ശിഥിലമായ പ്രതിപക്ഷമാണ്, ഹിന്ദുത്വവല്‍ക്കരണം അജണ്ടയാക്കിയ സ്വന്തം മുന്നണിയുടെ ശക്തിയേക്കാള്‍ നരേന്ദ്രമോദിക്ക് ഇക്കുറി വിജയപ്രതീക്ഷ നല്‍കുന്നതെന്നുവേണം കരുതാന്‍. ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രാദേശിക-ദേശീയപ്പാര്‍ട്ടികളുടെ ഐക്യനിരയുണ്ടാക്കുവാന്‍ ദേശീയതലത്തില്‍ ധാരണയിലെത്തിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമിടയില്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പൊടുന്നനെയുണ്ടായ അസ്വാരസ്യം ബി.ജെ.പിക്ക് വലിയൊരായുധമാവുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര-ജനാധിപത്യപ്പാര്‍ട്ടിയുടെ ദേശീയ നേതാവിനെ ആക്രമിക്കുവാന്‍ നിര്‍ബ്ബന്ധിതമായ കേരളത്തിലെ ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് ബി.ജെ.പി നേതാക്കളും ഉന്നയിക്കുന്നതെന്നാണ് വൈപരീത്യം.
ബി.ജെ.പിയെപ്പേടിച്ച് അമേഠിയില്‍നിന്ന് കേരളത്തിലേക്ക് ഒളിച്ചോടുകയാണ് രാഹുല്‍ഗാന്ധിയെന്ന ബി.ജെ.പിയുടെ പരിഹാസം തന്നെയാണ് ഇടതുപക്ഷപ്പാര്‍ട്ടികളും കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ ദേശീയതലത്തില്‍ പ്രചരണം നടത്തുന്ന ഏറ്റവും വലിയ പ്രതിപക്ഷപ്പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതിലെ ഈ വൈരുദ്ധ്യം ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയിലേക്കെന്നതിനേക്കാള്‍ സത്യസന്ധതയില്ലായ്മയിലേക്കാണ് ചൂണ്ടുന്നത്.
കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ തെരഞ്ഞെടുപ്പു സഖ്യം ഇല്ലെന്നിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സമ്പൂര്‍ണ്ണാവകാശം ആ പാര്‍ട്ടിക്കാണെന്ന യാഥാര്‍ത്ഥ്യം ഇടതുപക്ഷവും, ഇടതുപക്ഷവുമായുള്ള മത്സരം കേരളത്തില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന സാമാന്യമര്യാദ കോണ്‍ഗ്രസും വിസ്മരിച്ചുവെന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍, കോണ്‍ഗ്രസിന്റെ ഉത്തരേന്ത്യയിലെ എം.പിമാരെപ്പോലെ ബി.ജെ.പിക്ക് വിലക്കെടുക്കാനാവുന്നവരല്ലെന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഓര്‍മ്മിക്കണമായിരുന്നു.
സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടക്കെതിരെ കണിശനിലപാടുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം ഇടയുന്നത് മതേതര-ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്നതിന്റെ പൊതു സാഹചര്യമിതാണ്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മതേതര മുന്നണിയുണ്ടാക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കുമെന്ന വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്. അത് ശരിയാണെങ്കില്‍, മോദിക്കെതിരായ മതേതര-ജനാധിപത്യപ്പാര്‍ട്ടികളുടെ ഒരു സഖ്യം ഇന്ത്യയില്‍ അസാദ്ധ്യമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. സംഘപരിവാര ശക്തികളെ എതിര്‍ക്കുന്നവര്‍തന്നെ അതിന്റെ പരോക്ഷ സഹായികളായി മാറുന്ന വിചിത്ര കാഴ്ചയാണത്. ബി.ജെ.പിയെ നേരിടുവാന്‍ പ്രതിപക്ഷം ഇനിയും സജ്ജമായിട്ടില്ലെന്ന ഖേദകരമായ അവസ്ഥയാണിത്.
അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ക്കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദ്ദേശം ആദ്യം ഉന്നയിച്ചത് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയാണെന്ന വാര്‍ത്ത ശരിയാണെങ്കിലും അല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന് അമേഠിയോടൊപ്പം, സുരക്ഷിതമായ കേരളത്തിലെ ഒരു മണ്ഡലംകൂടി തെരഞ്ഞെടുക്കുവാനുള്ള അവകാശം ആ പാര്‍ട്ടിക്ക് അനുവദിച്ചുകൊടുക്കുകയാണ് ജനാധിപത്യ മര്യാദ. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നിരിക്കെ, കോണ്‍ഗ്രസ് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഇടതുപക്ഷത്തിന് വിജയസാദ്ധ്യത കമ്മിയായ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് മത്സരിക്കുന്നതിനെ എന്തിന് സി.പി.ഐ.എം പേടിക്കണമെന്ന ചോദ്യവും അവഗണിക്കാവുന്നതല്ല.
