ന്യൂദല്‍ഹി: ഉള്ളിവില കുതിച്ചുയരുമ്പോള്‍ താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്ന പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
ഒറ്റ ദിവസംകൊണ്ട് 10 രൂപയാണ് ഉള്ളിയ്ക്ക് കൂടിയത്. താങ്ങാന്‍ പറ്റാത്ത നിലയില്‍ ഉള്ളിവില കുതിച്ചുയരുമ്പോള്‍ ഇത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.
ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.
ഉള്ളി കൂടുതല്‍ കഴിച്ചാല്‍ പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറഞ്ഞു.
ഉള്ളി കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ധനമന്ത്രി വിശദീകരിച്ചു.
നിലവില്‍ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളി സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി പറഞ്ഞു.
ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞിട്ടുണ്ട്.