മാദ്ധ്യമധര്‍മ്മം ബലികഴിച്ചു കൊണ്ടുള്ള ഈ പ്രായോഗിക തന്ത്രങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വല്ലപ്പോഴുമെങ്കിലും മേല്‍പ്പറഞ്ഞ പ്രതിലോമ പ്രവണതകളെ തിരസ്‌കരിക്കാറുണ്ടെന്നതും കാണാതിരുന്നുകൂടാ. ടിവി-9 എന്ന ഹിന്ദി ടെലിവിഷന്‍ ചാനല്‍ ഈയിടെ നടത്തിയ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് ഈ സാന്ദര്‍ഭികനിരീക്ഷണം. കത്തോലിക്കാ തിരുസഭയുടെ ഒരു ചെറുകിട ദിവ്യാത്ഭുതത്തിന്റെ കള്ളത്തരം വെളിവാക്കിക്കൊണ്ടാണ് ടിവി-9 മാദ്ധ്യമങ്ങളുടെ പ്രസക്തിയും ധര്‍മ്മവും ഉയര്‍ത്തിപ്പിടിച്ചത്.
മുംബൈയിലെ ഒരു കത്തോലിക്കാ ദേവാലയത്തില്‍ പ്രതിഷ്ഠിച്ച ക്രിസ്തുപ്രതിമയുടെ കാല്‍വിരലുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന “ദിവ്യാത്ഭുത”മാണ് ചാനല്‍ വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചാനലിനുവേണ്ടി ഈ ദിവ്യാത്ഭുതത്തിന്റെ പിന്നിലെ അശാസ്ത്രീയതയും അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലെ കച്ചവട താല്‍പര്യവും പുറത്തുകൊണ്ടുവന്ന പ്രമുഖ യുക്തിവാദ പ്രസ്ഥാന നേതാവും എഴുത്തുകാരനുമായ സനല്‍ ഇടമറുകിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്കാസഭ മഹാരാഷ്ട്ര പൊലീസിന് അന്നുതന്നെ പരാതി നല്‍കുകയും ചെയ്തു.
അന്ധേരി, ജൂഹു എന്നിവയുള്‍പ്പടെ ഒന്നിലേറെ പൊലീസ് സ്റ്റേഷനുകളില്‍ “ഒര്‍ഗനൈസേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ്, “കത്തോലിക് സെക്യുലര്‍ ഫോറം” എന്നീ മതസംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമറുകിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് സമയത്തും സനലിനെ അറസ്റ്റു ചെയ്‌തേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. (ചിലപ്പോള്‍ ഈ കുറിപ്പ് അച്ചടിച്ചുവരുമ്പോഴേക്കും അത് സംഭവിച്ചിരിക്കാം.)
ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതിയാണ് മുംബൈ ഇര്‍ലൈയിലെ വേളാങ്കണ്ണി മാതാവിന്റെ ദേവാലയത്തിലെ യേശുവിന്റെ ക്രൂശിത രൂപത്തില്‍നിന്ന് വെള്ളത്തുള്ളികള്‍ വീഴുന്നത് അതിനുമുമ്പില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഒരു അക്രൈസ്തവ സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത്ഭുതകരമായ ഈ കാഴ്ച സഭാധികാരികളുടെയും വിശ്വാസികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയത് ഈ ഭക്തയാണ്. വേളാങ്കണ്ണിമാതാവിന്റെ പള്ളിയിലെ ദിവ്യാത്ഭുത വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ വളരെവേഗം അതൊരു തീര്‍ത്ഥാടനകേന്ദ്രമായി.
പള്ളിയധികാരികളോ ഭക്തരോ വിതരണംചെയ്തുരൊണ്ടിരിക്കുന്ന വെള്ളമിറ്റുവീഴുന്ന ക്രിസ്തുരൂപത്തിന്റെ വര്‍ണ്ണചിത്രം കണ്ട് അത് നേരില്‍ക്കാണാന്‍ മുംബൈയുടെ വിവിധഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ പ്രവഹിച്ചുതുടങ്ങിയപ്പോഴാണ് അതിന്റെ സത്യാവസ്ഥയെന്തെന്ന് കണ്ടെത്താന്‍ ടിവി-9 ചാനല്‍ തീരുമാനിച്ചത്. പെണ്ണുങ്ങള്‍ പൊങ്കാലയടുപ്പ് കത്തിക്കുന്നതുപോലും ദിവ്യാത്ഭുതമായി തോന്നുന്നവരാണ് ടിവി ജേണലിസ്റ്റുകള്‍ എന്നറിയാവുന്നതു കൊണ്ടാവാം, ഈ അത്ഭുതത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു പ്രശസ്ത യുക്തിവാദിയെത്തന്നെ ചാനല്‍ മേധാവികള്‍ ചുമതലപ്പെടുത്തിയത്. (ടെലിവിഷന്‍ ജേണലിസത്തിന് പോലും ലേശം യുക്തിബോധം ഒരധികപ്പറ്റല്ലെന്ന് തിരിച്ചറിഞ്ഞ ആ എഡിറ്ററോട് നന്ദിപറയാതെവയ്യ.)
മാര്‍ച്ച് പത്താം തീയതി ടെലിവിഷന്‍ ന്യൂസ് ടീമിനോടൊപ്പം പള്ളി സന്ദര്‍ശിച്ച സനല്‍ ഇടമറുകും ആ “ദിവ്യാത്ഭുത”ത്തിന് സാക്ഷിയായി. ക്രിസ്തുവിന്റെ കാല്‍വിരലുകളിലൂടെ ഇറ്റുവീഴുന്ന ജലത്തിന്റെ സ്രോതസ്സ് കണ്ടുപിടിച്ചതോടെ ദിവ്യാത്ഭുതം ബാലിശമായൊരു തട്ടിപ്പാണെന്ന് സനല്‍ കണ്ടെത്തി. പള്ളിനടത്തിപ്പുകാരുടെ സാന്നിദ്ധ്യത്തില്‍ ഷൂട്ടുചെയ്ത തെളിവുകളോടെ ചാനല്‍ അത്ഭുതനീര്‍വാര്‍ച്ചയുടെ യഥാര്‍ത്ഥവസ്തുതകള്‍ റിപ്പോര്‍ട്ടുചെയ്തു.
അന്നുതന്നെ കത്തോലിക്കാസഭയുടെ മൂന്ന് വക്താക്കളെയും മുംബൈ ബിഷപ്പിനെയും ചാനലിനുവേണ്ടി അന്വേഷണച്ചുമതലവഹിച്ച സനല്‍ ഇടമറുകിനെയും ഉള്‍പ്പെടുത്തി പ്രക്ഷേപണംചെയ്ത തത്സമയ ചര്‍ച്ചയോടെയാണ് കത്തോലിക്കാസഭ വെട്ടിലായത്. പള്ളിക്കാരുടെ അവകാശവാദങ്ങളെ തെളിവുകളോടെ ഖണ്ഡിച്ച സനലിന്റെ മുന്നില്‍ താനും ഇത്തരം ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും മാര്‍പ്പാപ്പ തന്നെയും ശാസ്ത്രപക്ഷത്താണെന്നും ബിഷപ്പു തിരുമേനിക്ക് പറയേണ്ടിവന്നു. അതോടെ കത്തോലിക്കാ തിരുസഭ ബ്രൂണോയെയും ഗലീലിയോയെയുംപോലുള്ള ശാസ്ത്രജ്ഞന്മാരെ പീഡിപ്പിച്ച് ശാസ്ത്രലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ചും ഫാസിസവുമായുള്ള വത്തിക്കാന്റെ ബന്ധത്തെക്കുറിച്ചും മറ്റുമുള്ള ചില ചരിത്രവസ്തുതകള്‍ സനലിന് വെളിപ്പെടുത്തേണ്ടതായും വന്നു.
മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മതങ്ങളുടെ പലതരം തട്ടിപ്പുകളെയും വിമര്‍ശിക്കുവാന്‍ പൗരന് അവകാശമില്ലാത്ത ഒരു മതാധിഷ്ഠിത ഭരണകൂടമല്ല ഇന്ത്യയിലുള്ളതെന്ന വാസ്തവം വെറും കരിയറിസ്റ്റുകളായ പൈങ്കിളി സാഹിത്യകാരന്മാര്‍ വിസ്മരിക്കുകയാണ്.
ക്രിസ്തുവിഗ്രഹത്തിലെ നീര്‍വാര്‍ച്ച ദിവ്യാത്ഭുതമല്ലെന്ന് സമ്മതിക്കേണ്ടി വന്നതോടെ ബിഷപ്പിനും അനുയായികള്‍ക്കും സനലിനെതിരെ മതനിന്ദ ആരോപിച്ച് മുഖം രക്ഷിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. മാര്‍പ്പാപ്പയെയും പള്ളിയെയും വിമര്‍ശിച്ചതിന് ചാനലിലൂടെ മാപ്പുപറയണമെന്ന ആവശ്യം സനല്‍ ഇടമറുക് തള്ളിക്കളഞ്ഞപ്പോള്‍ ബിഷപ്പ് ഒഴികെയുള്ള കുഞ്ഞാടുകള്‍ സനലിനെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു. മാര്‍പ്പാപ്പയെയും കൃസ്തുമതത്തെയും കത്തോലിക്കാസഭയെയും അവഹേളിച്ചതിന് വിലനല്‍കേണ്ടിവരുമെന്ന ഭീഷണിയുയര്‍ത്തിയ പള്ളിപ്രതിനിധികളോട്, കോടതിയില്‍ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താനുള്ള ഒരവസരമെന്ന നിലയില്‍ ഈ വെല്ലുവിളി സ്വീകരിക്കുകയാണെന്നും സനല്‍ പറഞ്ഞു.
ഭക്തന്മാരുടെ മതഭ്രാന്തും അസഹിഷ്ണുതയും എത്രത്തോളം അപഹാസ്യമാണെന്ന് പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തിയ ആ ചര്‍ച്ച കഴിഞ്ഞെങ്കിലും സനലിനെതിരെ മഹാരാഷ്ട്രയിലെ സഭാധികാരികളും കുഞ്ഞാടുകളും ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുന്നു. (യൂ ട്യൂബിലും റാഷനലിസ്റ്റ് ഇന്റര്‍നാഷനലിന്റെ വെബ്‌സൈറ്റിലും ഈ ടെലിവിഷന്‍ ചര്‍ച്ച ലഭ്യമാണ്.) സനലിനെതിരെയുള്ള പള്ളിയുടെ ആക്രമണങ്ങളെ നേരിടാന്‍ എന്‍.ഡി.പച്ചോളി കണ്‍വീനറായി ഒരു സമിതിയും രൂപീകൃതമായിട്ടുണ്ട്.
ദിവ്യാത്ഭുത തട്ടിപ്പുകള്‍ വഴി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യക്തികളും മതസ്ഥാപനങ്ങളും ക്രിമിനല്‍ക്കുറ്റമാണ് ചെയ്യുന്നതെന്നിരിക്കെ, ആ തട്ടിപ്പുകള്‍ തുറന്നു കാട്ടുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തുനിയുന്ന പള്ളിയുടെയും പൊലീസിന്റെയും നീതിബോധത്തില്‍ സംശയമുണ്ടാവുക സ്വാഭാവികമാണ്. ശാസ്ത്രത്തിനും ശാസ്ത്രജ്ഞന്മാര്‍ക്കുമെതിരെ കത്തോലിക്കാസഭ നടത്തിയിട്ടുള്ള കുപ്രസിദ്ധമായ വിചാരണകളും പീഡനമുറകളും ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായി അവശേഷിക്കുമ്പോള്‍ ഇന്ത്യയെപ്പോലൊരു മതേതരജനാധിപത്യരാജ്യത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന സഭാമേധാവികളുടെ കാടത്തത്തിനെതിരെ നിശ്ശബ്ദരായിരിക്കാനാവില്ലെന്നാണ് സനല്‍ നേതൃത്വംനല്‍കുന്ന “റാഷനലിസ്റ്റ് ഇന്റര്‍നാഷനല്‍” പറയുന്നത്.
