………………………………………………………………………………………………………………………………………………..
സന്ധ്യാ സംഭവത്തില്‍ അഭിരമിക്കുന്നവര്‍, സന്ധ്യയില്‍നിന്ന് രാത്രിയിലേക്ക് അധികദൂരമില്ലെന്നോര്‍ക്കുന്നതും നന്നായിരിക്കും. തീവണ്ടികള്‍ കൃത്യമായി ഓടിയിരുന്ന, സമരങ്ങളില്ലാതിരുന്ന ഒരു നീണ്ട രാത്രിയുടെ* ഓര്‍മ്മ, കാല്‍ നൂറ്റാണ്ടു പ്രായമെത്താത്ത ടൂ വീലര്‍ സഞ്ചാരികള്‍ക്ക് ഉണ്ടാകാനിടയില്ല. അവരെ കുറ്റംപറയാന്‍ ഞാനാളുമല്ല.
………………………………………………………………………………………………………………………………………………..
………………………………………………………………………………………………………………………………………………..
കുറിപ്പ്: ഒ.കെ ജോണി
………………………………………………………………………………………………………………………………………………..
സന്ധ്യ എന്ന വീട്ടമ്മയെ മുന്‍നിര്‍ത്തി, സമരങ്ങളെല്ലാം ജനവിരുദ്ധമാണെന്ന പ്രതീതി സൃഷ്ടിക്കുവാനാണ് ഒരു വ്യവസായിയും മാദ്ധ്യമങ്ങളും ഇപ്പോള്‍ ഉത്സാഹിക്കുന്നത്. തീര്‍ത്തും നിര്‍ദ്ദോഷമെന്നും നീതിപൂര്‍വ്വകമെന്നും തോന്നിപ്പിക്കുന്ന ഈ ന്യായവാദങ്ങള്‍ക്കടിയില്‍ ജനവിരുദ്ധമായ അരാഷ്ട്രീയതയുടെ ഒരു രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുണ്ട്. ഭരണീയരായ ജനങ്ങള്‍ക്കെതിരായ ഭരണവര്‍ഗ്ഗത്തിന്റെ/ ഭരണകൂടത്തിന്റെ രാഷ്ട്രീയമാണത്.
സുഖജീവിതം നയിക്കുന്ന ഉപരിവര്‍ഗ്ഗമലയാളിക്ക് തെരുവില്‍ മനുഷ്യര്‍ നീതിക്കുവേണ്ടി നടത്തുന്ന സമരങ്ങളോടെല്ലാം പുച്ഛമാണ്. പൗരാവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുംവേണ്ടി കുറേപ്പേര്‍ നടത്തുന്ന സമരങ്ങളുടെ ഗുണഭോക്താക്കളാണ് സമരവിരുദ്ധരായ ഈ പരാന്നഭോജികള്‍.
മദ്ധ്യവര്‍ഗ്ഗമലയാളിയും ഉപരിവര്‍ഗ്ഗത്തിന്റെ ഈ പുച്ഛം പങ്കിടാന്‍ തുടങ്ങിയെന്നതിന്റെ ലക്ഷണമാണ് ടൂ വീലറിലിരുന്ന് ” എന്തര് ജനം? എന്തര് സമരം? ” എന്ന് ചോദിക്കുന്ന ആ വനിതയുടെ പുച്ഛവും ക്ഷോഭവും.
അവരുടെ വ്യക്തിപരമായ ബുദ്ധിമുട്ടിനെ ഞാന്‍ കാണാതിരിക്കുന്നില്ല, ആ പ്രതിഷേധത്തിന്റെ താല്‍ക്കാലിക പ്രകോപനത്തെയും. എന്നാല്‍ അത് അത്ര ലളിതമല്ല. സാമാന്യവല്‍ക്കരണംകൊണ്ട് യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണിത്. ആ സമരം ശരിയോ തെറ്റോ എന്നതല്ല എന്റെ വിഷയം.
സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും ജീവിതനിലവാരസൂചികയിലുമെല്ലാം ഏത് ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും മുന്‍നിരയിലാണെന്ന ഖ്യാതിയുള്ള കേരളത്തിന്, വേണ്ടതിനും വേണ്ടാത്തതിനും സമരം ചെയ്യുന്ന സംസ്ഥാനമെന്ന ദുഷ്‌പേരുകൂടിയുണ്ടെന്നത് വാസ്തവം. പ്രബുദ്ധതയുള്ള നാട്ടിലാണ് അനീതികള്‍ക്കെതിരെ പ്രതിഷേധവുമുണ്ടാവുക.
[]ആ വീട്ടമ്മയുടെ പ്രതിഷേധത്തിന് കാരണമായ സമരത്തിന്റെ ന്യായാന്യായങ്ങളല്ല, സമരങ്ങളെല്ലാം അനാവശ്യമാണെന്ന പൊതുബോധമാണ് ഈ പ്രത്യേക സംഭവത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ആ പൊതുബോധം അധികാരമില്ലാത്ത സാധാരണ മനുഷ്യരുടെ പ്രതിഷേധത്തെ നിശ്ശബ്ദമാക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് സന്ധ്യ എന്ന വീട്ടമ്മയുടെ ധീരതയുടെയും ആ ധീരതയെ ആദരിച്ച മുതലാളിയുടെ ഉദാരതയുടെയും പിന്നിലെ സാമൂഹികബോധത്തിന്റെ തോതും തരവും പരിശോധിക്കുവാനുള്ള ബൗദ്ധികശേഷിയില്ലാത്ത നമ്മുടെ മാദ്ധ്യമങ്ങള്‍ അവരെ കൊണ്ടാടുകതന്നെ ചെയ്യും.
അതില്‍ അഭിരമിക്കുന്നവര്‍, സന്ധ്യയില്‍നിന്ന് രാത്രിയിലേക്ക് അധികദൂരമില്ലെന്നോര്‍ക്കുന്നതും നന്നായിരിക്കും. തീവണ്ടികള്‍ കൃത്യമായി ഓടിയിരുന്ന, സമരങ്ങളില്ലാതിരുന്ന ഒരു നീണ്ട രാത്രിയുടെ* ഓര്‍മ്മ, കാല്‍ നൂറ്റാണ്ടു പ്രായമെത്താത്ത ടൂ വീലര്‍ സഞ്ചാരികള്‍ക്ക് ഉണ്ടാകാനിടയില്ല. അവരെ കുറ്റംപറയാന്‍ ഞാനാളുമല്ല.
………………………………………………………………………………………………………………………………………………..
*അടിയന്തരാവസ്ഥ