| Tuesday, 14th July 2015, 10:28 pm

ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി 'ഓളം' അര പതിറ്റാണ്ട്‌ പിന്നിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഗ്ലീഷ് മലയാളം ഓണ്‍ലൈന്‍ നിഘണ്ടുവായ ഓളം (http://olam.in) വെബ്‌സൈറ്റ് ആരംഭിച്ചിട്ട് അര പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് സൈറ്റിനുള്ളത്. പ്രതിമാസം മൂന്ന് ലക്ഷത്തില്‍പരം പേരാണ് ഈ സൈറ്റ് ഉപയോഗിക്കുന്നത്. 22 ലക്ഷത്തില്‍പരം വാക്കുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകളാണ് സൈറ്റില്‍ പ്രതിമാസം നടക്കുന്നത്.

ഇന്ത്യയില്‍ നിന്ന് 60 ശതമാനം ഉപഭോക്താക്കളാണ് സൈറ്റിനുള്ളത്. 35 ശതമാനം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 1) yogurt 2) cinnamon powder 3) have 4) gram flour 5) being എന്നീ പദങ്ങള്‍ക്ക് വേണ്ടിയാണ് സൈറ്റില്‍ കൂടുതലായും തിരച്ചില്‍ നടന്നിരിക്കുന്നത്.

ഇന്നേവരെ 5 കോടിയില്‍പരം വാക്കുകള്‍ക്ക് വേണ്ടിയാണ് സൈറ്റില്‍ തിരച്ചില്‍ നടന്നിരിക്കുന്നത്. കൈലാഷ് നാഥാണ് ഓളം രൂപകല്‍പ്പന ചെയ്യുകയും ഓപ്പണ്‍ സോഴ്‌സിലേക്ക് മാറ്റുകയും ചെയ്തത്. ജോസഫേട്ടന്‍ എന്ന് വിളിക്കുന്ന ദത്തുക് കെ.ജെ ജോസഫാണ് ഡാറ്റകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്‌തെടുക്കുകയായിരുന്നു ജോസഫേട്ടന്‍. കൗമുദി ഫോണ്ടില്‍ കമ്പ്യൂട്ടറില്‍ കയറ്റിയ ഈ പദങ്ങളുടെ അര്‍ത്ഥങ്ങളും തെറ്റുകള്‍ തിരുത്തി യുണിക്കോഡിലേക്ക് മാറ്റി ഡിക്ഷണറിയാക്കി മാറ്റുകയാണ് കൈലാഷ് നാഥ് ചെയ്തത്. രണ്ട് വര്‍ഷമാണ് ഇതിന് വേണ്ടിവന്നത്.

അഞ്ച് വര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന സമയത്താണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് “ഓളം” ആരംഭിച്ചത്. മലയാള ഭാഷക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ സര്‍ക്കാറിന്റെയോ മറ്റ് ഏജന്‍സികളുടെയോ യാതൊരു സഹായവുമില്ലാതെയായിരുന്നു ഈ നിശബ്ദ വിപ്ലവം.

തന്റെ പരിശ്രമം ദത്തുക്ക് ജോസഫേട്ടന് സമര്‍പ്പിച്ചുകൊണ്ട് “ദി ദത്തുക് കോര്‍പ്പസ്” എന്ന പേരിലാണ് മലയാളം മലയാളം നിഘണ്ടു കൈലാഷ് നാഥ് ഓപ്പണ്‍സോഴ്‌സില്‍ കൊണ്ടുവന്നത്. സ്വന്തം അദ്ധ്വാനത്തിലൂടെ പല വര്‍ഷങ്ങള്‍ പരിശ്രമിച്ച് ജോസഫ് ചേട്ടന്‍ ബൃഹത്തായ ഒരു മലയാളനിഘണ്ടു കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് കയറ്റുകയായിരുന്നു. ഇതിന് പുറമെ ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണകൃതികളടക്കം ധാരാളം ഗ്രന്ഥങ്ങളും ടൈപ്പുചെയ്ത് കമ്പ്യൂട്ടറിലാക്കി.

We use cookies to give you the best possible experience. Learn more