| Wednesday, 21st September 2016, 5:02 pm

മതോന്മാദമാണോ ആത്മീയത?

ഡൂള്‍ന്യൂസ് ഡെസ്‌ക്

 തീവ്ര ആത്മീയസംഘത്തില്‍നിന്ന് തന്റെ മകനെ രക്ഷപ്പെടുത്തണം എന്ന അപേക്ഷയുമായി പേരുവെളിപ്പെടുത്താന്‍ ഭയപ്പെടുന്ന ഒരു പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതായി  മാതൃഭൂമി ദിനപത്രത്തില്‍ ഇക്കഴിഞ്ഞദിവസം കണ്ട കോഴിക്കോട് ഡേറ്റ്‌ലൈനിലുള്ള ഏഴുകോളം വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തുകയും അതിലേറെ പേടിപ്പിക്കുകയുംചെയ്തു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മതപ്രബോധകന്റെ വലയിലാണത്രെ അയാളുടെ മകന്‍.


ഏതെങ്കിലും മതം നല്‍കുന്ന ഉന്മാദമല്ല, മനുഷ്യരെയും പ്രപഞ്ചത്തെയും ചരാചരങ്ങളെയും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ചുതന്നെയുമുള്ള അഗാധമായ ദാര്‍ശനികതയുടെ വെളിച്ചമാണ് ആത്മീയതയെന്ന് സ്വന്തം മക്കളെയെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ ആവുന്നില്ലെങ്കില്‍, മുഖ്യമന്ത്രിക്കെന്നല്ല, പ്രധാനമന്ത്രിക്കും നമ്മളെ സഹായിക്കാനാവില്ല.


തീവ്ര ആത്മീയസംഘത്തില്‍നിന്ന് തന്റെ മകനെ രക്ഷപ്പെടുത്തണം എന്ന അപേക്ഷയുമായി പേരുവെളിപ്പെടുത്താന്‍ ഭയപ്പെടുന്ന ഒരു പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതായി  മാതൃഭൂമി ദിനപത്രത്തില്‍ ഇക്കഴിഞ്ഞദിവസം കണ്ട കോഴിക്കോട് ഡേറ്റ്‌ലൈനിലുള്ള ഏഴുകോളം വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തുകയും അതിലേറെ പേടിപ്പിക്കുകയുംചെയ്തു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മതപ്രബോധകന്റെ വലയിലാണത്രെ അയാളുടെ മകന്‍. മതപഠനത്തില്‍ മുഴുകി സമനിലതെറ്റിയപോലെ ജീവിക്കുന്ന അയാളെ ആ കുരുക്കില്‍നിന്ന് മോചിപ്പിക്കണമെന്നതാണ് പിതാവിന്റെ ആവശ്യം. അത് നമുക്ക് മനസിലാക്കാനാവും. എന്നാല്‍, എന്താണീ തീവ്ര ആത്മീയത?

അടുത്ത കാലത്താണ്, തീവ്ര ആത്മീയതയെന്ന വിചിത്രപ്രതിഭാസം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. തീവ്ര ആത്മീയത വേണ്ടെന്ന് ചില യാഥാസ്ഥിതിക മതസംഘടനകള്‍ അനുയായികളെ ഉദ്ബോധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളാണവ. വര്‍ഗ്ഗീയഭ്രാന്തന്മാരായ മതതീവ്രവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉദ്‌ബോധനമെന്നതും ശ്രദ്ധിക്കണം.

ആത്മീയത ലേശം തീവ്രമാവുന്നതാണ് ആകെയുള്ള കുഴപ്പമെന്നാണ് ഇത് കേട്ടാല്‍ തോന്നുക. വര്‍ഗ്ഗീയതയെ ആത്മീയതയെന്ന് വിളിച്ചുകൊണ്ട്, തങ്ങള്‍ തീവ്ര ആത്മീയതക്കെതിരാണെന്ന് പറയുന്നതിലെ അതിസാമര്‍ത്ഥ്യം പ്രശംസനീയംതന്നെ. എന്നാല്‍, പത്രങ്ങള്‍ തീവ്ര ആത്മീയത എന്ന പ്രയോഗത്തിലെ കെണി മനസിലാക്കാതെയാണ് ആ കപടസങ്കല്‍പ്പത്തിന് പൊതുസമ്മതിയുണ്ടാക്കാനെന്നോണം അതാവര്‍ത്തിക്കുന്നത്.

