ഓഖിയില്‍ നിന്ന് രക്ഷപ്പെട്ടു വന്ന് കുറച്ചുനാള്‍ വിശ്രമിച്ചതിനു ശേഷം ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നും അറിയാത്തതുകൊണ്ടാണ് പുതിയതുറയിലെ ചാക്കോ (യഥാര്‍ത്ഥ പേരല്ല) വീണ്ടും മത്സ്യബന്ധനത്തിന് പോയത്. ഏറെ ദൂരം പിന്നിട്ട് ഗുജറാത്ത് ഭാഗത്ത് എത്തിയപ്പോള്‍ “എന്നെ അവര്‍ വിളിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാനായി.
“മരണത്തെ മുന്നില്‍ കണ്ടിട്ട് വന്നവരാണ് ഇവര്‍. രക്ഷപ്പെട്ടു വന്ന പലരും പറയുന്നത് ഇപ്പോള്‍ കടലിലേക്ക് പോകുമ്പോള്‍ ഓഖിയില്‍ നഷ്ടപെട്ട സുഹൃത്തുക്കള്‍ കടലില്‍ നിന്ന് വിളിക്കുന്നത് പോലെ തോന്നുന്നു എന്നാണ്. ഓഖി ദുരന്തം നേരിട്ട് അനുഭവിച്ചവരുടെ ദുരിതം തുടരുകയാണ്,” കോസ്റ്റല്‍ സ്റ്റുഡന്റസ് കള്‍ച്ചറല്‍ ഫോറം വളന്റീയറായ വിപിന്‍ ദാസ് പറയുന്നു.
രക്ഷപ്പെട്ടു വന്ന ആളുകളില്‍ അധികവും പോസ്റ്റ് ട്രോമ സ്ട്രെസ് ഡിസോര്‍ഡര്‍ അനുഭവിക്കുന്നവരാണെന്നാണ് തിരുവനന്തപരത്ത് സഖി പ്രവര്‍ത്തകയായ പ്രഭ പറയുന്നത്. ഇപ്പോഴും അവര്‍ ആ ഓര്‍മ്മയിലും ഭീതിയിലും തന്നെ ആണെന്ന് പ്രഭ പറയുന്നു. രണ്ടു മുതല്‍ ആറ് ദിവസം വരെ കടലില്‍ ഇരുട്ടില്‍ പെട്ട് പോയവര്‍ ഇവരുടെ കൂട്ടത്തിലുണ്ട്. രാത്രീ ഉറക്കത്തില്‍ അവര്‍ ആ ഭയം കാരണം ഉണര്‍ന്ന് പോകുന്നുണ്ട്, ചെറിയ കാറ്റ് പോലും അവരെ പേടിപ്പെടുത്തുന്നു, പ്രഭ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഓഖിയുടെ ചുഴിയില്‍ നിന്ന് രക്ഷപ്പെട്ട മിക്കവരെയും ദുഃസ്വപ്നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നെന്നാണ് ഇവരുടെ കുടുംബങ്ങള്‍ പറയുന്നത്. മത്സ്യബന്ധനം ഇവര്‍ക്ക് തൊഴില്‍ മാത്രമല്ല, ജീവിതമാണ്. എന്നാല്‍ അതിലേക്ക് തിരിച്ചു പോകാന്‍ പറ്റാത്ത വിധം അവരുടെ മനസ്സ് വ്രണപ്പെട്ടിരിക്കുന്നു. അവര്‍ കണ്ട കാഴ്ചകളും, നഷ്ടപെട്ട സുഹൃത്തുക്കളും, അനുഭവിച്ച സംഘര്‍ഷവും ഇനി ആര്‍ക്കും വരരുതേ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
ഡോ. ജോണ്‍സന്‍ ജാനറ്റ് ഓഖി അതിജീവിച്ചവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും നേതൃത്വം വഹിക്കുന്നു. നഴ്‌സുമാരുടെയും വിദ്യാര്‍ത്ഥികളുടെയും സന്നദ്ധസംഘങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ വൈദ്യശാസ്ത്രപരമായും അല്ലാത്തതും ആയ സഹായങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നു. ഇവര്‍ക്ക് ദിവസേന പരിചരണം നല്‍കണമെന്നുണ്ടെങ്കിലും നിലവിലുള്ള സൗകര്യങ്ങള്‍വെച്ച് ആഴ്ചയില്‍ മാത്രമേ അവരെ പരിചരിക്കാന്‍ സാധിക്കുന്നുള്ളൂ എന്നാണ് ഡോ. ജോണ്‍സന്‍ പറയുന്നത്.
“ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്” എന്ന സംഘടനയും ഓഖി തീരദേശ മേഖലയിലെ കുടുംബങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നു. കോസ്റ്റല്‍ സ്റ്റുഡന്റസ് കള്‍ച്ചറല്‍ ഫോറം വളന്റീയറായ വിപിന്‍ ദാസ് പറയുന്നത് ഓഖി അതിജീവിച്ചവര്‍ക്കിടയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുക, ഉറക്കമില്ലായ്മ, വര്‍ധിച്ച മദ്യപാനം എന്നിവ അധികമായി കണ്ടുവരുന്നുണ്ടെന്നാണ്. രക്ഷപ്പെട്ടവര്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരാളെ മാത്രമല്ല മൊത്തം കുടുംബത്തെ കൂടിയാണ് ഇത് ബാധിച്ചിരിക്കുന്നത്.
