| Wednesday, 25th July 2018, 10:48 pm

ഓഖി ദുരന്തത്തിന് പ്രത്യേക പാക്കേജില്ല; 209.50 കോടി നല്‍കി, ഇനി സഹായമില്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓഖി ദുരന്തത്തിനു ശേഷം 7304 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.


Read:  പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഇമ്രാന്‍ഖാന്റെ പാര്‍ട്ടി മുന്നില്‍


ഓഖി ദുരിതാശ്വാസത്തിനായി കേരളം രണ്ടു നിവേദനങ്ങളാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 431.37 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.

എന്നാല്‍ നിലവിലുള്ള നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് (എന്‍.ഡി.ആര്‍.എസ്), സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ്(എസ്.ഡി.ആര്‍.എസ്) മാനദണ്ഡങ്ങള്‍ അനുസരിച്ച് ദീര്‍ഘകാല പദ്ധതികള്‍ക്ക് പണം അനുവദിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 209.50 കോടി രൂപ നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്ന് 133 കോടിയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്ന് 76.50 കോടി രൂപയുമാണു നല്‍കിയത്.


Read:  നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്


തമിഴ്നാടിന് 413.55 കോടിയും ലക്ഷദ്വീപിന് 15 കോടിയും നല്‍കി. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ പറയുന്നുണ്ട്.

പ്രത്യേക പാക്കേജ് പരിഗണനയില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി കൃഷ്ണരാജും വ്യക്തമാക്കി. ഓഖി ബാധിത മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാനായി കൃഷി വകുപ്പും ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പും 194.40 ലക്ഷം രൂപ നല്‍കിയതായും കൃഷിമന്ത്രിയുടെ മറുപടിയിലുണ്ട്.

We use cookies to give you the best possible experience. Learn more