ആത്മീയതയുടെ മറവില്‍ പരസ്യമായും രഹസ്യമായും അരങ്ങേറുന്ന മതഭ്രാന്തുകള്‍ അപലപിക്കപ്പെടാതിരിക്കുകയും തീവ്ര ആത്മീയത ശരിയല്ലെന്ന് പ്രസ്താവനയിറക്കുകയുംചെയ്യുന്നവര്‍, അച്ഛന്‍ പത്തായത്തിലില്ലെന്നു പറയുന്ന അതിബുദ്ധിമാന്മാരാണെന്നും സമ്മതിക്കണം. ഭാഷാപരമായ ഈ കളിയില്‍ ഒളിച്ചിരിക്കുന്ന ജനവഞ്ചനയും ആത്മവഞ്ചനയും ഉള്‍ച്ചേര്‍ന്ന സാമൂഹികനിരക്ഷരതയാണ് ഏത് തീവ്രവാദങ്ങളുടെയും ഇന്ധനം.


അല്‍പ്പം തീവ്രത കൂടിയാല്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴുതാനിടയുള്ളതാണെങ്കില്‍ എന്തുതരം ആത്മീയതയാണത്? അതിനെ ആത്മീയതയെന്നാണോ വിളിക്കേണ്ടത്?  അതിനെയല്ലേ സാമാന്യബുദ്ധിയുള്ളവര്‍ വര്‍ഗ്ഗീയതയെന്നും മതഭ്രാന്തെന്നുമൊക്കെ വിളിക്കുന്നത്?  മതഭ്രാന്തിനെ മൃദുവെന്നും തീവ്രമെന്നും വേര്‍തിരിച്ച് ആത്മീയതയെന്ന് വിശേഷിപ്പിക്കുന്നത് പേപ്പട്ടിയെ ആട്ടിന്‍കുട്ടിയെന്ന് വിളിക്കുന്നതിന് സമമല്ലേ?


തീവ്ര ആത്മീയത അപകടകരമാണെങ്കില്‍ ഇക്കൂട്ടര്‍ താലോലിക്കുന്ന മൃദു ആത്മീയതയും അപകടകരമാവണമല്ലോ. ആത്മീയത തീവ്രമാകുന്തോറും മനുഷ്യര്‍ വിശുദ്ധപദവിയാര്‍ജ്ജിക്കുമെന്നാണ് മതങ്ങളെല്ലാം പറയുന്നത്. കേരളത്തില്‍നിന്നുള്ള ശ്രീനാരായണഗുരു ലോകാരാദ്ധ്യനായത് അങ്ങിനെയല്ലേ?   എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ആത്മീയത തീവ്രമാകുമ്പോള്‍ ആളുകള്‍ ഭീകരവാദികളാവുകയാണ്. വിചിത്രംതന്നെ.

അല്‍പ്പം തീവ്രത കൂടിയാല്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴുതാനിടയുള്ളതാണെങ്കില്‍ എന്തുതരം ആത്മീയതയാണത്? അതിനെ ആത്മീയതയെന്നാണോ വിളിക്കേണ്ടത്?  അതിനെയല്ലേ സാമാന്യബുദ്ധിയുള്ളവര്‍ വര്‍ഗ്ഗീയതയെന്നും മതഭ്രാന്തെന്നുമൊക്കെ വിളിക്കുന്നത്?  മതഭ്രാന്തിനെ മൃദുവെന്നും തീവ്രമെന്നും വേര്‍തിരിച്ച് ആത്മീയതയെന്ന് വിശേഷിപ്പിക്കുന്നത് പേപ്പട്ടിയെ ആട്ടിന്‍കുട്ടിയെന്ന് വിളിക്കുന്നതിന് സമമല്ലേ?

