പുനത്തില്‍ എന്ന കുഞ്ഞിക്ക
Daily News
പുനത്തില്‍ എന്ന കുഞ്ഞിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2015, 6:13 pm

 പ്രതിഭാശാലിയായ ഒരു മുതിര്‍ന്ന എഴുത്തുകാരനില്‍നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കാനിടയില്ലാത്തതരം കുസൃതികളും അസംബന്ധങ്ങളും പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സഹജമാണ്. ബാബറി മസ്ജിദിന്റെ നേര്‍ക്കുണ്ടായ ആക്രമണം ഇന്ത്യന്‍ ഫാസിസത്തിന്റെ ഒരു രാഷ്ട്രീയ പരീക്ഷണമാണെന്ന വാസ്തവത്തെപ്പോലും ലാഘവബുദ്ധിയോടെ കാണാന്‍ കഴിയുന്ന ഒരു നിസ്സംഗത പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലൊരു എഴുത്തുകാരന് എങ്ങിനെ സാദ്ധ്യമാവുന്നു എന്ന് അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥരായ വായനക്കാരെപ്പോലെ ഞാനും അത്ഭുതപ്പെട്ടിരുന്നു.



OK-Johnyഒ.കെ. ജോണി


വ്യക്തിപരമായി എനിക്ക് ഊഷ്മളബന്ധമുള്ള മലയാളത്തിലെ മൂന്നോ നാലോ മുതിര്‍ന്ന എഴുത്തുകാരിലൊരാളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. പുനത്തില്‍ എന്ന എഴുത്തുകാരന്റെ സാഹിത്യജീവിതത്തില്‍ കരിനിഴല്‍ വീഴാനിടയായ ഒരു ആരോപണത്തിനു പരോക്ഷമായെങ്കിലും കാരണക്കാരനായ ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിലെ വൈരുദ്ധ്യം കാപട്യമായി തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടെന്ന് ഓര്‍ക്കാതെയല്ല ഞാനീ സ്വകാര്യം വര്‍ഷങ്ങള്‍ക്കുശേഷം പരസ്യപ്പെടുത്തുന്നത്.

സാഹിത്യകൃതിയെക്കുറിച്ചുള്ള പ്രതികൂലാഭിപ്രായങ്ങള്‍ സാഹിത്യകാരനോടുള്ള വ്യക്തിപരമായ ശത്രുതയുടെ ഫലമാണെന്ന് കരുതുന്നവര്‍ കുറവല്ല. സാഹിത്യകാരനോടുള്ള ശത്രുതയുടെ ഭാഗമായി അയാളുടെ സാഹിത്യകൃതികളെ ആക്ഷേപിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധാരണവുമല്ലാത്തതിനാല്‍ ആ തോന്നല്‍ സ്വഭാവികവുമാണ്.

ഒ.വി. വിജയനെയും ബഷീറിനെയും നിസ്സാരരായി ചിത്രീകരിക്കുവാന്‍ മലയാളത്തിലെ ചില പരാജിതസാഹിത്യകാരന്മാര്‍ നടത്തിയ ഹീനശ്രമങ്ങള്‍ മലയാളികള്‍ മറന്നിരിക്കാനുമിടയില്ല. അവരുടെ ആശ്രിതന്മാര്‍ ജന്മം നല്‍കിയ “കുയ്യാന”കളുടെ ജഢാവശിഷ്ടങ്ങള്‍ ഇപ്പോഴും ഗ്രന്ഥാലയങ്ങളില്‍ പൊടിമൂടിക്കിടക്കുന്നുണ്ടാവണം.

ജി.എന്‍. പണിക്കരും, അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് വിലാസിനിയും മുതിര്‍ന്ന നിരൂപകനായ എസ്. ഗുപ്തന്‍ നായരുമെല്ലാം അണിയറയിലിരുന്ന് നടത്തിയ ഗൂഢാലോചനകളായിരുന്നു ഒ.വി. വിജയനെയും ബഷീറിനെയും കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട തരംതാണ വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്ന് പില്‍ക്കാലത്ത് വെളിപ്പെടുകയും ചെയ്തു.

punathil-Kunjabdulla-3

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങളെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ക്കുപിന്നിലും ഇത്തരം ചില ഗൂഢലക്ഷ്യങ്ങളുള്ളതായി ചിലരെങ്കിലും സംശയിച്ചിരുന്നു. എന്നാല്‍, കന്യാവനങ്ങളെക്കുറിച്ച് ഞാനുയര്‍ത്തിയ ആ ആരോപണം അടിസ്ഥാനരഹിതമല്ലെങ്കിലും, തീര്‍ത്തും നിര്‍ദ്ദോഷമായ ഒരു തമാശമാത്രമായിരുന്നുവെന്ന് പുനത്തിലിന് അറിയാമായിരുന്നു. ഒരു ലിറ്റററി ഗോസിപ്പ് എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം അതിനില്ലെന്നാണ് അന്നുമിന്നും എന്റെ തോന്നല്‍.

