കൊച്ചി: കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ഒല, ഊബർ ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക്. വിഷയത്തില്‍ എത്രയും പെട്ടെന്നു സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരിക്കും തങ്ങളുടെ സമരമെന്ന് സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Also Read മോദി വരും പോകും, പക്ഷെ ഇന്ത്യ ഇവിടെ ഉണ്ടാകും: നരേന്ദ്ര മോദി
പ്രതിഷേധത്തിന്റെ തുടക്കമെന്നോണം ഇക്കഴിഞ്ഞ നവംബർ 12ന് ജോലിയിൽ നിന്നും വിട്ടുനിന്ന് ഇവർ സൂചനാ സമരം നടത്തിയിരുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ട സമരം നടത്തുക.ഈ മാസം 27ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ ഇവർ നിരാഹാര സമരം തുടങ്ങും. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു ആയിരിക്കും സമരം ഉദ്ഘാടനം ചെയ്യുക.
സര്‍ക്കാരിന്റെ തീരുമാനപ്രകാരമുള്ള വരാൻ പോകുന്ന പുതിയ നിരക്കുകളില്‍ സര്‍വീസ് നടത്തുവാന്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തയാറാകണമെന്നും ഡ്രൈവർമാരുടെ വിഹിതം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ പരിഹരിക്കാൻ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും, ഒരു ട്രിപ്പില്‍ നിന്ന് ലഭിക്കുന്ന ചാർജിന്റെ 26 ശതമാനത്തോളം ഊബര്‍, ഒല കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്നും കമ്മീഷനായി വാങ്ങുന്നുവെന്നും ഇവർ പറയുന്നു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഒല,ഊബർ കമ്പനികളും ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തുവാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്നും ഓൺലൈൻ ടാക്സി ഡ്രൈവർമാർ ആവശ്യപ്പെട്ടു. മുൻകൂട്ടിയുള്ള അറിയിപ്പ് നൽകാതെ ഡ്രൈവർമാരെ പുറത്താക്കുന്ന പ്രവണത ടാക്സി കമ്പനികൾ അവസാനിപ്പിക്കുക, സ്വന്തമായി വാഹനം ഇറക്കി സര്‍വീസ് നടത്താനുള്ള കമ്പനികളുടെ പദ്ധതിയിൽ നിന്നും അവർ പിന്തിരിയുക, തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ.