| Wednesday, 22nd May 2013, 5:06 pm

ഇവിടെ മലയാളത്തിന്റെ ഓളം അടങ്ങില്ല...

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള ഭാഷയ്ക്ക് വേണ്ടി കേരളപ്പിറവി ദിനത്തില്‍ സെറ്റ് സാരിയും മുണ്ടുമുടുക്കുന്നവരാണ് നാം. അടുത്തിടെ ഭരണഭാഷ മലയാളമാക്കുന്നതിന് വേണ്ടി ചില സാഹിത്യകാരന്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.[]

സര്‍ക്കാര്‍ എന്തോ ചില ഉറപ്പ് നല്‍കിയെന്ന് പറഞ്ഞ് നിരാഹരാക്കാര്‍ സ്വയം പിന്‍വാങ്ങുകയും ചെയ്തു. സ്വതന്ത്രമായി സംസാരിക്കുന്നതാണ് ഭാഷയെന്നിരിക്കെ ഭാഷയെക്കുറിച്ചുള്ള അറിവുകളെല്ലാം ഇപ്പോള്‍ കമ്പോളത്തില്‍ വില്‍പ്പനക്ക് വെച്ചിരിക്കയാണ്. ഭാഷാ സ്‌നേഹം പ്രകടനാത്മകതയിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു.

[]ഇപ്പോള്‍ മലയാളം മരിക്കുന്നുവെന്ന് പറഞ്ഞ് മുറവിളിയുയരുമ്പോള്‍ ഭാഷ മരിക്കാതിരിക്കാന്‍ സൈബര്‍ ലോകത്ത് ശക്തമായ ഇടപെടലുകള്‍ നടക്കുന്നുണ്ടായിരുന്നു. ഈ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച പലരും ഇപ്പോഴും ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ മറഞ്ഞിരിക്കയാണ്.

ഒരു സര്‍ക്കാര്‍ ഏജന്‍സികളുടേയും സഹായമില്ലാതെ സൈബര്‍ ലോകത്തെ മലയാളത്തിന്റെ വളര്‍ച്ചക്കായി കഴിഞ്ഞ 12 വര്‍ഷമായി “സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്”പ്രവര്‍ത്തകര്‍ നിശബ്ദ സേവനം നടത്തി വരുന്നു. ഇവര്‍ ഉള്‍പ്പെടയുള്ള പലരും തങ്ങളുടെ വിശ്രമ വേളകള്‍ ഇതിനുവേണ്ടി മാറ്റിവെച്ചതിനാലാണ് ഇന്ന് നമുക്ക് മലയാളംകമ്പ്യൂട്ടിങ് എളുപ്പമായിത്തീരുന്നത്.

ഇതിന്റെ തുടര്‍ച്ചയായാണ് സൈബര്‍ മലയാളത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ച ഓളം ഓണ്‍ലൈനും. ഓളം ഓണ്‍ ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്ന ഈ ഘട്ടത്തില്‍ രണ്ട് പേരുകള്‍ നിര്‍ബന്ധമായും ഓര്‍ക്കേണ്ടതുണ്ട്. കെ.ജെ. ജോസഫ്, കൈലാഷ് നാഥ്എന്നിവരുടേതാണവ.

ഇംഗ്ലീഷ് വാക്കുകള്‍ക്ക് മലയാളം അര്‍ത്ഥം ലഭ്യമാക്കുന്ന നിഘണ്ടുവാണ് ഓളം. ഉപയോക്താക്കള്‍ക്ക് പദങ്ങളും വിശദീകരണങ്ങളും സമര്‍പ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്.

അത്തരത്തില്‍ ഇതിനകം 60,000 ത്തോളം പദങ്ങളും രണ്ടുലക്ഷത്തോളം വിശദീകരണങ്ങളും ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അറിവിന്റെ ജനാധിപത്യവത്കരണത്തിന്റെ ചരിത്രത്തിലെ വലിയ കാല്‍വെപ്പാണ് ഓളത്തിന്റെ ഓപ്പണ്‍ സോഴ്‌സിലേക്കുള്ള മാറ്റം. ഇനി ഓളം ആരുടെയുമല്ല, എല്ലാവരുടെയമാണ്. ആര്‍ക്കും ഇതിലെ കണ്ടന്റ് സ്വതന്ത്രമായി ഉപയോഗിക്കാം. വികസിപ്പിക്കാം.

