| Monday, 18th August 2014, 12:22 pm

പോത്തുകള്‍ മേയുന്ന പാടവും തിരസ്‌കൃതന്റെ ഭാഷയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിചിത്രമായ പറക്കല്‍പോലെ, നെടുകെയും കുറുകെയുമുള്ള കുതറല്‍പോലെ ദിശാനിര്‍ണയത്തിനുപോലും വഴങ്ങാതെ സി. അയ്യപ്പന്റെ രചനകള്‍ വരേണ്യ സാഹിത്യമണ്ഡലത്തോട് കലഹിച്ചു. ഔദാര്യമോ സഹതാപമോ ഒന്നും ആവശ്യമില്ലെന്നുള്ള തുറന്നപ്രഖ്യാപനമായിരുന്നു അത്. ചുവന്നനാവ് എന്ന കഥയില്‍, പറയാന്‍ ബാക്കിവച്ച വര്‍ത്തമാനങ്ങളുമായ, പിടയ്ക്കുന്ന ദളിത് ക്രിസ്ത്യാനിയുടെ നാവുപോലെ, സാഹിത്യ പൊതുബോധത്തെ ഉലച്ചുകൊണ്ട്, ഭാവുകത്വത്തെ പിളര്‍ത്തിക്കൊണ്ട അയ്യപ്പന്റെ കഥകള്‍ സംവദിക്കുന്നു. ഒ.കെ. സന്തോഷ് എഴുതുന്നു…



ആതാമാഭിമാനത്തിനുവേണ്ടിയുള്ള കരച്ചിലും പല്ലുകടിയുമാണ് തന്റെ ഓരോ കഥകളുമെന്ന് ഉറച്ചു വിശ്വസിച്ച എഴുത്തുകാരനായിരുന്നു സി.അയ്യപ്പന്‍. അവഗണിക്കപ്പെട്ട മനുഷ്യരെയും ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട സമുദായങ്ങളുടെ അനുഭവമണ്ഡലങ്ങളെയും വരച്ചിടുകയായിരുന്നു അദ്ദേഹം. സാമൂഹികമായ ഒറ്റപ്പെടലുകളെ വിധ്വംസകമായി പ്രതിരോധിക്കുന്ന കഥാപാത്രങ്ങള്‍; വിശേഷിച്ചും ദളിത് പെണ്മയുടെ ആഘോഷങ്ങളായി മാറുന്നവരെയായിരുന്നു അയ്യപ്പന്‍ സൃഷ്ടിച്ചത്.

നിരൂപകരുടെ വരേണ്യഭാവന എല്ലാക്കാലത്തും അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു. 

കീഴാളജീവതം അതിഭാവുകത്വത്തിന്റെയും തിരസ്‌കാരത്തിന്റെയും ഇടയില്‍ നിവര്‍ന്നു നില്‍ക്കാനാവാതെ കിതച്ചപ്പോള്‍, ആഖ്യാനപരമായ പുതുമയും അനുഭവപരമായ വ്യതിരിക്തതയും ചേര്‍ത്തുകൊണ്ടാണ് മലയാള കഥാസാഹിത്യത്തിലേക്ക് അയ്യപ്പന്‍ കടന്നുവന്നത്. പക്ഷേ, നിരൂപകരുടെ വരേണ്യഭാവന എല്ലാക്കാലത്തും അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു. വ്യവസ്ഥാപിതവും അക്കാദമികവുമായ കഥാചരിത്രങ്ങളിലും പഠനങ്ങളിലുമെല്ലാം അയ്യപ്പനെ ജീവിതത്തിലെന്നും പിന്തുടര്‍ന്ന അവഗണനകള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും പറയാം.

ഉച്ചമയക്കത്തിലെ സ്വപ്നങ്ങള്‍ (1986), ഞണ്ടുകള്‍ (2002) എന്നീ കഥാസമാഹാരങ്ങളാണ് സി. അയ്യപ്പന്റേതായിട്ടുള്ളത്. പിന്നീട് എന്ന പേരില്‍ മനോരമ-പെന്‍ഗ്വിന്‍ ബുക്‌സ്, രണ്ടു ഡസനില്‍ താഴെ വരുന്ന സി അയ്യപ്പന്റെ എല്ലാ കഥകളും ചേര്‍ത്ത് “സി. അയ്യപ്പന്റെ കഥകള്‍” എന്ന പേരില്‍ പുസ്തകമിറക്കിയിട്ടുണ്ട്.

