ജാതി-മത-വര്‍ഗ്ഗീയഭ്രാന്തില്ലാത്ത സമാധാനപ്രിയരായ ജനാധിപത്യവാദികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരിടമായി കേരളം മാറുകയാണെന്ന് അറിഞ്ഞിട്ടും കണ്ണടച്ചിരുട്ടാക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തേക്കാള്‍ ഭയപ്പെടേണ്ടത്, രാഷ്ട്രീയസ്വാധീനത്തിലൂടെ ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്ന മതതീവ്രവാദ സംഘടനകളെയാണ്. എന്നാല്‍, എല്ലാ വിഭാഗം ജാതി-മത-വര്‍ഗ്ഗീയതകളെയും പ്രീണിപ്പിക്കുകയാണ് മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണകൂടവും.
അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥയുടെ നിഴലിലാണ് കേരളവും ഇന്ത്യയുമെന്ന പ്രസ്താവം ഒരു അത്യുക്തിയാണെന്ന് കരുതുന്നവര്‍ നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവരാവാനേ തരമുള്ളൂ.
അല്ലെങ്കില്‍, കേരളത്തിലേക്ക് നോക്കൂ- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരെത്തെക്കുറിച്ചുള്ള പണ്ഡിതോചിതമായ ഒരു ലേഖനം പിന്‍വലിക്കണമെന്ന വെള്ളാപ്പള്ളി കുടുംബത്തിന്റെ ആവശ്യമനുസരിച്ച് ഭാഷാപോഷിണിയുടെ പ്രസാധകരായ മലയാള മനോരമയ്ക്ക് ആ ലക്കം വിപണിയില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു. അതേ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഒരു നാടകത്തിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ മതവികാരം വൃണപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ചില കൃസ്ത്യന്‍ സഭാ വിഭാഗങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നു.
പത്രം കത്തിച്ചാണ് അക്ഷരവൈരികള്‍ അവരുടെ വിജ്രംഭിതവികാരം പ്രകടിപ്പിച്ചത്. സംഘടനാശക്തിയുപയോഗിച്ച് ബൗദ്ധിക സ്വാതന്ത്ര്യത്തെയും കലാവിഷ്കാരങ്ങളെയും നിരോധിക്കാന്‍ ആവശ്യപ്പെടുന്ന വെള്ളാപ്പള്ളിയും കൃസ്ത്യന്‍ പള്ളിയും പൗരന്റെ ഭരണഘടനാദത്തമായ ജനാധിപത്യസ്വാതന്ത്ര്യങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ശ്രീനാരായണഗുരുവിനെപ്പോലും വര്‍ഗ്ഗീയതയുടെ കവചമാക്കാന്‍ കഴിയുംവിധം പുരോഗമിച്ച കേരളത്തെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്.
പുരോഗമനകേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും മുന്നണിയും അതിന്റെ ബുദ്ധിജീവികളും ഈ ഫാസിസ്റ്റ് പ്രവണതയെ ചോദ്യംചെയ്യാന്‍ മുന്നോട്ടുവന്നില്ലെന്നതാണ് അതിലേറെ ഭയാനകം. ഭീഷണിയിലൂടെ മാദ്ധ്യമങ്ങളെ ഒരു സ്വയം സെന്‍സര്‍ഷിപ്പിലേക്ക് നയിക്കാനുള്ള വെള്ളാപ്പള്ളിയുടെയും കൃസ്ത്യന്‍പള്ളിയുടെയും ജനാധിപത്യവിരുദ്ധരീതി തന്നെയാണ് കേരളത്തിലും ഇസ്‌ലാമിക-ഹൈന്ദവ വര്‍ഗ്ഗീയസംഘടനകളും കുറേക്കാലമായി പരീക്ഷിക്കുന്നത്. അതിനോട് മൃദുസമീപനം സ്വീകരിക്കുന്ന കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളെത്തന്നെയാണ് ഇപ്പോള്‍ ജാതി-മത സംഘടനകള്‍ വിധേയത്വം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത്.
കുനിയാന്‍ പറയുമ്പോഴേക്കും മുട്ടിന്മേലിഴയാന്‍ തുടങ്ങുകയാണ് ജനജിഹ്വകളെന്നഭിമാനിക്കുന്ന മാദ്ധ്യമങ്ങളും. രാജ്യദ്രോഹക്കുറ്റമാരോപിച്ച് നദീര്‍ എന്ന യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി പത്ത് പന്ത്രണ്ട് മണിക്കൂറോളം ചോദ്യംചെയ്ത് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചതിനുശേഷവും അയാളുടെ വീട് റെയ്ഡ് നടത്തിയ കേരള പൊലീസിന്റെ അധികാര ദുര്‍വ്വിനിയോഗം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓര്‍മ്മിക്കുന്നതെന്ന് കേരളസമൂഹം ഒറ്റക്കെട്ടായി പറഞ്ഞിട്ടും മാദ്ധ്യമങ്ങള്‍ക്ക് അത് ബോദ്ധ്യപ്പെട്ടില്ല.
പിറ്റേന്നിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത ഒരു മതസംഘടനയുടെ വാര്‍ഷിക സമ്മേളനെത്തക്കുറിച്ചായിരുന്നു. ആ മതത്തില്‍പ്പെട്ട ഒരു യുവാവിനെ പൊലീസ് പീഡിപ്പിച്ച വാര്‍ത്ത ഉള്‍പ്പേജിലൊതുക്കാനാണ് പത്രാധിപര്‍ തീരുമാനിച്ചത്. മതപ്രീണനംവഴിയുള്ള പ്രാചാരവര്‍ദ്ധന ലാക്കാക്കുന്ന പത്രങ്ങളുടെ ഇത്തരം നിലപാടുകളാണ് കേരളത്തെ അതിവേഗം ഒരു മതാധിപത്യ-ജനാധിപത്യവിരുദ്ധ സമൂഹമാക്കിക്കൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പുലര്‍ത്തിയ നാമമാത്രമായ മാദ്ധ്യമധര്‍മ്മംപോലും കൈയ്യൊഴിയുകയാണോ നമ്മുടെ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍?
ജാതി-മത-വര്‍ഗ്ഗീയഭ്രാന്തില്ലാത്ത സമാധാനപ്രിയരായ ജനാധിപത്യവാദികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരിടമായി കേരളം മാറുകയാണെന്ന് അറിഞ്ഞിട്ടും കണ്ണടച്ചിരുട്ടാക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തേക്കാള്‍ ഭയപ്പെടേണ്ടത്, രാഷ്ട്രീയസ്വാധീനത്തിലൂടെ ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്ന മതതീവ്രവാദ സംഘടനകളെയാണ്. എന്നാല്‍, എല്ലാ വിഭാഗം ജാതി-മത-വര്‍ഗ്ഗീയതകളെയും പ്രീണിപ്പിക്കുകയാണ് മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണകൂടവും.
ഒരു നീണ്ട രാത്രിയെ നിശ്ശബ്ദം വരവേല്‍ക്കുകയാണ് എല്ലാവരും…..ഒരുപക്ഷെ, മദ്ധ്യവര്‍ഗ്ഗ മലയാളി സ്വപ്‌നംകാണുന്ന വികസിത ഭാവികേരളം അതല്ലെന്ന് ആരുകണ്ടു! ആടറിയുമോ അങ്ങാടിവാണിഭം!