ആഫ്രിക്കന്‍ തീരത്ത് നിന്ന് തട്ടിയെടുത്ത കപ്പലില്‍ മലയാളികളും
India
ആഫ്രിക്കന്‍ തീരത്ത് നിന്ന് തട്ടിയെടുത്ത കപ്പലില്‍ മലയാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2013, 1:15 pm

[]ന്യൂദല്‍ഹി: ആഫ്രിക്കന്‍ തീരത്ത് നിന്ന് തട്ടിയെടുത്ത ഇന്ത്യന്‍ കപ്പലായ എം.വി കോട്ടണില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചന. []

കപ്പല്‍ ജീവനക്കാരായ കാസര്‍കോട് കളനാട് സ്വദേശി വസന്തകുമാര്‍ (35), പാലക്കുന്ന് സ്വദേശി ബാബു തുടങ്ങിയവര്‍ കപ്പലില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ഷിപ് കമ്പനി റിക്രൂട്ട് ചെയ്ത ജീവനക്കാരാണ് ഇരുവരും.

പശ്ചിമ ആഫ്രിക്കയില്‍ വെച്ചാണ് ഇന്ത്യന്‍ ചരക്ക് കപ്പല്‍ കടക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. തട്ടിയെടുത്തവരെ കൊള്ളക്കാര്‍ ബന്ദികളാക്കിയതായാണ് അറിയുന്നത്.

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍ കപ്പലില്‍ ഉള്ളതായാണ് അറിയുന്നത്. ഞായറാഴ്ച മുതല്‍ കപ്പലുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടിരുന്നു.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു നിന്നാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്.കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കൊണ്ടുപോയതായി ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.

അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളക്കാര്‍ ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. കപ്പല്‍ കാണാതായ പ്രദേശം കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്നതിനാല്‍ തന്നെ കപ്പല്‍ തട്ടിയെടുത്തതായി വേണം സംശയിക്കാനെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഗാബണിലെ തുര്‍ക്കിഷ് സ്ഥാപനപതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.