ഗലീലിയോക്കെതിരെ സഭ സ്വീകരിച്ച മാപ്പര്‍ഹിക്കാത്ത പാതകങ്ങളുടെ പേരില്‍ നാലുനൂറ്റാണ്ടിനുശേഷം മാപ്പുപറഞ്ഞ മാര്‍പ്പാപ്പയുടെ പിന്‍ഗാമികള്‍ വീണ്ടും അത്തരം പാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ തുനിയുന്നത് മനുഷ്യവിരുദ്ധമായ മതാന്ധതയുടെ ലക്ഷണമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. “മതം മനുഷ്യനെ ക്രൂശിക്കുന്ന പിശാചാണെന്ന് സ്ഥാപിക്കുവാനാണ് മതമൗലികവാദികള്‍ ആവര്‍ത്തിച്ച് ഉത്സാഹിക്കുന്നത്. പരിഷ്‌കൃതലോകത്തിന്റെ മാനവികതയും സംസ്‌കാരവും ഈ പാതകങ്ങളെ പ്രതിരോധിക്കുമെന്നതാണ് ചരിത്രം. ഇന്ത്യയിലെ മതവിചാരകന്‍മാര്‍ (ഇന്‍ക്വിസിറ്റര്‍മാര്‍) അതറിയാതെ പോകുന്നത് കഷ്ടമാണ്,” സനല്‍ പറയുന്നു.
മതേതരത്വം എന്ന, ഇന്ത്യയുടെ ഭരണഘടനാ സങ്കല്‍പ്പത്തെ വിവിധ മതങ്ങളുടെ നിരുപാധിക സ്വേച്ഛാധിപത്യമായി വ്യാഖ്യാനിക്കുവാനുള്ള കുത്സിതശ്രമങ്ങള്‍ അടുത്തകാലത്ത് ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. മതനിരപേക്ഷതകൂടി ഉള്‍ച്ചേര്‍ന്ന മതേതരത്വത്തെ മതാധിപത്യത്തിലേക്ക് വെട്ടിയൊതുക്കുവാനുള്ള ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ പിന്തുണയ്ക്കുന്ന ലഘുബുദ്ധികളായ സാഹിത്യകാരന്മാര്‍ മലയാള മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു.
മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മതങ്ങളുടെ പലതരം തട്ടിപ്പുകളെയും വിമര്‍ശിക്കുവാന്‍ പൗരന് അവകാശമില്ലാത്ത ഒരു മതാധിഷ്ഠിത ഭരണകൂടമല്ല ഇന്ത്യയിലുള്ളതെന്ന വാസ്തവം വെറും കരിയറിസ്റ്റുകളായ ഈ പൈങ്കിളി സാഹിത്യകാരന്മാര്‍ വിസ്മരിക്കുകയാണ്. മതാചാരങ്ങളുടെ മറവില്‍ നടക്കുന്ന വര്‍ഗ്ഗീയപ്രചരണങ്ങളെയും കുടിലമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള സാമൂഹികനിലപാടുകളെയും ദിവ്യാത്ഭുതങ്ങളുടെപേരിലുള്ള ചൂഷണങ്ങളെയും വിമര്‍ശിച്ചുകൂടെന്നാണ് മതമേധാവികളെപ്പോലെ സെക്യുലര്‍ ബുദ്ധിജീവികളായി ഭാവിക്കുന്ന മൂന്നാംകിട സാഹിത്യകാരന്മാരും സമൂഹത്തോട് കല്‍പ്പിക്കുന്നത്.
