ബെര്‍ലിന്‍: 16 വര്‍ഷം നീണ്ട ഭരണത്തിന് ശേഷം ജര്‍മനിയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഏയ്ഞ്ചല മെര്‍ക്കല്‍ പടിയിറങ്ങുന്നു. മെര്‍ക്കലിന്റെ കീഴില്‍ 2018 മുതല്‍ സാമ്പത്തിക വകുപ്പ് മന്ത്രിയും വൈസ് ചാന്‍സലറുമായിരുന്ന ഒലഫ് ഷോള്‍സ് ജര്‍മനിയുടെ പുതിയ ചാന്‍സലറായി ഇന്ന് അധികാരമേല്‍ക്കുകയാണ്.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഓഫ് ജര്‍മനി, പാര്‍ട്ടിയുടെ നേതാവായിരുന്നു മെര്‍ക്കലിനെ പിന്തുടര്‍ന്ന് ചാന്‍സലര്‍ സ്ഥാനമേല്‍ക്കുന്ന ഷോള്‍സ്, സെന്റര്‍-ലെഫ്റ്റ് പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിയുടെ നേതാവാണ്.
സെന്റര്‍-ലെഫ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഷോള്‍സിന്റെ നേതൃത്വത്തില്‍ ഇനി ജര്‍മനിഭരിക്കാന്‍ പോകുന്നത്.
യൂറോപ്പില്‍ സാമ്പത്തികമായി ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ജര്‍മനി. ഈ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിലേയ്ക്ക് ജര്‍മനിയുടെ ഭരണം കടക്കുന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ വ്യാപനത്തിനുള്ള സൂചനയായും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നുണ്ട്.
ബുധനാഴ്ച ജര്‍മനിയുടെ പാര്‍ലമെന്റ് ഔദ്യോഗികമായി ഷോള്‍സിനെ പുതിയ ചാന്‍സലറായി തെരഞ്ഞെടുക്കും. പിന്നീട് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയ്ന്‍മെയ്ര്‍ ഷോള്‍സിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
സെപ്റ്റംബര്‍ 26നായിരുന്നു ജര്‍മനിയില്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ദ ഗ്രീന്‍സ്, നിയോ-ലിബറല്‍ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ മൂന്ന് പാര്‍ട്ടികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
‘ട്രാഫിക് ലൈറ്റ് സഖ്യം’ എന്നാണ് ഇത് അറിയപ്പെടുന്നത്.
മിനിമം വേതന വര്‍ധനവ്, ഭവനരഹിതര്‍ക്ക് വീടുവെച്ച് നല്‍കുക, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പരിസ്ഥിത് നയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു രണ്ടാം വ്യവസായ വിപ്ലവം- എന്നിങ്ങനെ നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് ഷോള്‍സ് നല്‍കിയിരുന്നത്.
ഇതില്‍ തന്നെ അര്‍ഹമായ ആദരവ് (Respect) എന്നതിലായിരുന്നു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.