മലയാള കഥാസാഹിത്യത്തില്‍ ആധുനികതാവാദവും രാഷ്ട്രീയ ആധുനികതയും ഉച്ചഘട്ടത്തില്‍നിന്ന കാലത്ത് എഴുതിയതുകൊണ്ടാണോ സി. അയ്യപ്പന്റെ കഥകള്‍ വേണ്ടരീതിയില്‍ വായിക്കപ്പെടാതെ പോയത് എന്ന സംശയം സ്വാഭാവികമാണ്. ഏറെ ആഘോഷിക്കപ്പെടുന്നവരുടെ ഇടയിലേക്ക്, പ്രസ്ഥാനങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പിന്തുണയില്ലാതെ വരികയെന്ന സാഹസികതയും അവഗണനയ്ക്ക് കാരണമാവാം. എന്നാല്‍ പ്രേതഭാഷണം എന്ന കഥ അതിന്റെ ഇതിവൃത്തപരമായ പുതുമകൊണ്ട് മാത്രമല്ല, ആഖ്യാനപരമായ വ്യത്യസ്തതകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു.

ഭൂതബലി, കാവല്‍ഭൂതം, അരുന്ധതിദര്‍ശനന്യായം തുടങ്ങി നിരവത്തുകയാണിവരെയുള്ള കഥകളും സമാനങ്ങളായ അനുഭവമണ്ഡലങ്ങളെയും രേഖപ്പെടുത്തുന്നു. സാമുദായിക സ്വത്വത്തിന്റെ പ്രഖ്യാപനങ്ങളും ദേശപ്പഴമയുടെ കീഴാളഭാവനകളും ജാതിയനുഭവങ്ങളുടെ തുറന്നുപറച്ചിലുമെല്ലാം ചേര്‍ന്ന സി. അയ്യപ്പന്റെ രചനാലോകം മലയാളിയുടെ പൊതുമണ്ഡലയുക്തികള്‍ക്ക് വഴങ്ങുന്നവയായിരുന്നില്ല.


കീഴാളജീവതം അതിഭാവുകത്വത്തിന്റെയും തിരസ്‌കാരത്തിന്റെയും ഇടയില്‍ നിവര്‍ന്നു നില്‍ക്കാനാവാതെ കിതച്ചപ്പോള്‍, ആഖ്യാനപരമായ പുതുമയും അനുഭവപരമായ വ്യതിരിക്തതയും ചേര്‍ത്തുകൊണ്ടാണ് മലയാള കഥാസാഹിത്യത്തിലേക്ക് അയ്യപ്പന്‍ കടന്നുവന്നത്. പക്ഷേ, നിരൂപകരുടെ വരേണ്യഭാവന എല്ലാക്കാലത്തും അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു. വ്യവസ്ഥാപിതവും അക്കാദമികവുമായ കഥാചരിത്രങ്ങളിലും പഠനങ്ങളിലുമെല്ലാം അയ്യപ്പനെ ജീവിതത്തിലെന്നും പിന്തുടര്‍ന്ന അവഗണനകള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും പറയാം.


കൃത്രിമമായി ഒളിപ്പിച്ചുവച്ച അനുഭവലോകങ്ങളെ ഭ്രാന്തവും, അകാല്‍പ്പനികവുമായി വരയുമ്പോള്‍ തനിക്കു നേരിടാവുന്ന തിരസ്‌കാരങ്ങളേക്കാള്‍, കീഴാളജീവിതത്തിന്റെ സാര്‍വലൗകിക ഭൂപടത്തിലേക്ക് ഓരോ കഥയും ചേര്‍ത്തുവെയ്ക്കാനാണ് അയ്യപ്പന്‍ ശ്രമിച്ചത്. പ്രണയ തിരസ്‌കാരത്തേക്കാള്‍ വലിയ പാപമില്ലെന്ന് കെ.രാജനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. “ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്” എന്ന കഥ സ്വന്തം വാക്കുകളുടെ കൂട്ടിച്ചേര്‍പ്പിനൊപ്പം കീഴാള ആണത്തം നേരിടുന്ന സന്ദിഗ്ദ്ധതകളെയും അടയാളപ്പെടുത്തുന്നുണ്ടെന്ന് പില്‍ക്കാലത്ത് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ദളിത് സാഹിത്യ സംവാദങ്ങള്‍ സജീവമായ 1990-കളുടെ ഒടുവിലാണ്, കൃത്യമായി പറഞ്ഞാല്‍, ഭാഷാപോഷിണി ദളിത് സാഹിത്യപ്പതിപ്പില്‍ (1997) മലയാള സാഹിത്യത്തിലെ ദളിതസാന്നിധ്യം എന്ന ലേഖനത്തില്‍ സണ്ണി എം.കപിക്കാടാണ് സി.അയ്യപ്പനെക്കുറിച്ച് സവിശേഷമായ പരാമര്‍ശം നടത്തുന്നത്. പിന്നീട് ദളിത്-കീഴാള ബുദ്ധിജീവികളും എഴുത്തുകാരും വികസിച്ചുവന്ന ജ്ഞാനമണ്ഡലത്തിനൊപ്പം അയ്യപ്പന്റെ സര്‍ഗാത്മകതയെക്കൂടി ചേര്‍ത്തുവച്ചു.