സി.പി.ഐ.എമ്മിന് വമ്പിച്ച സ്വാധീനമുള്ള കേരളത്തിലെന്നല്ല, ആ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായ ബംഗാളില്‍പ്പോലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നിരിക്കെ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം അസഹിഷ്ണുത കാണിക്കുന്നതിലും അര്‍ത്ഥമൊന്നുമില്ല. ഇടതുപക്ഷത്തിനെതിരെയുള്ള ഒരു മത്സരമായി അതിനെ സി.പി.ഐ.എം കാണരുതായിരുന്നു. മോദിക്ക് ബദലായി രാജ്യത്തുയര്‍ന്നുവരേണ്ട ജനാധിപത്യപ്പാര്‍ട്ടികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയെയും അതിന്റെ നേതാവിനെയും ആക്രമിച്ചുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമോ എന്ന രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യവും പ്രസക്തമാണ്. വാസ്തവത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കിടയിലെ വൈരുദ്ധ്യം അപരിഹാര്യമാണെന്ന വസ്തുതയാണ് ഈ വിവാദം മറനീക്കിക്കാണിക്കുന്നത്.
ബി.ജെ.പിയുടെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ പ്രതിരോധിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്ന വാദം അംഗീകരിച്ചാലും, കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷവും കോണ്‍ഗ്രസുമാണ് മുഖ്യ എതിരാളികളെന്ന വാസ്തവം അവശേഷിക്കുന്നു. ബി.ജെ.പിക്കെതിരായ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിലാണോ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷന്‍ മത്സരിക്കേണ്ടതെന്ന ഇടതുപക്ഷത്തിന്റെ ചോദ്യം അവരെസ്സംബന്ധിച്ച് ന്യായമാണെങ്കിലും കോണ്‍ഗ്രസിനും അവരുടേതായ ന്യായങ്ങളുണ്ട്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടിനെ എക്കാലത്തും എതിര്‍ത്തുതോല്‍പ്പിച്ചിരുന്നത് കേരളത്തിലെ സി.പി.ഐ.എം നേതൃത്വമാണെന്ന വസ്തുതയുമുണ്ട്. അത്തരമൊരു സഖ്യമോ, അല്ലെങ്കില്‍ മുഖ്യശത്രുവിനെതിരെയുള്ള ഒരു മിനിമം ധാരണയോ നേരത്തേതന്നെ ഉണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന വിവാദവും ശത്രുതയുമാണിത്. ഈ വിവാദം മുഖ്യശത്രുവായ ബി.ജെ.പിയെയാണ് സഹായിക്കുകയെന്ന വാസ്തവം ഇരുവിഭാഗവും വിസ്മരിക്കുന്നുവെന്നതാണ് ജനാധിപത്യവാദികളെ ആശങ്കാകുലരാക്കുന്നത്.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തോടൊപ്പം ചേരാനുറച്ച പ്രാദേശികപ്പാര്‍ട്ടികളിലേറെയും മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നിലപാടുകളോട് വിയോജിപ്പുള്ളവരൊന്നുമല്ല. അധികാരരാഷ്ട്രീയത്തിന്റെ സാദ്ധ്യതകള്‍ക്കനുസരിച്ചുള്ള ഒരു താല്‍ക്കാലികതന്ത്രം മാത്രമാണ് അവരുടേത്. അവര്‍ എപ്പോള്‍ ഏത് പക്ഷത്തേക്ക് മാറും എന്ന് പ്രവചിക്കാനുമാവില്ല. ഉത്തരേന്ത്യയിലെ അവസരവാദികളും ഭാഗ്യാന്വേഷികളുമായ നേതാക്കള്‍തന്നെ നിര്‍ല്ലജ്ജം ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുമ്പോള്‍, വിശേഷിച്ചും. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗസും ഇടതുപക്ഷവും തമ്മിലുള്ള അകല്‍ച്ച സംഘപരിവാരത്തിന് മാത്രമേ സഹായകമാവൂ എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് മതേതര-ജനാധിപത്യവാദികള്‍ ആ പാര്‍ട്ടികളുടെ നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
മോദി സര്‍ക്കാരിനെതിരെ ദേശീയതലത്തില്‍ ഒരുമിച്ചുനില്‍ക്കുന്ന ഇടതുപക്ഷം, കോണ്‍ഗ്രസിന്റെ ദേശീയനേതാവിനെ കേരളത്തില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് പറയുന്നത് കേരളത്തില്‍ അവരുടെ മുഖ്യ ശത്രു കോണ്‍ഗ്രസായതിനാലാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രാദേശിക താല്‍പ്പര്യവും ദേശീയ താല്‍പ്പര്യവും വേറെവേറെയായിത്തീരുന്ന തികച്ചും സ്വാഭാവികമായൊരു അസംബന്ധ സാഹചര്യമാണിത്. എന്നാല്‍, ഈ നിലപാടിലെ വൈരുദ്ധ്യമാണ് സംഘപരിവാരത്തിന്റെയും നരേന്ദ്ര മോദിയുടെയും പ്രതിലോമ പ്രത്യയശാസ്ത്രത്തിന് ഇന്ധനമാകുന്നത്.