ഭരണഘടനാതീതമായ അധികാരകേന്ദ്രങ്ങളായി സ്വയം ഭാവിക്കുന്ന മതങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാതെ മതേതരത്വമെന്ന മഹാസങ്കല്‍പ്പം സാക്ഷാത്കരിക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭരണകൂടംതന്നെ ഈ മതാധിപത്യത്തിന് കീഴടങ്ങുന്ന കേരളീയ സാഹചര്യത്തില്‍ ജാതി-മത-വര്‍ഗ്ഗീയതകളാണ് അപായകരമാം വിധം തഴച്ചുവളരുന്നത്. മതേതരപ്പാര്‍ട്ടിയെന്ന് ആണയിടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കേരളഘടകമാണ് മതേതരത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും തെളിയിക്കുകയും ചെയ്തു. മന്ത്രിസഭയിലെ വകുപ്പുവിഭജനംപോലും മതാടിസ്ഥാനത്തിലാക്കിയ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ മതേതരത്വത്തെയാണ് നിഷ്‌കാസനം ചെയ്തിരിക്കുന്നതെന്ന് ചാണ്ടിയുടെ പാര്‍ട്ടിനേതാക്കള്‍തന്നെ പറഞ്ഞുകഴിഞ്ഞു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഏതറ്റംവരെയും പോകാമെന്ന ഉപജീവനരാഷ്ട്രീയത്തിന്റെ നാണംകെട്ട മാതൃക സൃഷ്ടിക്കുന്ന ജാതി-മതശക്തികളുടെ കളിപ്പാവകളായ മുന്നണികളാണ് മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുന്നത്. കോയമ്പത്തൂര്‍ ജയിലില്‍നിന്നിറങ്ങിയ അബ്ദുള്‍നാസര്‍ മദനിയെ വീരനായകനായി സ്വീകരിച്ചാനയിച്ച വിപ്ലവപ്പാര്‍ട്ടിയെ ചൂണ്ടിയാണല്ലോ വലതുമുന്നണി അവരുടെ മതപ്രീണനത്തെ ന്യായീകരിക്കുന്നതും. ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്കും പിന്നീടത് ഇടത്തേതിലേക്കും മാറ്റിക്കൊണ്ടിരിക്കുകയല്ലാതെ മന്തില്‍നിന്നു മോചനമില്ലെന്നു കരുതുന്ന മന്തന്മാരുടെ സമൂഹമായി കേരളം മാറുകയാണോ?
കത്തോലിക്കാ തിരുസഭയുടെ ദിവ്യാത്ഭുതത്തട്ടിപ്പു പുറത്തുകൊണ്ടുവന്ന സനല്‍ ഇടമറുകിനും ചാനലിനുമെതിരെ ആക്രമണഭീഷണിയുയര്‍ത്തിയ മുംബൈ സഭാധികാരികള്‍, ഇന്ത്യ വത്തിക്കാന്റെ ഒരു സാമന്തരാജ്യമാമെണന്നു കരുതുന്നുണ്ടാവണം. സെമിനാരിയിലെ “ചരിത്ര”പഠനം കഴിഞ്ഞത്തുന്ന ഇടയന്മാര്‍ക്കും അവരുടെ കുഞ്ഞാടുകള്‍ക്കും അങ്ങിനെ തോന്നുക സ്വാഭാവികം. എന്നാല്‍ ജാതിയും മതവും നോക്കി വകുപ്പുവിഭജനം നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ദിവ്യാത്ഭുതപ്രവൃത്തികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മലയാളികള്‍ തിരിച്ചറിയേണ്ടതല്ലേ?
“ഐക്യജനാധിപത്യ മുന്നണി” എന്ന വ്യാജപ്പേരിലറിയപ്പെടുന്ന കേരളത്തിലെ മതമൗലികവാദമുന്നണിയുടെ “ദിവ്യാത്ഭുതം” അനാവരണംചെയ്യാനുള്ള യുക്തിവാദമൊന്നും ഇടതുമുന്നണിയുടെ പക്കലും ഇല്ലെന്നതാണ് സങ്കടകരം. സനല്‍ ഇടമറുകിനുപോലും പരിഹരിക്കാനാവാത്തവിധം യുക്തിശൂന്യമായി കഴിഞ്ഞിരിക്കുന്നു, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മതേതരത്വം.
കടപ്പാട്: സമകാലിക മലയാളം