ആധുനികതാവാദ വിമര്‍ശനത്തിന്റെയും നവോത്ഥാനാനുഭവങ്ങളുടെ വീണ്ടെടുപ്പിന്റെയും തുടര്‍ച്ചയില്‍ മലയാളത്തിലെ മറ്റേതൊരു കഥാകൃത്തിനേക്കാള്‍ സാര്‍വലൗകിക ഭാഷയും ഭാവനയും ഒത്തുചേര്‍ന്ന എഴുത്തുകാരനായി അയ്യപ്പന്‍ തിരിച്ചറിയപ്പെട്ടു. കഥാസാഹിത്യം അന്നുവരെ പുലര്‍ത്തിയ നിശബ്ദതയെ ഭേദിച്ച്, കെ.കെ. കൊച്ചിന്റെ പ്രയോഗം കടമെടുത്താല്‍ “”ഇരുട്ടെല്ലാം എറിഞ്ഞു പൊട്ടിച്ച് അയ്യപ്പന്‍”” എഴുത്തിന്റെയും സംവാദത്തിന്റെയും ഇടം തിരിച്ചുപിടിക്കുകയായിരുന്നു.

[]വിചിത്രമായ പറക്കല്‍പോലെ, നെടുകെയും കുറുകെയുമുള്ള കുതറല്‍പോലെ ദിശാനിര്‍ണയത്തിനുപോലും വഴങ്ങാതെ സി. അയ്യപ്പന്റെ രചനകള്‍ വരേണ്യ സാഹിത്യമണ്ഡലത്തോട് കലഹിച്ചു. ഔദാര്യമോ സഹതാപമോ ഒന്നും ആവശ്യമില്ലെന്നുള്ള തുറന്നപ്രഖ്യാപനമായിരുന്നു അത്. ചുവന്നനാവ് എന്ന കഥയില്‍, പറയാന്‍ ബാക്കിവച്ച വര്‍ത്തമാനങ്ങളുമായ, പിടയ്ക്കുന്ന ദളിത് ക്രിസ്ത്യാനിയുടെ നാവുപോലെ, സാഹിത്യ പൊതുബോധത്തെ ഉലച്ചുകൊണ്ട്, ഭാവുകത്വത്തെ പിളര്‍ത്തിക്കൊണ്ട അയ്യപ്പന്റെ കഥകള്‍ സംവദിക്കുന്നു.

പെരുമ്പാവൂരിന് സമീപം പുല്ലുവഴിക്കടുത്ത് വളയന്‍ ചിറങ്ങരയെന്ന ഗ്രാമത്തില്‍നിന്നും എറണാകുളം നഗരത്തിലെത്തിയതിന്റെ പരിഭ്രാന്തി, കലാലയജീവിതകാലത്തെ ഓര്‍ത്തുകൊണ്ട് സി.അയ്യപ്പന്‍ പറയുന്നുണ്ട്. നാഗരികതയോടും ആധുനികതയോടും അന്തമില്ലാത്ത അകല്‍ച്ചയും ഉത്കണ്ഠയും പുലര്‍ത്തിയതിന്റെ നേരെഴുത്തുകളായി മാറി പിന്നീടുള്ള ഓരോ കഥകളും. കനാലുകളും പുറമ്പോക്കുകളും പോത്തുകള്‍ മേയുന്ന പാടങ്ങളും, തോട്ടിറമ്പുകളും പ്രേതങ്ങള്‍ കൂടിയിരിക്കുന്ന വിചിത്രമായ ഇടങ്ങളുമെല്ലാം ചേര്‍ത്തുവെച്ചെഴുതിയ കഥകള്‍ സ്ഥലപരമായ വിച്ഛേദം കൂടി സൃഷ്ടിച്ചു. പക്ഷേ, പില്‍ക്കാല സാഹിത്യ സംവാദങ്ങളിലെ കീഴാള പ്രതിനിധാനങ്ങളുടെ വീണ്ടെടുപ്പാണ് സി.അയ്യപ്പന്റെ രചനകളെ വ്യത്യസ്തമായി വായിക്കുവാന്‍ പ്രേരിപ്പിച്ചെന്ന് നിസംശയം പറയാം.

തീര്‍ച്ചയായും, ദളിത്/കീഴാള/സ്ത്രീ സംവാദങ്ങളുടെയും ഭാവുകത്വവ്യതിയാനത്തിന്റെയും സവിശേഷഘട്ടത്തിലാണ് സി.അയ്യപ്പന്റെ കഥകള്‍ മലയാളി വായിച്ചത്. ഏറെയൊന്നും എഴുതാതെ, അതിലും കുറച്ച് പറഞ്ഞ്, അദ്ദേഹം വിടവാങ്ങിയതിന്റെ രണ്ടാമത്തെ വര്‍ഷം കടന്നുപോകുമ്പോള്‍, കാവല്‍ഭൂതത്തിലെ “”ഞാന്‍ എന്റെ സ്വാതന്ത്ര്യത്തെ നിനക്ക് തരുന്നു”” എന്ന പ്രഖ്യാപനത്തെ കാലുഷ്യമില്ലാതെ സ്വീകരിക്കാനുള്ള സാമുദായിക മണ്ഡലം വികസിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more