വ്യക്തിപരമായ ശത്രുതയായിരുന്നില്ല എന്റെ പ്രതികരണത്തിന് ഹേതുവെന്ന് പുനത്തിലിനും അറിയാമായിരുന്നതിനാലാണ് ഞങ്ങളുടെ വെറും പരിചയം ആ വിവാദങ്ങളുണ്ടായതിനുശേഷം ഗാഢസൗഹൃദമായിപ്പരിണമിച്ചത്. ഞാനുന്നയിച്ച ആരോപണമായിരുന്നില്ല, അതേച്ചൊല്ലി തന്റെ ശത്രുക്കള്‍ നിരന്തരം നടത്തിയ നിര്‍ദ്ദയമായ ആക്രമണമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പ്രകോപിപ്പിക്കുകയും അതിലേറെ വേദനിപ്പിക്കുകയും ചെയ്തതെന്ന് എനിക്കറിയാം.

കുഞ്ഞിക്ക തന്നെ അത് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ആ വേദനയ്ക്ക് കാരണക്കാരനായ ആളെന്ന നിലയില്‍ ഞാനനുഭവിച്ച െൈവയക്തിക സങ്കടമാണ് എന്നെ കുഞ്ഞബ്ദുള്ളയിലേക്കടുപ്പിച്ചത് എന്നതാണ് വാസ്തവം.

പ്രതിഭാശാലിയായ ഒരു മുതിര്‍ന്ന എഴുത്തുകാരനില്‍നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കാനിടയില്ലാത്തതരം കുസൃതികളും അസംബന്ധങ്ങളും പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സഹജമാണ്. ബാബറി മസ്ജിദിന്റെ നേര്‍ക്കുണ്ടായ ആക്രമണം ഇന്ത്യന്‍ ഫാസിസത്തിന്റെ ഒരു രാഷ്ട്രീയ പരീക്ഷണമാണെന്ന വാസ്തവത്തെപ്പോലും ലാഘവബുദ്ധിയോടെ കാണാന്‍ കഴിയുന്ന ഒരു നിസ്സംഗത പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലൊരു എഴുത്തുകാരന് എങ്ങിനെ സാദ്ധ്യമാവുന്നു എന്ന് അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥരായ വായനക്കാരെപ്പോലെ ഞാനും അത്ഭുതപ്പെട്ടിരുന്നു.

ഒരു മതത്തോടും അന്ധഭക്തിയില്ലാതിരിക്കുമ്പോഴും മതത്തിന്റെ പേരില്‍ മനുഷ്യരെ ശത്രുക്കളാക്കി രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ വാക്കുകൊണ്ട് പിന്തുണയ്ക്കാനും തിരഞ്ഞെടുപ്പില്‍ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അദ്ദേഹം തയ്യാറായതും പില്‍ക്കാലത്ത് പലരെയും അമ്പരപ്പിക്കുകയും ചെയ്തു.


Punathil-Kunjabdulla-1

സെന്‍സേഷനിലിസം മാത്രം ലാക്കാക്കുന്ന ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ കാമറയ്ക്കുമുന്നില്‍ സ്വന്തം ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചും അമാന്യപ്രവൃത്തികളെക്കുറിച്ചും അതിശയോക്തിപറയുന്ന ഒരു ആത്മപരിഹാസികൂടിയാണ് കുഞ്ഞബ്ദുള്ള. ആത്മഹത്യാപരമെന്നുപോലും വിശേഷിപ്പിക്കാവുന്ന സ്വയം തിരസ്‌കാരത്തിന്റെ ഒരാവിഷ്‌കാരമാണിത്. പുനത്തിലിന്റെ സര്‍ഗ്ഗാത്മകജീവിതവും പരസ്യമായ വ്യക്തിജീവിതവും തമ്മിലുള്ള ഈ വൈരുദ്ധ്യം അഥവാ പാരസ്പര്യം സങ്കീര്‍ണ്ണവും പഠനാര്‍ഹവുമാണ്.