ഇതിനൊപ്പം മറ്റൊരു വിപ്ലവവും നടന്നു. ഇതുവരെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവായിരുന്ന ഓളം മലയാളം മലയാളം കൂടിയായി മാറിക്കഴിഞ്ഞു. 83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവും ഇതില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

മലയാള ഭാഷാ ചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ് ഈ നേട്ടം. ഇതിന് നാം നന്ദി പറയേണ്ടത് ഓളം രൂപകല്‍പ്പന ചെയ്യുകയും അത് ഓപ്പണ്‍സോഴ്‌സിലേക്ക് മാറ്റുകയും ചെയ്ത കൈലാഷ് നാഥിനാണ്.

മറ്റൊന്ന് 90കളുടെ അവസാനം കമ്പ്യൂട്ടറിന്റെ ആദ്യ കാലത്ത് മലേഷ്യയിലെ തന്റെ വാര്‍ധക്യം കയറിയ പ്രവാസ കാലത്ത് വര്‍ഷങ്ങളെടുത്ത് ഈ ഡാറ്റകള്‍ കമ്പ്യൂട്ടറിലേക്ക് കയറ്റിയ ജോസഫേട്ടനും( ദത്തുക് കെ.ജെ ജോസഫ്).

പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്‌തെടുക്കുകയായിരുന്നു ജോസഫേട്ടന്‍. കൗമുദി ഫോണ്ടില്‍ കമ്പ്യൂട്ടറില്‍ കയറ്റിയ ഈ പദങ്ങളുടെ അര്‍ത്ഥങ്ങളും തെറ്റുകള്‍ തിരുത്തി യുണിക്കോഡിലേക്ക് മാറ്റി ഡിക്ഷണറിയാക്കി മാറ്റുകയാണ് കൈലാഷ് നാഥ് ചെയ്തത്. ഇതിന് രണ്ടു വര്‍ഷമെടുത്തു.

ജോസഫേട്ടന്‍ കമ്പ്യൂട്ടറില്‍ കയറ്റിയ ഈ ഡാറ്റ വരമൊഴി യാഹു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പിന്നീട് വിക്കി പീഡിയയിലും ഈ ഡാറ്റ ഉള്‍പ്പെടുത്തി. ആ വിവരങ്ങളെല്ലാം പേജ് രൂപത്തിലായിരുന്നു. എന്നാല്‍ ഉപയോക്താവിന് എളുപ്പം ഉത്തരങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ ഡിക്ഷ്ണറിയായി മാറ്റുകയെന്നതായിരുന്നു കൈലാഷ് നാഥിന്റെ ലക്ഷ്യം. വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം അതില്‍ വിജയിക്കുകയും ചെയ്തു.

മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന സമയത്താണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് “ഓളം” ആരംഭിച്ചത്.

മലയാള ഭാഷക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ സര്‍ക്കാറിന്റെയോ മറ്റ് ഏജന്‍സികളുടെയോ യാതൊരു സഹായവുമില്ലാതെയായിരുന്നു ഈ നിശബ്ദ വിപ്ലവം ഏന്നോര്‍ക്കേണ്ടതാണ്.

ടൈപ്പ് ചെയ്യുന്ന പദങ്ങളുടെ അക്ഷരങ്ങള്‍ ചിലത് തെറ്റിയാലും ഡിക്ഷണറി ശരിയായ രൂപം പറഞ്ഞ് തരും.( ഉദാഹരണത്തിന് മൂഢന്‍ എന്ന വാക്ക് ടൈപ്പ് ചെയ്യുമ്പോള്‍ “ഢ”ക്ക് പകരം “ഡ” എന്ന് എഴുതിയാലും പദം ശരിയാക്കി ഡിക്ഷ്ണറി ഉത്തരം നല്‍കും).

തന്റെ സൈബര്‍ ജ്ഞാനം മലയാളത്തിന് വേണ്ടി ഉപയോഗിച്ചതിലൂടെ കൈലാഷ് നാഥ് വരുന്ന സൈബര്‍ തലമുറയിലേക്ക് അറിവിന്റെ കൈത്തിരി പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. അതിന്റെ മൂല്യം കണക്കാക്കാനാവാത്തതാണ്.

തന്റെ പരിശ്രമം ദത്തുക്ക് ജോസഫേട്ടന് സമര്‍പ്പിച്ചുകൊണ്ട് “ദി ദത്തുക് കോര്‍പ്പസ്” എന്ന പേരിലാണ് മലയാളം മലയാളം നിഘണ്ടു കൈലാഷ് നാഥ് ഓപ്പണ്‍സോഴ്‌സില്‍ കൊണ്ടുവന്നത്.

