| Wednesday, 1st April 2020, 5:46 pm

സമാനതകളില്ലാതെ ഇടിഞ്ഞ് ക്രൂഡ് ഓയില്‍ വിപണി; ആവശ്യക്കാരില്ല, സംഭരണശാലകളിലെ അവസ്ഥ മറ്റൊന്ന്; വരാനിരിക്കുന്നത് വലിയ പ്രതിസന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ലോക ക്രൂഡ് ഓയില്‍ വിപണി നേരിട്ടുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ആവശ്യക്കാരില്ലാതായതോടെ വരും വര്‍ഷങ്ങളില്‍ പോലും പരിഹരിക്കാനാവാത്ത നഷ്ടത്തിലേക്കാണ് വിപണി എത്തിനില്‍ക്കുന്നത്.

ഏപ്രിലില്‍ പ്രതിദിന ഉപഭോഗത്തില്‍ 15 മില്യണ്‍ മുതല്‍ 22 മില്യണ്‍ ബാരല്‍ വരെ കുറയുമെന്നാണ് എനര്‍ജി വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. റിഫൈനറികളുടെ പ്രവര്‍ത്തനം കുറയുന്നതിനും ഡ്രില്ലറുകള്‍ ഉത്പാദനം നിര്‍ത്തുന്നതിനും സ്റ്റോറേജ് ടാങ്കുകളില്‍ എണ്ണ കെട്ടിക്കിടക്കുന്നതിനും ഇത് കാരണമായിക്കഴിഞ്ഞു. 2020 പകുതിയോടെ ലോകത്തെ എണ്ണ സംഭരണ കേന്ദ്രങ്ങളെല്ലാം നിറയുന്ന അവസ്ഥയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍, ഉല്‍പാദനം നിര്‍ത്തിവെക്കേണ്ടിവരും.

ഇത് വിപണിയെ മൊത്തത്തില്‍ മാറ്റിമറിക്കുന്ന പ്രതിഭാസമാകും എന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ്‌ ഗ്രൂപ്പിലെ വിദഗ്ധരായ ജെഫ്രി കറെയും ഡാമിയന്‍ കൊര്‍വാലിനും പറയുന്നത്. വലിയ രീതിയിലുള്ള ആവശ്യകത ഉണ്ടാകാതെ ഇത്രയും എണ്ണ വിതരണം ചെയ്യുക എന്നത് അസാധ്യമാണെന്നും അവര്‍ വ്യക്തമാക്കി.

ആഗോള വിമാന ഇന്ധന ആവശ്യകതയെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ ഏറ്റവും മോശം മാസമായിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് പത്ത് ഡോളര്‍ എന്ന നിലയിലേക്ക് ഇടിയുമെന്നും വിപണി നിരീക്ഷണ ഏജന്‍സിയായ എനര്‍ജി ആസ്‌പെക്ട്‌സ് ലിമിറ്റഡ് പറഞ്ഞു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിയുന്നത് ഒപെക് രാഷ്ട്രങ്ങളിലുണ്ടാക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. അമേരിക്ക, ഇന്ത്യ തുടങ്ങി ക്രൂഡ് ഓയിലില്‍ വലിയ ഉപഭോഗം നടത്തിയിരുന്ന രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വിപണി ഇത്തരത്തില്‍ ഇടിഞ്ഞതെന്നും നിരീക്ഷണമുണ്ട്. എന്നിരുന്നാലും വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more