സംഘപരിവാരത്തിന്റെ വര്‍ഗ്ഗീയരാഷ്ട്രീയം ഉള്‍പ്പടെയുള്ള മാരകമായ ദേശീയവിപത്തുകളെ നേരിടുവാന്‍ പ്രത്യയശാസ്ത്ര പാണ്ഡിത്യത്തോടൊപ്പം പ്രായോഗികബുദ്ധിയും സാമാന്യബുദ്ധിയും തെല്ല് വിവേകവും ആവശ്യമാണെന്നുകൂടിയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. വെറും പ്രാദേശികമായ അധികാരരാഷ്ട്രീയത്തില്‍ മാത്രം കണ്ണുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേടിയെടുത്തതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. അതേ പ്രാദേശിക രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ആ സ്ഥാനാര്‍ത്ഥിത്വത്തെ കാണേണ്ടിവരുന്നതുകൊണ്ടാണ്, ദേശീയതലത്തില്‍ തങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും യോജിപ്പുള്ള ഒരു ദേശീയപ്പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ ഇടതുപക്ഷത്തിന് ആക്രമിക്കേണ്ടിവരുന്നതും. മുഖ്യശത്രുവിനെ മറന്നുള്ള ഈ പ്രായോഗിക രാഷ്ട്രീയലീല ആര്‍ക്കാണ് ഗുണംചെയ്യുക? ആശങ്കാജനകമായൊരു സാഹചര്യമാണിത്.
സംഘപരിവാരത്തിന്റെ കാവി രാഷ്ട്രീയത്തിനെതിരെ എക്കാലവും പോരാടുന്ന ഇടതുപക്ഷത്തിന് ആധിപത്യമുള്ള കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ അവരുടെ മുഖ്യശത്രു ബി.ജെ.പിയല്ല; ഇടതുപക്ഷമാണെന്ന സന്ദേശമല്ലേ നല്‍കുന്നതെന്ന ഇടതുപക്ഷത്തിന്റെ സംശയം തികച്ചും ന്യായമാണ്. ബി.ജെ.പിയെ പേടിച്ചാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും കേരളത്തിലേക്കുള്ള ഒളിച്ചോട്ടമെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും പ്രതിപക്ഷ ഐക്യത്തിനെതിരെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാനാവുന്ന അതേ തെറ്റായ സന്ദേശമല്ലേ നല്‍കുന്നത്? നരേന്ദ്ര മോദിയുടെ ജനാധിപത്യധ്വംസനങ്ങളിലും അഴിമതികളിലും വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ കരാളതയില്‍നിന്നും രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ചര്‍ച്ചകളെ വഴിമാറ്റി വിട്ടവര്‍ ഭാവിയില്‍ ഖേദിക്കേണ്ടിവരുമെന്നാണ് ഞാന്‍ കരുതുന്നത്.
മുഖ്യശത്രു ആരെന്ന ചോദ്യമല്ലേ കോണ്‍ഗ്രസും ഇടതുപക്ഷവും വാസ്തവത്തില്‍ സ്വയം ചോദിക്കേണ്ടത്? ആ ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ അവര്‍ക്ക് കഴിയുമാറാകട്ടെ എന്നാവും മതേതര-ജനാധിപത്യ വിശ്വാസികളുടെ ആശംസ.