നും മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട് ലേലത്തില്‍ നേടിയ ആള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.
കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്.