കുറ്റവാളികളെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഒരു സഭയ്ക്ക് എന്ത് വിശുദ്ധിയാണ് അവകാശപ്പെടാനാവുക?
Opinion
കുറ്റവാളികളെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഒരു സഭയ്ക്ക് എന്ത് വിശുദ്ധിയാണ് അവകാശപ്പെടാനാവുക?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2017, 8:24 pm


ബലാത്സംഗക്കേസില്‍ പുരോഹിതന്‍ അറസ്റ്റിലായതോടെ തിരുസഭക്കെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കുപ്രചരണം അഴിച്ചുവിടുകയാണെന്നും അതിനെ സഭ എന്തുവിലകൊടുത്തും ചെറുക്കുമെന്നുമുള്ള ഒരു പ്രസ്താവന ഇന്നലത്തെ മാതൃഭൂമിയുടെ പ്രാദേശികപ്പേജിലാണ് വായിച്ചത്. മാനന്തവാടി രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സിലിന്റേതായിരുന്നു ആ പ്രസ്താവന.

ബിഷപ്പിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ ഒരു മുന്‍ എം.എല്‍ എയും ഡി.സി.സി പ്രസിഡന്റും ഉള്‍പ്പടെയുള്ള വയനാട്ടിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തതായി ആ വാര്‍ത്തയിലുണ്ട്.


Also read ആധുനികതയെ വെല്ലുവിളിക്കുന്നുവെന്നു ധരിച്ചു രണ്ടു ലോഡ് ശവം വീഴ്ത്തിയ മല്ലു ആനന്ദമാര്‍ഗികള്‍


കൊട്ടിയൂര്‍ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയോട് പരസ്യമായി ക്ഷമചോദിച്ച ബിഷപ്പിന്റെ ഔചിത്യത്തെ മാനിച്ചുകൊണ്ടും ശ്ലാഘിച്ചുകൊണ്ടും ഒരു വസ്തുത വ്യക്തമാക്കാനാണ് ഈ കുറിപ്പെഴുതുന്നത്. സഭയുടെ പേരുപറഞ്ഞ് മതവികാരം മുതലെടുത്ത് കുറ്റവാളികളെ രക്ഷിക്കാന്‍, രാഷ്ട്രീയനേതാക്കളുടെയും അധികാരത്തിന്റെയും കൂട്ടുപിടിക്കുന്ന ഈ പ്രവണത അനാശാസ്യമാണെന്നതാണ് അതില്‍ പ്രധാനം.

സഭയിലെ ഉത്തരവാദപ്പെട്ട സ്ഥാനംവഹിക്കുന്നവര്‍ ക്രിമിനലുകളാകുമ്പോള്‍ അവരെ രൂക്ഷമായി വിമര്‍ശിക്കാന്‍ നീതിബോധമുള്ള വ്യക്തികളും സമൂഹവും മടിക്കില്ല. സഭാവിലക്കുകള്‍ കുഞ്ഞാടുകള്‍ക്കല്ലാതെ ഒരു സെക്കുലര്‍ സമൂഹത്തിന് ബാധകമല്ലെന്ന് ഉന്നതമായ അക്കാദമിക് യോഗ്യതകളുള്ള ബിഷപ്പിനെ ഞാന്‍ പഠിപ്പിക്കേണ്ടതില്ല. അത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും കേള്‍ക്കാനും തെറ്റുതിരുത്താനും ശ്രമിക്കുന്നതിനുപകരം വിമര്‍ശകരുടെ വായമൂടിക്കെട്ടാന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ത്തന്നെ പാസ്റ്ററല്‍ കൗണ്‍സില്‍ തുനിയുന്നത് സഭയ്ക്ക് വീണ്ടും നാണക്കേടുണ്ടാക്കുകയേയുള്ളൂ.

