പോര്‍ട്ട് നൊവൊ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തീരത്ത് മലയാളിയടക്കം 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതെയായി. നാലു ദിവസമായി കാണാനില്ലാത്ത കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്നാണ് കരുതുന്നത്. എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന കപ്പല്‍ 13,500 ടണ്‍ പെട്രോളുമായി പോകുകയായിരുന്നു. പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണിത്.
കാസര്‍കോട് സ്വദേശി ഉണ്ണിയുള്‍പ്പെടെയുള്ള 22 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 31-നാണ് കപ്പലില്‍നിന്നുള്ള സിഗ്നല്‍ അവസാനമായി ലഭിച്ചതെന്ന് മുംബൈ ആസ്ഥാനമായുള്ള ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് അറിയിച്ചതായി ഉണ്ണിയുടെ ബന്ധുക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അവസാന സിഗ്നല്‍ ലഭിക്കുമ്പോള്‍ ബെനിനിലെ കോട്ടാനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കാണാതാകുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ജനുവരിയില്‍ കാണാതായ കപ്പല്‍ ആറുദിവസങ്ങള്‍ക്ക് ശേഷം കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ നാവികര്‍ തന്നെയായിരുന്ന ഈ കപ്പലിലും ഉണ്ടായിരുന്നത്.