പത്തും പതിനഞ്ചും ലക്ഷം രൂപ കടം വാങ്ങി ബോട്ട് വാങ്ങിയവരാണ് ഇപ്പോള്‍ ബോട്ട് നഷ്ടപ്പെട്ട് ദുരിതം അനുഭവിച്ച് വരുന്നത്. ഇതുമൂലം കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒരാള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി എന്ന് വിപിന്‍ ദാസ് പറയുന്നു. “കടം തിരിച്ചടക്കുക പോയിട്ട് ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയാണ് ഇവര്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്,” വിപിന്‍ ദാസ് പറയുന്നു.
“വീടിന്റെ ആധാരംവെച്ച് ലക്ഷങ്ങള്‍ കടം വാങ്ങിയാണ് ഇവര്‍ ബോട്ട് എടുക്കുന്നത്. അത് പോയി കഴിയുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത അവരുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു” എന്ന് ഡോ. രാജന്‍ സൂചിപ്പിക്കുന്നു.
ഭര്‍ത്താവിന്റെ പെട്ടെന്നുള്ള തിരോധാനം തീരദേശ മേഖലയിലെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് താങ്ങാനാകാത്ത ഒരു ആഘാതമാണ്. ഇതില്‍ പലരും സ്വന്തമായി വീട് പോലും ഇല്ലാത്തവരാണ്. പൂവ്വാര്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ എല്ലാം തന്നെ വീട്ടാമ്മമാരായി ഒതുങ്ങി കൂടുന്ന സ്ത്രീകളാണ്. മിക്കവര്‍ക്കും പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ല. “മറ്റ് തൊഴിലൊന്നും ഇവര്‍ക്ക് അറിയില്ല. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ ഒരു പ്രതിസന്ധിയില്‍ തരിച്ചു നില്‍ക്കുന്ന അവസ്ഥയാണ് അവിടെ കാണാന്‍ കഴിയുന്നത്” -പ്രഭ പറയുന്നു.
കാണാതായ ആളുകളുടെ ആശ്രിതര്‍ ഇപ്പോഴും നടുക്കത്തിലാണ്. “സഖി” എന്ന സംഘടന പൂവ്വാര്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച സമയത്താണ് 27 വയസ്സുള്ള മിനിയെ പ്രഭ കാണുന്നത്. മിനിയുടെ ഭര്‍ത്താവിനെ ഓഖിക്കിടയില്‍ കാണാതായതാണ്, എന്നാല്‍ ഇതുവരെ മൃതദേഹം കിട്ടിയിട്ടില്ല. ഭര്‍ത്താവ് തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന ഒരു അവസ്ഥയിലാണ് ഇവര്‍. ഭര്‍ത്താവ് തിരിച്ചു വരില്ല എന്ന തിരിച്ചറിവുണ്ടാവുമ്പോള്‍ അവര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടു പോകുമോ എന്ന ഭയത്തിലാണ് പ്രഭ.
പൊഴിയൂര്‍ പ്രദേശങ്ങളില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ക്ക് അവരുടെ ജീവിതം അവസാനിച്ച അവസ്ഥയാണെന്നാണ് ഡോ രാജന്‍ പറയുന്നത്. പൂവ്വാര്‍, പൊഴിയൂര്‍, അടിമലത്തുറ എന്നീ സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയൊ ശ്രദ്ധ എത്തിപ്പെടുന്നില്ല എന്നാണ് പ്രഭ പറയുന്നത്.
“ഹെല്‍പ് ഏജ് ഇന്ത്യ” എന്ന സംഘടനയും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന്റെ മെഡിക്കല്‍ വിഭാഗം കോര്‍ഡിനേറ്ററായ ഡോ. രാജന്‍ ജോണിന്റെ അഭിപ്രായത്തില്‍ ഇവിടെ ഒത്തിരി ആളുകള്‍ക്ക് കൗണ്‍സിലിങ്ങിന്റെ ആവശ്യമുണ്ട്. “സാധാരണ കാറ്റ് വന്നാലും, വള്ളം പോയാലും വീണ്ടും കടലിലേക്ക് പോകുന്ന ഇവര്‍ക്ക് പക്ഷെ ഓഖി വലിയൊരു മാറ്റമാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. പണിക്ക് പോവ്വാന്‍ ഇപ്പോള്‍ ഇവര്‍ക്ക് പേടിയാണ്,” ഡോ. രാജന്‍ പറയുന്നു. തിരിച്ചു വന്നവര്‍ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാത്തതിനാല്‍ ഇവര്‍ക്ക് വീണ്ടും പണിക്ക് പോകാന്‍ കഴിയുന്നില്ല എന്ന് പ്രഭയും സാക്ഷ്യപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങള്‍ ദുരന്തം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അവസാനിച്ചു എന്നാണ് ഡോ. ജോണ്‍സന്‍ പറയുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും അടിത്തട്ടിലേക്ക് എത്തുന്നില്ല എന്ന് വിപിന്‍ ആരോപിക്കുന്നു. “നഷ്ടപരിഹാരം കൊടുക്കുന്നതിന് വേണ്ടിയുള്ള പേപ്പറുകള്‍ നീങ്ങുന്നുണ്ട്. കാണാതായവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കും ഇതുവരെ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല,” എന്ന് പ്രഭ പറയുന്നു. കൗണ്‍സിലിങ്ങിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായങ്ങളൊന്നും ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഡോ. ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.