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി

 

ലൈംഗികക്കുറ്റവാളിയായ ഒരു പുരോഹിതനെ സംരക്ഷിക്കാന്‍ സഭയുടെ അറിവോടെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഗൂഢാലോചനയെയും കുറിച്ച് പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെയും ചര്‍ച്ചകളെയുമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ കുപ്രചരണം എന്ന് വിശേഷിപ്പിക്കുന്നത് എന്നുതോന്നുന്നു. എങ്കില്‍ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഒരു വിഫലശ്രമമാണ്. ഫാദര്‍ റോബിന്‍ ചെയ്തതുപോലൊരു അനാശാസ്യമാണിതും.

കുറ്റവാളികളെ സംരക്ഷിക്കുകയാണ് സഭയെന്ന വാസ്തവം മറച്ചുവെക്കാനുള്ള മൂന്നാംകിട തട്ടിപ്പുമാത്രമാണ് ആ പ്രസ്താവനയെന്ന് ഏത് കുഞ്ഞാടിനും മനസിലാവും. (വിശുദ്ധനായ പുരോഹിതനെ വശീകരിച്ച് ദിവ്യഗര്‍ഭമേറ്റുവാങ്ങിയ പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന് ശാലോം പോലുള്ള സഭാപ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതുന്ന പോത്തുകളെക്കുറിച്ച് പറയാന്‍ ഞാനാളല്ല.)

സണ്ഡേ ശാലോം ലേഖനത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗം

 

തിരുസഭയുടെ സല്‍പ്പേരുസംരക്ഷിക്കാന്‍ പോരാടുമെന്ന മാനന്തവാടി രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് അതേ രൂപതയിലെ മറ്റൊരാള്‍ ലൈംഗികക്കുറ്റത്തിന് അറസ്റ്റിലായത്. ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ആ വാര്‍ത്തയുണ്ട്. ആ വാര്‍ത്തയും സഭയ്‌ക്കെതിരെയുള്ള കുപ്രചരണത്തിന്റെ ഭാഗമാണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.

 

മാതൃഭൂമിയിലെ വാര്‍ത്ത

 

മാനന്തവാടി രൂപതയുടെ കീഴിലെ കേരള കത്തോലിക്കാ യുവജനവിഭാഗം പ്രസിഡന്റും കോര്‍ഡിനേറ്ററും ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ മാഷുമായ സിജോ ജോര്‍ജ് എന്നയാളാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗികചൂഷണത്തിനിരയാക്കിയത്. പെണ്‍കുട്ടി ഡിസംബറില്‍ പ്രസവിക്കുകയുംചെയ്തു.

ആ അമ്മയെയും കുഞ്ഞിനെയും പതിവുപോലെ പള്ളിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കയാണത്രെ. പെണ്‍കുട്ടിയുടെ സ്വന്തം പിതാവുതന്നെയാണ് അവളുടെ കുഞ്ഞിന്റെയും പിതാവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

റോബിനച്ചനുവേണ്ടി സ്വീകരിച്ച ഹീനമായ തന്ത്രം അതായിരുന്നല്ലോ. പനമരം കേസിലെ പ്രതി സഭയുടെ സ്ഥാനത്തുനിന്ന് നേരത്തേ രാജിവെച്ചിരുന്നുവെന്ന സഭയുടെ വാദം നേരായിരിക്കാം. എന്നാല്‍, സഭയുടെ പദവികളിലിരുന്ന ഒരു സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകന്‍ ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുകയും കുട്ടിയെ കോണ്‍വെന്റില്‍ പാര്‍പ്പിക്കുകയുംചെയ്തു എന്ന വിവരം, ആ കുട്ടി പ്രസവിച്ച് മൂന്ന് മാസത്തിനുശേഷം പ്രതി അറസ്റ്റുചെയ്യപ്പെടുംവരെ തിരുസഭ അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ വൈദികര്‍ക്കുമാത്രമേ കഴിയൂ.


Dont miss മഞ്ചുവ്യക്തിയുടെ നന്മകാണ്ഡവും പിഞ്ച് കുഞ്ഞുങ്ങളുടെ കഷ്ടകാണ്ഡങ്ങളും,,! 


