ഒ.കെ വാസുവിനൊപ്പം സിപി.ഐ.എമ്മില്‍ ചേര്‍ന്ന 5പേര്‍ തിരികെ ബി.ജെ.പിയിലേക്ക്; പാര്‍ട്ടിവിട്ടവരില്‍ വാസുവിന്റെ മകനും
Daily News
ഒ.കെ വാസുവിനൊപ്പം സിപി.ഐ.എമ്മില്‍ ചേര്‍ന്ന 5പേര്‍ തിരികെ ബി.ജെ.പിയിലേക്ക്; പാര്‍ട്ടിവിട്ടവരില്‍ വാസുവിന്റെ മകനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2017, 7:22 am

പാനൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ഒ.കെ.വാസുവിന്റെ മകനടക്കം എട്ടുപേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി നേതാവായ ഒ.കെ വാസു ബി.ജെ.പി ബന്ധം ഉപേക്ഷിച്ചായിരുന്നു സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നത്.


Also Read: ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറാമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി


ഒ.കെ.വാസുവിന്റെ മകന്‍ ഒ.കെ.ശ്രീജിത്ത്, വാസു പരവന്റവിട, തെള്ളക്കണ്ടി നാണു, മനോജ് മത്തത്ത്, ബാബു വടക്കയില്‍ എന്നിവര്‍ വാസുവിനൊപ്പം ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതായിരുന്നു. കൊല്ലപ്പെട്ട സി.പി.ഐ.എം. പ്രവര്‍ത്തകന്‍ കേളോത്ത് പവിത്രന്റെ സഹോദരന്‍ ബാലന്‍, വിളക്കോട്ടൂരിലെ സുബീഷ്, വസന്ത എന്നിവരും ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിയിലേക്ക് തിരികെ വന്നവരെ സെന്‍ട്രല്‍ പൊയിലൂരില്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഒ.കെ.വാസുവിന്റെ ശരീരം മാത്രമാണ് സി.പി.ഐ.എമ്മിനൊപ്പമുള്ളതെന്നും മനസ്സ് ബി.ജെ.പി.ക്കൊപ്പമാണെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.


Dont Miss: ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത് എം.വി.ആറായിരുന്നെന്ന് കെ.സുധാകരന്‍


സ്ഥാനമാനങ്ങള്‍ നല്കി സന്തോഷിപ്പിച്ച് നിര്‍ത്തിയവരെല്ലാം തിരിച്ചുവരും. രാഷ്ടീയമായി നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണ് പി.ജയരാജന്‍ പൊലീസിനെ ബി.ജെ.പി.ക്കെതിരെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സെക്രട്ടറി വി.പി.സുരേന്ദ്രന്‍, ഓട്ടാണി പത്മനാഭന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, വി.പി.ബാലന്‍, എ.സജീവന്‍, രാജേഷ് കൊച്ചിയങ്ങാടി, ഇ.പി.ബിജു എന്നിവര്‍ സംസാരിച്ചു.