1930 മേയ് 13ന് കൊച്ചിയിലെ കുമ്പളങ്ങിയില്‍ ജനിച്ച ശ്രീ ജോസഫ് മലയാളം ഹയറും ജൂനിയര്‍ സെക്കന്‍ഡറിയും ഡിസ്റ്റിങ്ഷനോടെയാണ് പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 1942ലെ ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എറണാകുളം മഹാരാജാസില്‍ നിന്നും ഫിസിക്‌സില്‍ ബിരുദമെടുത്ത അദ്ദേഹം കേരളത്തിലെ ആദ്യത്തെ അമേച്വര്‍ റേഡിയോ (ഹാം) പ്രവര്‍ത്തകരിലൊരാളായിരുന്നു.

മഹാരാജാസില്‍ ഫിസിക്‌സ് അസോസിയേഷന്‍, ഫോട്ടോഗ്രാഫി ക്ലബ്ബ്, സോഷ്യല്‍ സെര്‍വീസ് ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായകമായ നേതൃത്വം നല്‍കി.1959ല്‍ മലേഷ്യയിലേക്ക് ക്ഷണിക്കപ്പെട്ട അദ്ദേഹം അവിടെ വെച്ചാണ് മലയാള ഭാഷയ്ക്ക് വിപ്ലവകരമായ സംഭാവന നല്‍കിയത്.

കമ്പ്യൂട്ടറുകള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍ തന്നെ അതില്‍ മലയാളഭാഷക്ക് പ്രാതിനിധ്യമുണ്ടാവേണ്ടതിനെക്കുറിച്ച് ജോസഫേട്ടന്‍ ബോധവാനായിരുന്നു. തന്റെ കമ്പ്യൂട്ടര്‍ വിജ്ഞാനം വളരെ പരിമിതമായിരുന്നിട്ടുപോലും വിലപ്പെട്ടുവീണുകിട്ടിയ വിശ്രമസമയം മുഴുവനായിത്തന്നെ അദ്ദേഹം മലയാളത്തിനു വേണ്ടി ചെലവഴിച്ചു.

സ്വന്തം അദ്ധ്വാനത്തിലൂടെ പല വര്‍ഷങ്ങള്‍ പരിശ്രമിച്ച് ജോസഫ് ചേട്ടന്‍ ബൃഹത്തായ ഒരു മലയാളനിഘണ്ടു കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് കയറ്റുകയായിരുന്നു. ഇതിന് പുറമെ ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണകൃതികളടക്കം ധാരാളം ഗ്രന്ഥങ്ങളും ടൈപ്പുചെയ്ത് കമ്പ്യൂട്ടറിലാക്കി.

ഇപ്പോള്‍ ജോസഫേട്ടന്‍ എവിടെയുണ്ടെന്ന് പോലും അറിയില്ല. ഡൂള്‍ന്യൂസ് അദ്ദേഹത്തിന്റെ കേരളത്തിലെ വേരുകളെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. മലയാള ഭാഷക്ക് മഹത്തായ സംഭാവ നല്‍കിയ ആ മനുഷ്യനെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ഇട്ടുകൊടുക്കുന്നത് വലിയ തെറ്റായിരിക്കും.

എഴുത്താശാനും എഴുത്തിനിരുത്തുമില്ലാതെ തന്നെ സൈബര്‍ ലോകത്ത് പുതിയ മലയാളി ആദ്യാക്ഷരം കുറിക്കുകയാണ്. യൂണിക്കോഡും ഓളം ഉള്‍പ്പെടെയുള്ള ഭാഷാ സഹായികളുടെയും പിന്തുണയോടെ.

സൈബര്‍ ലോകത്ത് നടക്കുന്ന ഈ മലയാള മുന്നേറ്റത്തിന് തങ്ങള്‍ ആദരിക്കപ്പെടണമൊന്നും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമില്ല. അതുകൊണ്ടാണല്ലോ പ്രകടനാത്മക മലയാള സ്‌നേഹികള്‍ക്കൊപ്പം സഞ്ചരിക്കാതെ കീ ബോര്‍ഡ് കൊണ്ട് അവര്‍ ചരിത്രം രചിക്കുന്നത്.

ഈ പരിശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് നമ്മുടെ കടമ. ജോസഫേട്ടനെ പോലുള്ളവര്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ ഗുരുദക്ഷിണയും അത് തന്നെയായിരിക്കും.

We use cookies to give you the best possible experience. Learn more