സ്വന്തം ആശുപത്രി, സ്വന്തം ശിശുഭവനം, സ്വന്തം അഗതിമന്ദിരം, സ്വന്തക്കാര്‍ അദ്ധ്യക്ഷനായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്ന ജുഡിഷ്യല്‍ അധികാരമുള്ള സ്ഥാപനം–ഇത്രയും സംവിധാനങ്ങള്‍ കൈവശമുള്ള പുരോഹിതര്‍ ആ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അനാഥക്കുട്ടികളെയുണ്ടാക്കുന്നത് ഒരു വിശുദ്ധകര്‍മ്മമാണെന്നും അത് വിമര്‍ശിക്കപ്പെടുമ്പോള്‍ സഭയെ അപമാനിക്കലാണെന്നും കരുതുന്നവര്‍ക്ക് സാരമായ കുഴപ്പങ്ങളുണ്ട്.

ആ കുഴപ്പങ്ങളും സമൂഹവും മാദ്ധ്യമങ്ങളും വ്യക്തികളും ചൂണ്ടിക്കാട്ടുകതന്നെചെയ്യും. മതവികാരത്തിന്റെ പേരുപറഞ്ഞ് വിമര്‍ശനങ്ങളില്ലാതാക്കാമെന്ന് കരുതുന്ന ഏത് മതവും രാജ്യത്തിന്റെയും മനുഷ്യരുടെയും ശത്രുക്കളാണെന്ന വസ്തുത ബിഷപ്പും അറിഞ്ഞിരിക്കേണ്ടതാണ്. കേരളം വത്തിക്കാന്റെ ഒരു സാമന്തരാജ്യമല്ലെന്ന് വൈദികരെയും കുഞ്ഞാടുകളെയും ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും ഇപ്പോള്‍ ബിഷപ്പിന്റെ ചുമലിലാണ്.

മതത്തെ മറയാക്കി ക്രിമിനല്‍ക്കുറ്റം ചെയ്യുന്നവര്‍ ആ കുറ്റം പുറത്തുവരുമ്പോള്‍ മതവികാരം ഇളക്കിവിട്ട് അതിനെ പ്രതിരോധിക്കാന്‍ നടത്തുന്ന ഈ ശ്രമം അവരെ കൂടുതല്‍ പരിഹാസ്യരാക്കുകയേയുള്ളൂ. സമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും ധാര്‍മ്മികതയ്ക്കും മനുഷ്യമര്യാദകള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മതത്തിന്റെ മറവില്‍ എന്തുംചെയ്യാമെന്ന അഹങ്കാരം നല്ല മനുഷ്യരുടെയോ നല്ല മതത്തിന്റെയോ ലക്ഷണമല്ല. അത് ക്രിമിനലുകളുടെ വഴിയാണ്.

ആ വഴിയില്‍ ഇനിയും മുന്നോട്ടുപോകണമെങ്കില്‍ വത്തിക്കാനിലെപ്പോലെ കേരളത്തിലും സ്വന്തമായ ജൂഡിഷ്യറിയും പൊലീസും വേണ്ടിവരും. അതുണ്ടാവുംവരെ തല്‍ക്കാലം കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമെന്ന് സഹനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന സഭാനേതൃത്വം അംഗീകരിക്കണം.

കുറ്റവാളികളായി പൊലീസ് പട്ടികയിലുള്‍പ്പെടുത്തിയ സഭയുടെ കീഴിലുള്ള വ്യക്തികളെ നിയമത്തിന് കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനുപകരം അവരെ ഒളിവില്‍പ്പാര്‍പ്പിക്കുന്ന ഒരു സഭയ്ക്ക് എന്ത് വിശുദ്ധിയാണ് അവകാശപ്പെടാനാവുക? ഇതാണോ യേശുവില്‍നിന്ന് നിങ്ങള്‍ പഠിച്ച ധാര്‍മ്മികതയും വിനയവും മനുഷ്യമര്യാദയും? ഇതല്ല യേശുവിന്റെ സന്ദേശമെന്നാണ് സെമിനാരിയില്‍പ്പോകാതെ ബൈബിള്‍ വായിച്ചുമനസിലാക്കിയ എന്റെ ബോദ്ധ്യം.