| Thursday, 5th April 2018, 11:00 am

ഓഖി; മതിയായ മുന്നറിയിപ്പ് കിട്ടിയില്ലെന്ന കേരളത്തിന്റെ നിലപാട് ശരിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മതിയായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാട് ശരിവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റുണ്ടാകുമെന്ന് വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു മുന്‍കരുതലെടുക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പി.ചിദംബരം അധ്യക്ഷനായ സമിതി ഇന്നലെ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കഴിഞ്ഞ നവംബര്‍ 29നു നല്‍കിയ അറിയിപ്പില്‍ ചുഴലിക്കാറ്റ് കൃത്യമായി പ്രവചിച്ചില്ല. അതുകൊണ്ടുതന്നെ അറിയിപ്പ് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കപ്പെട്ടില്ല.


Dont Miss ‘ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറും’ അന്ത്യശാസനവുമായി രാജസ്ഥാനിലെ ദളിതര്‍


ചുഴലിക്കാറ്റ് വേഗത്തില്‍ തീവ്രതയാര്‍ജിച്ചപ്പോള്‍ മുന്നറിയിപ്പു നല്‍കാന്‍ കേന്ദ്രകാലാവസ്ഥാവകുപ്പിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ വേണ്ട മുന്‍കരുതലെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിച്ചില്ലെന്ന് സമിതി പറയുന്നു.

നവംബര്‍ 30ന്, ചുഴലിക്കാറ്റുണ്ടായ ദിവസമാണു കൃത്യമായ അറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയത്. അതു മുന്നറിയിപ്പു സംബന്ധിച്ച വ്യവസ്ഥാപിത രീതിയുടെ ലംഘനമായിരുന്നു. ഇത്തരം മുന്നറിയിപ്പ് മൂന്നു ദിവസം മുന്‍പെങ്കിലും നല്‍കേണ്ടതുണ്ട്.

വേഗത്തിലാണു ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിച്ചതെന്നതു വസ്തുതയാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പിന്റെ സാങ്കേതിത്വം മനസിലാക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഊര്‍ജിതമായ സമീപനമുണ്ടാവേണ്ടത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നായിരുന്നെന്നും സമിതി ശുപാര്‍ശയില്‍ പറയുന്നു.

ദുരിതബാധിത കുടുംബങ്ങള്‍ക്കായി കേരളം പ്രഖ്യാപിച്ച പദ്ധതി ആത്മാര്‍ഥമായി നടപ്പാക്കിയാല്‍ ഗുണകരമാകുമെന്നും കേരളത്തിന്റെ നടപടികളെക്കുറിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

അതേസമയം മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം അനുവദിച്ചത്. ഇതു വളരെ കുറവാണെന്നും സമിതി പറയുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമെങ്കിലും നല്‍കണം. പ്രത്യേക സഹായത്തിനും നടപടിയെടുക്കണം. ദുരിതബാധിത കുടുംബങ്ങള്‍ക്കു ബദല്‍ ജീവിത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനു സംസ്ഥാനങ്ങളോടു നിര്‍ദേശിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

കാണാതായ മീന്‍പിടിത്തക്കാരുടെ കണക്ക് ആഭ്യന്തരമന്ത്രാലയം ഉടനെ സമിതിക്കു ലഭ്യമാക്കണം. അവരുടെ കുടുംബങ്ങള്‍ക്കു ജീവിതച്ചെലവിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.


Watch DoolNews Video

We use cookies to give you the best possible experience. Learn more