ആത്മീയത എന്ന വലിയ ദാര്‍ശനികവിവക്ഷകളുള്ള ഒരു സങ്കല്‍പ്പത്തെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുവാന്‍ ഇവ്വിധം ദുരുപയോഗംചെയ്യുന്നതു കണ്ട് വ്യസനിച്ചിരിക്കുമ്പോഴാണ് തുടക്കത്തില്‍പ്പറഞ്ഞ അജ്ഞാതനാമാവായ പിതാവ് മുഖ്യമന്ത്രിക്കെഴുതിയ സങ്കടഹരജിയെക്കുറിച്ച് വായിച്ചത്. മകന്റെ ആത്മീയത ലേശം തീവ്രമായിപ്പോയെന്ന് വിലപിക്കുകയും അയാളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ സഹായംതേടുകയും ചെയ്ത  ആ പിതാവിന്റെ ദുരവസ്ഥ സഹതാപമര്‍ഹിക്കുന്നതാണ്. എന്നാല്‍ ആത്മീയതയെന്നു തെറ്റിദ്ധരിച്ച് വര്‍ഗ്ഗീയതയുടെയും മതഭ്രാന്തുകളുടെയും വിത്തുകള്‍ ഇളംപ്രായത്തിലേ കുട്ടികളുടെ മനസില്‍ പാകി മുളപ്പിക്കുന്ന രക്ഷിതാക്കള്‍തന്നെയാണ് ഈ മാരകമായ വിപത്തിന് കാരണക്കാരെന്നതും കാണാതിരുന്നുകൂടാ.

മതേതര ജനാധിപത്യരാജ്യം വിഭാവനംചെയ്തുകൊണ്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സെക്യുലര്‍ വിദ്യാഭ്യാസത്തിന്റെ നന്മകളെയെല്ലാം നിഷ്‌കാസനംചെയ്യുവാനാണ് മതവിദ്യാഭ്യാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന വാസ്തവത്തിനുനേരെ കണ്ണടച്ചുകൊണ്ട് ആത്മീയത തീവ്ര ആത്മീയതയാകുന്നതിനെ അപലപിക്കുന്നത് മറ്റൊരു കാപട്യമാണ്.

ഏതെങ്കിലും മതം നല്‍കുന്ന ഉന്മാദമല്ല, മനുഷ്യരെയും പ്രപഞ്ചത്തെയും ചരാചരങ്ങളെയും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ചുതന്നെയുമുള്ള അഗാധമായ ദാര്‍ശനികതയുടെ വെളിച്ചമാണ് ആത്മീയതയെന്ന് സ്വന്തം മക്കളെയെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ ആവുന്നില്ലെങ്കില്‍, മുഖ്യമന്ത്രിക്കെന്നല്ല, പ്രധാനമന്ത്രിക്കും നമ്മളെ സഹായിക്കാനാവില്ല.

മതത്തില്‍നിന്ന് ആത്മീയാനുഭൂതി ലഭിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍. മതത്തില്‍നിന്നു മാത്രമല്ല ആത്മീയതയെന്ന് തിരിച്ചറിയുന്ന മഹാദാര്‍ശനികരുടെയും ആത്മീയവാദികളുടെയും മാത്രമല്ല, മതനിരപേക്ഷമായ ആത്മീയതകൂടിയുണ്ടെന്നറിയുന്ന മഹാകവി രവീന്ദ്രനാഥ ടാഗോറിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയുംപോലുള്ളവരുടെയും ജന്മനാടാണിതെന്ന് നമ്മള്‍ മറക്കരുത്.

മതോന്മാദങ്ങളെ ആത്മീയതയായി തെറ്റിദ്ധരിപ്പിക്കാതിരിക്കുവാനെങ്കിലും മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍, മതേതരത്വം എന്ന മഹത്തായ സങ്കല്‍പ്പം അല്‍പ്പകാലംകൂടി ഈ രാജ്യത്ത് നിലനിന്നേക്കാം. കപടമായ ആത്മീയതകളില്‍നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാനുള്ള ജോലികൂടി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാതിരിക്കാനും അതുകൊണ്ടാവും.

Latest Stories

We use cookies to give you the best possible experience. Learn more