പൊലീസ് മേധാവിയുടെ ഉദ്‌ബോധനം
Opinion
പൊലീസ് മേധാവിയുടെ ഉദ്‌ബോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2017, 1:15 pm

പൊലീസില്‍നിന്ന് ജനങ്ങളല്ല, ജനങ്ങളില്‍നിന്ന് പൊലീസാണ് സാമൂഹികബോധം ആര്‍ജ്ജിക്കേണ്ടത്. സെന്‍കുമാറിന്റെ വികസനവായ്ത്താരി ടിവിയില്‍ കണ്ടപ്പോള്‍, പുതുവൈപ്പിനില്‍ പൊലീസ് നടത്തിയ നരനായാട്ട് ആസൂത്രിതമായിരുന്നുവെന്ന സംശയമാണുണര്‍ത്തിയത്.


ഏത് ജനകീയപ്രക്ഷോഭത്തെയും അടിച്ചമര്‍ത്താന്‍ സര്‍ക്കാരും പൊലീസും ഇപ്പോള്‍ തീവ്രവാദത്തെയാണ് മറയാക്കുന്നത്. പുതുവൈപ്പിനിലെ സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ ന്യായീകരിക്കാന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് സമരക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നാണ്.

ജനകീയ സമരങ്ങളെ ഇങ്ങനെ തീവ്രവാദമുദ്രകുത്തി മര്‍ദ്ദിക്കാമെന്ന് കരുതുന്ന പൊലീസ് മേധാവി ഒരു ജനാധിപത്യസമൂഹത്തിനുതന്നെ ഭീഷണിയാണ്. ഇത് പൊലീസ് രാജിന്റെ ലക്ഷണമാണ്. ഇത് ജനങ്ങളെ ഭീഷണിപ്പെടുത്തലാണ്. നിലമ്പൂരിലെ ” ഏറ്റുമുട്ടല്‍ക്കൊലപാതകവും” മറക്കാറായിട്ടില്ലല്ലോ. മോദി സര്‍ക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ ഈ പൊലീസ് രാജ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരിടതുപക്ഷ ജനകീയ സര്‍ക്കാരിന് ഇത് അപമാനമാണ്.

ഇസന്‍കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ദിവസം പുതുവൈപ്പിനിലെ സമരത്തെക്കുറിച്ച് സംസാരിക്കവെ ടെലിവിഷന്‍ ക്യാമറകള്‍ക്കുമുന്നില്‍ വികസനത്തെക്കുറിച്ച് ഉദ്‌ബോധനം നടത്തുന്നതും കണ്ടു. വികസനത്തെ തടയുന്ന സമരക്കാരോടുള്ള പുച്ഛവും അവരുടെ പിന്നില്‍ തീവ്രവാദബന്ധമുള്ള സംഘടനകളുണ്ടെന്ന ആരോപണവുമാണ് സെന്‍കുമാര്‍ പ്രകടിപ്പിച്ചത്.

ക്രമസമാധാനപാലനച്ചുമതലയുള്ള പൊലീസ് അത് നിയമപരമായി നിര്‍വ്വഹിക്കുന്നതിനുപകരം നാട്ടിലെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കണമെന്നൊക്കെ ഉദ്‌ബോധിപ്പിക്കുന്നത് അത്ര സുഖകരമായ സംഗതിയല്ല. പൊലീസില്‍നിന്ന് ജനങ്ങളല്ല, ജനങ്ങളില്‍നിന്ന് പൊലീസാണ് സാമൂഹികബോധം ആര്‍ജ്ജിക്കേണ്ടത്. സെന്‍കുമാറിന്റെ വികസനവായ്ത്താരി ടിവിയില്‍ കണ്ടപ്പോള്‍, പുതുവൈപ്പിനില്‍ പൊലീസ് നടത്തിയ നരനായാട്ട് ആസൂത്രിതമായിരുന്നുവെന്ന സംശയമാണുണര്‍ത്തിയത്.

സിനിമയിലെ പൊലീസ് വേഷത്തിലൂടെ സുരേഷ് ഗോപി കാണിച്ച അല്‍പ്പത്തരങ്ങളൊക്കെ യഥാര്‍ത്ഥ പൊലീസുകാര്‍ അനുകരിക്കാന്‍ തുടങ്ങുന്ന കാഴ്ച്ചയാണിത്. പൊലീസ് മേധാവിയായ സെന്‍കുമാര്‍ സുരേഷ്‌ഗോപി കളിക്കുകയാണോ?

മന്ത്രിമാരുടെയും നേതാക്കളുടെയും ഉദ്‌ബോധനം പോരാഞ്ഞ് ഇപ്പോള്‍ പൊലീസ് മേധാവിയും ജനങ്ങളെ വികസനത്തെപ്പറ്റി ഉദ്‌ബോധിപ്പിക്കാന്‍ തുടങ്ങിയെന്നത് ജനാധിപത്യ-പുരോഗമന കേരളത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. ഇതൊരു അപായസൂചനയാണ്. അല്ലെങ്കില്‍, സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളില്‍നിന്നും അതുവഴിയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തില്‍നിന്നും ലഭിച്ച പ്രചോദനം, ജനാധിപത്യരീതികളിലുള്ള സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ഇന്ധനമാക്കുന്നതിലെ അപഹാസ്യത, സെന്‍കുമാറിന് മനസിലാകുന്നില്ലെങ്കിലും മലയാളികള്‍ക്ക് മനസിലാകുന്നുണ്ട്.