ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത് എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി.
ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നെന്നും നവംബര്‍ 29 ന് ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 30 ന് ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല. ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്‌തെന്ന് രാജ്‌നാഥ് സഭയെ അറിയിച്ചു.
എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍്ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തര അഡീഷണന്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചവരെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
അതിനിടെ, ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാല്‍ ലോക്‌സഭയില്‍ ആരോപിച്ചു.