ആധുനിക മലയാള നോവലിന്റെയും ചെറുകഥയുടെയും മണ്ഡലങ്ങളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനകള്‍ക്കുള്ള സവിശേഷമായ സ്ഥാനം നിരൂപകര്‍ പലമട്ടില്‍ മുന്നേ അടയാളപ്പെടുത്തിയിട്ടുണ്ട്. ടാഗോറിന്റെ ഏതാനും വരികള്‍ കടമെടുത്തതുകൊണ്ട് ഇല്ലാതാവുന്നതല്ല, സ്മാരകശിലകളെഴുതിയ കുഞ്ഞബ്ദുള്ളയുടെ എഴുത്തുകാരനെന്ന നിലയിലുള്ള പ്രസക്തിയെന്ന് അദ്ദേഹത്തിന്റെ പില്‍ക്കാലരചനകളും സാക്ഷ്യംനല്‍കുന്നു.

തന്റെ സമകാലികരായ ആധുനിക സാഹിത്യകാരന്മാരില്‍നിന്നും സാഹിത്യകാരികളില്‍നിന്നും ദര്‍ശനത്തിലും ആവിഷ്‌കാരരീതിയിലും വ്യത്യസ്തനായിരിക്കുവാന്‍ കുഞ്ഞബ്ദുള്ള ബോധപൂര്‍വ്വമല്ലാതെതന്നെ നടത്തിയ സര്‍ഗ്ഗാത്മകസമരമാണ് അദ്ദേഹത്തിന്റെ രചനകളുടെ മൗലികതയ്ക്ക് നിദാനം. ബഷീറിനെയും മാധവിക്കുട്ടിയെയുംപോലെ ബൗദ്ധികതയേക്കാള്‍ സഹജാവബോധത്തെ അവലംബിക്കുന്ന ഒരു സര്‍ഗ്ഗാത്മകതയാണത്.

ഭാഷയിലും രൂപശില്‍പ്പത്തിലും ചിന്തയിലും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനകള്‍ പുലര്‍ത്തുന്ന സാരള്യം മാധവിക്കുട്ടിയുടെയും ബഷീറിന്റെയും കൃതികളിലെന്നതുപോലെ ജീവിതത്തെയും ജീവിതസന്ദര്‍ഭങ്ങളെയും മനുഷ്യരെയും പ്രപഞ്ചത്തെയും സംബന്ധിച്ച വലിയ ആഴങ്ങള്‍ സന്നിഹിതമാക്കുന്നതാണ്.

എന്റെ ഒരു ഡോക്യുമെന്ററി സിനിമ ദേശീയ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട വര്‍ഷം ജൂറിയില്‍ കുഞ്ഞിക്കയും അംഗമായിരുന്നു. സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍നിന്ന് രാത്രി ഫോണില്‍ വിളിച്ച് കുഞ്ഞിക്ക പറഞ്ഞു: “ജൂറി ചെയര്‍മാനായ ഥാപ്പയും, അംഗമായ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക മീരാ ധവാനും നിന്റെ പടത്തെപ്പറ്റി നല്ല അഭിപ്രായം പറയുന്നതുകേട്ടതിനാല്‍ നിനക്കുവേണ്ടി വാദിക്കേണ്ട എന്റെ ഉത്തരവാദിത്വം ഒഴിവായിക്കിട്ടി. ഇനി അവസാന നിമിഷം അത് നിനക്കല്ലെങ്കില്‍ മാത്രമായിരിക്കും ഞാനുത്തരവാദിയാവുക.”

കുഞ്ഞിക്ക പ്രവചിച്ചതുപോലെ ഏറ്റവും മികച്ച സാമൂഹിക ചിത്രത്തിനുള്ള അവാര്‍ഡ് അക്കൊല്ലം സൈലന്റ് സ്‌ക്രീംസ് എ വില്ലേജ് ക്രോണിക്കിള്‍ എന്ന ഡോക്യുമെന്ററിക്കായിരുന്നു. അതേക്കുറിച്ച് കുഞ്ഞിക്ക മലയാള മനോരമയിലെ തന്റെ പംക്തിയില്‍ എഴുതുകയുമുണ്ടായി. തനിക്കെതിരെ ആരോപണമുന്നയിച്ച ഒരാളോടുപോലുമുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഈ നിഷ്‌കപടമായ സമീപനമാണ് അദ്ദേഹത്തിന്റെ സകല ചെയ്തികളിലുമുള്ളതെന്ന് സൂചിപ്പിക്കുവാനാണ് ഈ സന്ദര്‍ഭം ഞാന്‍ എടുത്തുപറഞ്ഞത്.

 

punathil-Kunjabdulla-2

 

കുഞ്ഞിക്കയുടെ വീട്ടില്‍ പലപ്പോഴായി ഞാന്‍ ആഴ്ചകളോളം താമസിച്ചിട്ടുണ്ട്. അദ്ദേഹം പാചകംചെയ്യുന്നത് കാണുമ്പോഴാണ് എഴുത്തുപോലെ പാചകവിദ്യയും വലിയ സൂക്ഷ്മതയാവശ്യമുള്ള ഒരു മനോഹര പ്രവൃത്തിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

കര്‍ണ്ണാടകഗ്രാമങ്ങളിലൂടെ ഞങ്ങള്‍ ഒന്നിലേറെത്തവണ നടത്തിയ യാത്രകളെ ഹൃദ്യമാക്കിയത് വഴിവെട്ടത്തിനായി നടത്തിയ വിഷപാനം മാത്രമായിരുന്നില്ല, കുഞ്ഞിക്കയുടെ അസാധാരണങ്ങളായ നിരീക്ഷണങ്ങളുംകൂടിയായിരുന്നു. ആ യാത്രക്കിടയിലാണ് ടിപ്പുസുല്‍ത്താനെക്കുറിച്ചുള്ള ഒരു ചരിത്രനോവലെഴുതാമോ എന്ന് ഞാനദ്ദേഹത്തോട് ആരാഞ്ഞത്.

അതിനായി ടിപ്പുവിനെക്കുറിച്ച് ഒന്നര നൂറ്റാണ്ടിനുമുമ്പ് മെഡോസ് ടെയ്‌ലറെഴുതിയ ഒരു നോവലും ചില റെഫറന്‍സ് കൃതികളും ഞാനദ്ദേഹത്തിന് നല്‍കിയിരുന്നു. വെറും ചരിത്രവിവരണമായിക്കലാശിച്ച ടെയ്‌ലറുടെ ആ പഴയ ആഖ്യായിക ഒരു സാഹിത്യകൃതിയെന്ന നിലയില്‍ കേമമല്ലെങ്കിലും അതിലെ പശ്ചാത്തലവിവരങ്ങള്‍ നല്ലൊരു നോവലിന്റെ അസംസ്‌കൃതവിഭവമാക്കാന്‍ കഴിയുമെന്നായിരുന്നു എന്റെ തോന്നല്‍. തുടക്കത്തില്‍ പ്രചോദിതനായ കുഞ്ഞിക്ക ആ പദ്ധതി എപ്പോഴാണ് ഉപേക്ഷിച്ചതെന്ന് എനിക്കറിയില്ല. പിന്നീട് വല്ലപ്പോഴുമേ ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുള്ളൂ.

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന വലിയ എഴുത്തുകാരനും കുഞ്ഞിക്കയെന്ന എളിയ മനുഷ്യനും ഒരേ ഉന്മാദത്താല്‍ പ്രചോദിതമാകുന്ന രണ്ട് വ്യക്തിത്വങ്ങളാണ്.
അതെ, തന്റെ ഉന്മാദമാണ് ഉള്‍വിലക്കുകളില്ലാതെ എഴുതാനും നാട്ടുമര്യാദകളെ പേടിക്കാതെ ജീവിക്കാനും തന്നെ പ്രാപ്തനാക്കിയതെന്ന ഒരു മറുപടിയാണ് കുഞ്ഞിക്കയില്‍നിന്ന് ഞാനിപ്പോള്‍ അശരീരിയായി കേള്‍ക്കുന്നത്.

( ഒലിവ് പോസ്റ്റിലെഴുതിയ പംക്തിക്കുറിപ്പാണിത്.)

 

ചിത്രങ്ങള്‍ക്ക് കടപ്പാട്- മാതൃഭൂമി, ഡെക്കാന്‍ ക്രോണിക്കിള്‍, ഡിസി ബുക്ക്‌സ്